കോഴിക്കോട്: രാജ്യത്ത് നിലനിൽക്കുന്ന ഭയത്തിന്റെ അന്തരീക്ഷത്തിൽ മാധ്യങ്ങൾക്ക് പ്രവർത്തിക്കേണ്ടി വരുമ്പോൾ കേട് ജനാധിപത്യത്തിനാണെന്ന് ഡോ.സെബാസ്റ്റ്യൻ പോൾ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകനും കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബ് ഭാരവാഹിയുമായിരുന്ന എൻ.രാജേഷിന്റെ മൂന്നാം ചരമ വാർഷികത്തിൽ എൻ.രാജേഷ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച എൻ.രാജേഷ് ഓർമ്മ ദിനത്തിൽ കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബിൽ നടന്ന പരിപാടിയിൽ മാധ്യമം, രാഷ്ട്രം, ജനാധിപത്യം പുതിയ വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ പോരായ്മകൾ തിരുത്തുന്നതിന് പകരം ചരിത്രത്തെ മാറ്റിയെഴുതാനാണ് മോദി ശ്രമിക്കുന്നത്. 2500 വർഷം മുൻപ് ഏതൻസിലാണ് ജനാധിപത്യം പിറവിയെടുക്കുന്നത്. പാർലമെന്റുകളുടെ ചരിത്രത്തിൽ ബ്രിട്ടീഷ് പാർലമെന്റ് പാർലമെന്റുകളുടെ മാതാവെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷ് പാർലമെന്റിന് 700 വർഷത്തെ പഴക്കമുണ്ട്. 1605ലാണ് അച്ചടിച്ച പത്രം വരുന്നത്. അതിന് മുൻപ് ജനാധിപത്യമുണ്ടായിരുന്നു. 1977ൽ ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ സുപ്രധാനമായ വിധിയെഴുത്താണ് വന്നത്. അതിന് മുൻപ് 20 മാസത്തോളം രാജ്യത്ത് പത്രങ്ങളെ സെൻസർഷിപ്പിന് വിധേയമാക്കി. മറ്റു മാധ്യമങ്ങൾ ഇന്ദിരാഗാന്ധിക്ക് സ്തുതിപാടി. എന്നിട്ടും ഉത്തരേന്ത്യയിലെ നിരക്ഷരരായ പാവങ്ങൾ ഇന്ദിരാഗാന്ധിക്കെതിരെ വിധിയെഴുതി.
കേരളത്തിൽ മാധ്യമങ്ങളുടെ പ്രേരണ ആധാരമാക്കിയാണോ ജനങ്ങൾ വിധിയെഴുന്നതെന്നദ്ദേഹം ചോദിച്ചു. മാധ്യമ പ്രവർത്തനങ്ങളുടെ നിർവ്വചനത്തിലും മാറ്റം വരുന്നുണ്ട്. ഒരു കാലത്ത് പത്രമുടമയുടെ സ്വാതന്ത്ര്യമായിരുന്നു പത്രങ്ങളിലെങ്കിൽ പിന്നീട് പത്രാധിപരുടെ സ്വാതന്ത്ര്യമായും, പിന്നീട് പത്രാധിപരും എഡിറ്റോറിയൽ ജീവനക്കാരുടെയും, ഇപ്പോൾ ജനങ്ങളുടെ സ്വാതന്ത്ര്യമാണ് മാധ്യമ സ്വാതന്ത്ര്യമെന്നും അറിയുന്നതിനുള്ള ജനങ്ങളുടെ മൗലികാവകാശമാണ് പത്രധർമ്മം എന്നും മാറിയിട്ടുണ്ട്. ജനങ്ങൾക്ക് യഥാർത്ഥ വാർത്ത എത്തിക്കുന്നതിനുള്ള അവകാശമാണ് മാധ്യമ സ്വാതന്ത്ര്യം. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽലോകത്തെ 180 രാജ്യങ്ങളുടെ പട്ടികയിൽ 161-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം അപഹരിക്കുന്നതിൽ പ്രതിസ്ഥാനത്ത് ബിജെപി മാത്രമല്ല കോൺഗ്രസ്സുമുണ്ട്. നെഹ്‌റു, ക്രോസ് റോഡ്, ഓർഗനൈസർ എന്നീ പത്രങ്ങളെ നിരോധിച്ചപ്പോൾ സുപ്രീംകോടതി ഇടപെടുകയുണ്ടായി.ഭരണഘടനയിൽ ഫ്രീഡം ഓഫ് പ്രസ്സ് എന്ന് നെഹ്‌റുവോ, അംബേദ്കറോ രേഖപ്പെടുത്തുകയുണ്ടായില്ല. പത്രമാരണ നിയമം നടപ്പിലാക്കിയത്
