കണ്ണടച്ച് തുറക്കും മുന്‍പേ സിനിമ ഡൗണ്‍ലോഡ് ചെയ്യാം
സെക്കന്റുകള്‍ക്കുള്ളില്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്താലോ?.. ദൈര്‍ഘ്യമുള്ള ഒരു സിനിമ സെക്കന്റില്‍ 150 തവണ കൈമാറാന്‍ സാധിക്കും എന്നുപറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൈന ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് ലോഞ്ച് ചെയ്തിരിക്കുന്നു. സൌത്ത ചൈന മോണിങ് പോസ്റ്റ് എന്ന മാധ്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ആരംഭിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സേവനത്തിന് സെക്കന്‍ഡില്‍ 1.2 ടെറാബൈറ്റ് ഡാറ്റ കൈമാറാന്‍ കഴിയും. ഈ വേഗത നിലവിലെ ശരാശരി ഇന്റര്‍നെറ്റ് വേഗതയേക്കാള്‍ പത്തിരട്ടി കൂടുതലാണ്. ഇത് സാധാരണയായി സെക്കന്‍ഡില്‍ 100 ജിബി എന്ന കണക്കിലാണ് പ്രവര്‍ത്തിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അടുത്തിടെ നവീകരിച്ച അഞ്ചാം തലമുറ ഇന്റര്‍നെറ്റ് 2 നെറ്റ്വര്‍ക്കിലൂടെ പോലും സെക്കന്‍ഡില്‍ 400 ജിഗാബൈറ്റ്‌സ് എന്ന പരമാവധി വേഗത മാത്രമാണ് ലഭിക്കുന്നത്.
പുതുതായി ലോഞ്ച് ചെയ്ത ഇന്റര്‍നെറ്റിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ 3,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടെ ഒരു വലിയ ശൃംഖലയിലൂടെ ബീജിംഗ്, വുഹാന്‍, ഗ്വാങ്ഷു എന്നീ നഗരങ്ങളിലാണ് വേഗതയേറിയ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത്. സിംഗുവ യൂണിവേഴ്‌സിറ്റി, ചൈന മൊബൈല്‍, ഹുവാവേ ടെക്‌നോളജീസ്, സെര്‍നെറ്റ് കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് വേഗതയേറിയ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചത്. ജൂലൈയില്‍ ആക്ടീവ് ആയതിന് ശേഷം ഈ നെറ്റ്വര്‍ക്ക് കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
1.2 ടെറാബിറ്റ് ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ക്കായി അതിവേഗ പാത ഉണ്ടാവുകയാണ് ചെയ്യുന്നത്. എല്ലാവര്‍ക്കും സാധ്യതകളുടെ ഒരു പുതിയ ലോകവും ഇത് തുറക്കുന്നു. ആഗോള ഡിജിറ്റല്‍ ലാന്‍ഡ്സ്‌കേപ്പില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ പുതിയ നെറ്റ്വര്‍ക്കിന് സാധിക്കും. മുഴുവന്‍ സിനിമകളും ഡൗണ്‍ലോഡ് ചെയ്യാന്‍ വെറും സെക്കന്റുകള്‍ മാത്രം എടുക്കുന്ന, ലാഗ് ഫ്രീ വീഡിയോ കോണ്‍ഫറന്‍സിംഗ് മീറ്റിംഗുകള്‍ നടക്കുന്ന, വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍ ഭൗതിക തടസ്സങ്ങളെ മറികടക്കുന്ന ഒരു ലോകത്തിലേക്കുള്ള സഞ്ചാരം കൂടിയാണ് ഇത്.