നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകുന്നതിന് ഡല്‍ഹി ഹൈക്കോടതി അനുമതി ലന്‍കി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ പ്രേമകുമാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രേമകുമാരിയുടെ യാത്രയ്ക്കുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കി. മകളുടെ ജീവന്‍ രക്ഷിക്കാനായി ശ്രമിക്കുന്ന അമ്മ അതിനായി യെമനിലേക്ക് പോകുന്നതിന് ശ്രമിക്കുമ്പോള്‍ എന്തിനാണ് വിദേശ മന്ത്രാലയം അനുമതി നിഷേധിക്കുന്നതെന്നും കോടതി ചോദിച്ചു.യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ നിലവിലുള്ളത്.

യമനില്‍ പ്രേമകുമാരിയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേല്‍ ജെറോമിന്റെയും മറ്റു രണ്ട് മലയാളികളുടെയും വിവരങ്ങള്‍ പ്രേമകുമാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാനുള്ള അമ്മയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. യെമനിലെ സാഹചര്യങ്ങള്‍ ഗുരുതരമാണെന്നും ഇന്ത്യയും യെമനും തമ്മിലുള്ള നയതന്ത്രബന്ധം സുഖകരമല്ലാത്തതിനാല്‍ സുരക്ഷ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

വധശിക്ഷയ്ക്ക് എതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് യെമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കാനായി യെമനിലേക്ക് പോകാന്‍ പ്രേമകുമാരി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. പ്രേമകുമാരിക്ക് യെമനിലേക്ക് പോകാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നേരത്തെ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

യെമന്‍ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) നഷ്ടപരിഹാരത്തുക നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ അറിയിച്ചിരുന്നു.2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

 

 

നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി

 

Share

Leave a Reply

Your email address will not be published. Required fields are marked *