ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് പാകിസ്താനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പാകിസ്താനിലെ സിയാല്‍കോട്ടിലെ ഒരു പള്ളിയില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യം നടത്തിയതിന് പിന്നാലെ അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
41-കാരനായ ഷാഹിദ് ലത്തീഫ് നിരോധിത സംഘടനായ ജെയ്ഷെ മുഹമ്മദ് അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താന്‍കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. 2010 മുതല്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഒരാളുമായിരുന്നു ഷാഹിദ് ലത്തീഫ്. 1994 നവംബറില്‍ ഇന്ത്യയില്‍ വെച്ച് യുഎപിഎ പ്രകാരം ലത്തീഫ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജയിലിലായി. ശേഷം 2010ല്‍ വാഗ വഴി പാകിസ്താനിലക്ക് നാടുകടത്തപ്പെട്ടു. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഹൈജാക്ക് ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.
2016 ജനുവരി രണ്ടിന് പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഷാഹിദ് ലത്തീഫിന്റെ ആസൂത്രണത്തില്‍ നാല് ഭീകരരാണ് പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയതെന്നായിരുന്നു കണ്ടെത്തല്‍.