ഫലസ്തീന്‍ ജനതയുടെ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  അറിയിച്ച്  കാന്തപുരം എ. പി.അബൂബക്കര്‍ മുസ്ലിയാര്‍

ഫലസ്തീന്‍ ജനതയുടെ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് കാന്തപുരം എ. പി.അബൂബക്കര്‍ മുസ്ലിയാര്‍

ഫലസ്തീന്‍ മുഫ്തിയുമായി ഫോണില്‍ സംസാരിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

കോഴിക്കോട്:ഫലസ്തീന്‍ ജനതയുടെ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ. പി.അബൂബക്കര്‍ മുസ്ലിയാര്‍. ഫലസ്തീന്‍ ജനതയോടൊപ്പം എന്നും നിന്നിട്ടുള്ള ഇന്ത്യ, പശ്ചിമേഷ്യ നിലവില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കണമെന്നും ശാശ്വത പരിഹാരത്തിനായി ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫലസ്തീന്‍ മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രാന്‍ഡ് മുഫ്തി കത്തയച്ച് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചത്.

ആഗോള വിഷയങ്ങളില്‍ ഇന്ത്യ മുന്‍കാലങ്ങളില്‍ സ്വീകരിച്ച ചേരിചേരാ നയവും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വാധീനവും സ്വീകാര്യതയും ഉപയോഗപ്പെടുത്തി നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനു ഇന്ത്യ മുന്നിട്ടിറങ്ങണം. ലോകത്തെ പ്രധാന ശക്തികളിലൊന്നായി വളരുന്ന ഇന്ത്യക്ക് നിലവിലെ പശ്ചിമേഷ്യന്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ ഗവണ്മെന്റിന്റെ നടപടികള്‍ക്കായി ഗ്രാന്‍ഡ് മുഫ്തി ഇടപെടലുകള്‍ നടത്തണമെന്നും ശൈഖ് ഹുസൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ശൈഖ് മുഹമ്മദ് ഹുസൈനുമായി ഗ്രാന്‍ഡ് മുഫ്തി ഫോണ്‍ സംഭാഷണം നടത്തിയത്. ഫലസ്തീന്‍ തങ്ങളുടെ നാടാണെന്നും ഈ നാടിനെ തങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പറഞ്ഞ ശൈഖ് മുഹമ്മദ് ഹുസൈന്‍ ഇന്ത്യന്‍ ജനതയുടെ പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു. അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രാര്‍ത്ഥനാ സദസ്സുകളും ഐക്യദാര്‍ഢ്യ റാലികളും ഗ്രാന്‍ഡ് മുഫ്തി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി

മധ്യേഷ്യയില്‍ ഇപ്പോള്‍ രൂപപ്പെട്ട പ്രതിസന്ധി ആ പ്രദേശത്തുകാരെ മാത്രമോ നമ്മുടെ കാലത്തെ മാത്രമോ ബാധിക്കുന്ന ഒന്നല്ല. ഇന്ത്യ അധ്യക്ഷത വഹിച്ച ജി 20 ഉച്ചകോടിയുടെ പ്രമേയം തന്നെ ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ്. സമാധാന പൂര്‍ണമായ പൊതുഭാവി രൂപപ്പെടുത്താന്‍ ഫലസ്തീന്‍- ഇസ്രയേല്‍ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ട് -ഗ്രാന്‍ഡ് മുഫ്തി ആവശ്യപ്പെട്ടു.

ഫലസ്തീന്‍- ഇസ്രായേല്‍ വിഷയത്തില്‍ ചരിത്രപരമായി ഇന്ത്യ സ്വീകരിച്ചുപോന്ന നിലപാടില്‍ നന്ദിയറിച്ച ഫലസ്തീന്‍ മുഫ്തിയുടെ സന്ദേശവും പ്രധാനമന്ത്രിക്ക് കൈമാറി. ലോകത്തെ പ്രധാന ശക്തികളിലൊന്നായി വളരുന്ന ഇന്ത്യക്ക് നിലവിലെ പശ്ചിമേഷ്യന്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതില്‍ നയതന്ത്ര പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബു അല്‍ഹൈജ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *