ഗസ്സ സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയിലെ യു.എന്‍ ഓഫിസും തകര്‍ന്നു. ഗസ്സ സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഡെവലപ്മെന്റ് പ്രോഗ്രാം കാര്യാലയത്തിനാണ് ഇസ്രായേല്‍ ബോംബിട്ടത്. ഫലസ്തീന്‍ ജനതയുടെ സാമ്പത്തിക-സാമൂഹിക നിലവാരം ഉയര്‍ത്താനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിയാണിത്.സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍.ഡി.പി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
നവംബര്‍ ആറിനുശേഷം നിരവധി സിവിലിയന്മാര്‍ യു.എന്‍.ഡി.പി കോംപൗണ്ടില്‍ അഭയം തേടിയിരുന്നു. ഇതിനുശേഷവും നിരവധി പേര്‍ ഇവിടെ അഭയാര്‍ത്ഥികളായി കഴിഞ്ഞിട്ടുണ്ട്. ഇവരാണ് ഇന്നലത്തെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സിവിലിയന്മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും യു.എന്‍ കേന്ദ്രങ്ങളെയുമൊന്നും ആക്രമിക്കരുതെന്ന അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നും യു.എന്‍.ഡി.പി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ റിലീസ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീനിയന്‍ റെഫ്യൂജീസിന്റെ(യു.എന്‍.ആര്‍.ഡബ്ല്യു.എ) നൂറിലേറെ ജീവനക്കാരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ അതിലും ഇരട്ടിയാണ്.