മലയോര മേഖലയുടെ വികസന നായകനും മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി.സിറിയക്ക് ജോണിന് ആദരാജ്ഞലികള്‍. ജനങ്ങളുടെ ക്ഷേമത്തിനായും, നാടിന്റെ വികസനത്തിനായും അക്ഷീണം പ്രയത്‌നിച്ച നേതാവായിരുന്നു പി.സിറിയക് ജോണ്‍.
കുടിയേറ്റ മേഖലയില്‍ നിന്നും വളര്‍ന്നു വന്ന നേതാവായ അദ്ദേഹത്തിന് അവരെക്കുറിച്ച് വലിയ കാഴ്ചപ്പാടുകളുണ്ടായിരുന്നു. കുടിയേറ്റ ജനതയുടെ അവകാശങ്ങള്‍ക്കും നാടിന്റെ വികസനത്തിനും വേണ്ടി അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. മൂന്ന് തവണ തിരുവമ്പാടി നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. താമരശ്ശേരി റൂറല്‍ ജില്ലാ ട്രഷറി, താമരശ്ശേരി കോടതി, എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകള്‍, കോരങ്ങാട് എല്‍.പി.സ്‌കൂള്‍, പഴയ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തു. അടിസ്ഥാന സൗകര്യ വികസനമില്ലാതിരുന്ന മലയോര മേഖലയില്‍ റോഡടക്കമുള്ളവ കൊണ്ട്‌വരാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.
ധിക്കാരിയായ കോണ്‍ഗ്രസ്സുകാരനായിരുന്നു അദ്ദേഹം. കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം മന്ത്രിപദം രാജിവെച്ചു. കോണ്‍ഗ്രസ്സ് എസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചും രാജിവെച്ചു. ഫീസ് ഏകീകരണ വിഷയത്തില്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കെതിരെ, ക്രൈസ്തവ സഭാ മാനേജ്‌മെന്റുകള്‍ക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് എടുത്തു. ഏറെ കോളിളക്കമുണ്ടാക്കിയെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചു നിന്നു.
സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ രാഷ്ട്രീയക്കാര്‍ ഓടുന്ന ഇക്കാലത്ത് അതില്‍ നിന്നെല്ലാം ഭിന്നമായ നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. തന്റെ ജീവിതാവസാനം വരെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്നു. സാധാരണക്കാരന്റെ കുടിയേറ്റക്കാരുടെ ശബ്ദമായിരുന്ന ഒരു മാതൃകാ നേതാവിന്റെ വേര്‍പാടാണ് നമുക്കുണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.