ഉത്തരാഖണ്ഡില്‍ സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം യുദ്ധസമാനമായി തുടരുന്നു.തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷ. രക്ഷാ ദൗത്യം ഇന്ന് 13-ാം ദിവസത്തിലേക്ക് കടക്കുകയാണ്. 46.8 മീറ്റര്‍ ആഴമുള്ള തുരങ്കത്തില്‍ നിന്ന് ഇന്നുതന്നെ തൊഴിലാളികളെ രക്ഷിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏത് കോണില്‍ നിന്നുമാണ് തുരങ്കം തകര്‍ന്നതെന്ന് അറിയില്ല. കുടുങ്ങിക്കിടക്കുന്നവരുടെയും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരുടെയും സുരക്ഷ പ്രധാനമാണെന്നും സമയപരിധിക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് തെറ്റാണെന്നും ദേശീയ ദുരന്തനിവാരണ സേനാംഗമായ വിരമിച്ച ലെഫ്.ജനറല്‍ സയ്യിദ് അത ഹസ്നിന്‍ വ്യക്തമാക്കി.
നിലവില്‍ ഒന്‍പത് കുഴലുകള്‍ തുരങ്കത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികളെ ഈ കുഴലുകളിലൂടെ പുറത്തെത്തിക്കാനാണ് നീക്കം. ഈ നീക്കം പരാജയപ്പെട്ടാല്‍ ഉപയോഗിക്കാനായി മറ്റ് വഴികളും സമാന്തരമായി നോക്കുന്നുണ്ട്. 15 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്.