നെഹ്‌റുവായിരുന്നു. ഇന്ദിരയുടെ കാലത്തും ഇതുണ്ടായി. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെ തടയുക എന്നത് ഭരണ കൂടങ്ങളുടെ ലക്ഷ്യമാണ്. സോക്രട്ടീസിന്റെ സംസാരത്തെ തടയാൻ അദ്ദേഹത്തെ പിടികൂടി വിഷം കുടിപ്പിച്ച് കൊന്നതും ചരിത്രമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല രക്തസാക്ഷികളുള്ളത്. സ്വതന്ത്ര ചിന്തയിലും ഉണ്ട്. ഇന്ത്യൻ പീനൽ കോഡിൽ വാക്കുകൾ ശിക്ഷാർഹമാക്കുന്ന നിരവധി നിയമങ്ങളുണ്ട്. അപകീർത്തികേസുകൾ അമേരിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിൽ ക്രിമിനൽ കുറ്റമല്ല. ഇന്ത്യയിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവും, 6 വർഷം അയോഗ്യതയുമാണ് വിധിച്ചത് . ഇന്ത്യയിൽ വാർത്താശേഖരണത്തിന്റെ ഭാഗമായി പത്ര പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുകയാണ്. സിദ്ദീക്ക് കാപ്പൻ കേസിൽ ഒരു കോടതി ചോദിച്ചത് എന്തിനാണ് അങ്ങോട്ടേക്ക് പോയതെന്നാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് ജൂഡീഷ്യറി വലിയ സംഭാവന നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. ന്യൂസ് ക്ലിക്കിനെതിരെയുള്ള ആരോപണം ശരിയോ തെറ്റോ എന്നറിയില്ല. എന്നാലും ആളുകളെ രാജ്യദ്രോഹികളായി ചാപ്പ കുത്തുന്ന അവസ്ഥ വളർന്ന് വരികയാണ്. ഭയപ്പെടുത്തുക എന്നതാണ് പ്രശ്‌നം. ഇത് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കും. ജനാധിപത്യത്തിന് മാധ്യമങ്ങളുടെ സജീവമായ പിന്തുണയില്ലാതെ നിലനിൽക്കാനാവില്ല. ജനങ്ങൾ സത്യമറിയാതിരിക്കാനാണ് മാധ്യമ പ്രവർത്തനത്തെ ഭരണകൂടം തടയുന്നത്. ഇന്ത്യയിൽ ജനാധിപത്യപരമായി ചിന്തിക്കുന്നവർ കൂടുതലാണെങ്കിലും പ്രവർത്തിക്കുന്നവർ കുറവാണ്. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമ്പോൾ നൊബേൽ സമ്മാനം അടക്കം ഇന്ത്യയിലേക്ക് വരുമെന്നദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടും, ട്രസ്റ്റ് ചെയർമാനുമായ എം.ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റംഗം അഡ്വ.എം.മനോഹരൻ, സജിത്ത്, ടി.നിഷാദ്, കെ.സി. റിയാസ് സംസാരിച്ചു. കമാൽ വരദൂർ സ്വാഗതം പറഞ്ഞു.