കുട്ടിയെ തട്ടിക്കൊണ്ട്‌പോയ കേസ് കാറിന്റെ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ സഹായംതേടി പോലീസ്

കുട്ടിയെ തട്ടിക്കൊണ്ട്‌പോയ കേസ് കാറിന്റെ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ സഹായംതേടി പോലീസ്

കൊല്ലം: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുദിവസമായിട്ടും പ്രതികളെക്കുറിച്ച് വേണ്ടത്ര വിവരം ലഭിക്കാത്തതിനാല്‍ കാറിന്റെ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ സഹായംതേടി പോലീസ്. ആ നമ്പര്‍ വ്യാജമായി നിര്‍മ്മിച്ച് ഉപയോഗിച്ചതാണെന്നും സംഭവത്തിന് ശേഷം പ്രതികള്‍ ഇത് വാഹനത്തില്‍ ഒഴിവാക്കിയിരിക്കാമെന്നും പോലീസ് പറയുന്നു. യഥാര്‍ഥത്തില്‍ ഈ നമ്പര്‍ മലപ്പുറം സ്വദേശിയുടെ വാഹനത്തിന്റേതാണ്.
KL-04 AF 3239 എന്ന നമ്പര്‍ നിര്‍മിച്ച സ്ഥാപനങ്ങള്‍ പോലീസിനെ ബന്ധപ്പെടണമെന്നാണ് അഭ്യര്‍ഥന. പോലീസിനെ ബന്ധപ്പെടാനായി 9497980211 എന്ന ഫോണ്‍നമ്പറും കൊല്ലം റൂറല്‍ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ടാണ് ഓയൂര്‍ പൂയപ്പള്ളിയില്‍നിന്ന് ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കണ്ടെത്താനായി പോലീസിന്റെ വ്യാപക പരിശോധന നടക്കുന്നതിനിടെ കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരുസ്ത്രീയാണ് കുഞ്ഞുമായി മൈതാനത്ത് എത്തിയതെന്നും കുട്ടിയെ അവിടെ ഇരുത്തിയശേഷം ഇവര്‍ നടന്നുപോയെന്നുമാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ മൊഴിനല്‍കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *