രസതന്ത്ര നൊബേൽ മൗംഗി ബാവേണ്ടി, ല്യൂയി ബ്രസ്, അലക്‌സി എകിമോവ്  എന്നീ ശാസ്ത്രജ്ഞർക്ക്

രസതന്ത്ര നൊബേൽ മൗംഗി ബാവേണ്ടി, ല്യൂയി ബ്രസ്, അലക്‌സി എകിമോവ് എന്നീ ശാസ്ത്രജ്ഞർക്ക്

സ്റ്റോക്കോം: നാനോ ടെക്‌നോളജിയിൽ വിപ്ലവത്തിനു വഴിവച്ച ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനു കാരണക്കാരായ മൗംഗി ബാവേണ്ടി (62), ല്യൂയി ബ്രസ് (80), അലക്‌സി എകിമോവ് (62) എന്നീ ശാസ്ത്രജ്ഞർക്ക് ഈ വർഷത്തെ രസതന്ത്ര നൊബേൽ.

വലിയ പ്രാധാന്യമുള്ള നാനോകണങ്ങളായ ക്വാണ്ടം ഡോട്ടുകൾ 1980 ൽ കണ്ടെത്തി. തീരെ വലുപ്പംകുറഞ്ഞ സെമികണ്ടക്ടർ ക്രിസ്റ്റലുകളാണ് ഇവ. ക്വാണ്ടം ഡോട്ടുകളുടെ സവിശേഷതകൾ വലുപ്പത്തിന്റെ വ്യതിയാനം അനുസരിച്ച് നിയന്ത്രിക്കാം. വലുപ്പത്തിനനുസരിച്ച് വിവിധ നിറങ്ങളിലുള്ള പ്രകാശം ഇവ പുറത്തുവിടും. വിപണിയിൽ ലഭ്യമായ ക്യുഎൽഇഡി ടിവികളിൽ ഇവ ഉപയോഗിക്കുന്നുണ്ട്. സാധാരണ എൽഇഡി ടിവികളെക്കാൾ മെച്ചപ്പെട്ട നിറങ്ങൾ ഡിസ്‌പ്ലേയിൽ നൽകാൻ ക്വാണ്ടം ഡോട്ടുകൾ ക്യുഎൽഇഡി ടിവികളെ സഹായിക്കുന്നു.

എൽഇഡി ലൈറ്റുകൾ, ടിവി സ്‌ക്രീനുകൾ തുടങ്ങിയവയിലും ചികിത്സാരംഗത്ത് മുഴകൾ കണ്ടെത്താനും ഇവ ഉപയോഗിക്കുന്നു. ഭാവിയിൽ വളരെ നേർത്ത സൗരോർജ പാനലുകൾ, ക്വാണ്ടം ആശയവിനിമയ സാങ്കേതികവിദ്യ എന്നിവയിൽ ഇവ ഉപയോഗപ്രദമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അമ്ലത, താപനില തുടങ്ങിയവയ്ക്കനുസരിച്ച് സവിശേഷതകൾ മാറ്റാനുള്ള കഴിവ് ക്വാണ്ടം ഡോട്ടുകൾക്കുണ്ട്. അതിനാൽ ഇവ മികച്ച സെൻസറുകളാണ്. ക്വാണ്ടം കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ക്യുബിറ്റുകൾ നിർമിക്കാനും ഇവ ഉപയോഗിക്കാം.

1.1 കോടി സ്വീഡിഷ് ക്രോണയാണ് (8.3 കോടി രൂപ) അവാർഡ് തുക. യുഎസിലെ മസാച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രഫസറാണ് മൗംഗി ബാവേണ്ടി. അലക്‌സി എകിമോവ് നാനോക്രിസ്റ്റൽസ് ടെക്‌നോളജി എന്ന കമ്പനിയിലെ ഗവേഷകനാണ്. ല്യൂയി ബ്രസ് കൊളംബിയ സർവകലാശാലയിലെ പ്രഫസറാണ്. ബ്രസിന്റെ കീഴിലാണ് ബാവേണ്ടി പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *