സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ചികിത്സയുടെ പേരിലുണ്ടാകുന്ന സാമ്പത്തിക ബാധ്യതയിൽനിന്ന് ആശ്വാസം നൽകുന്ന പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അഥവാ കാസ്പ്. സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബങ്ങളിലെ ഏകദേശം 64 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ആശുപത്രി ചികിത്സക്കായി പ്രതിവർഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ നൽകുന്നത്. കേന്ദ്ര- സംസ്ഥാന ആരോഗ്യ സുരക്ഷാ പദ്ധതികൾ സംയോജിപ്പിച്ച് നടപ്പിലാകുന്ന ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമാണ് സ്വകാര്യ ആശുപത്രികൾ. ഇപ്പോൾ പദ്ധതിയിൽനിന്ന് പിന്മാറാൻ ഒരുങ്ങുകയാണ് ഇവർ.
കാസ്പിൽ സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്യുമ്പോൾ അവരുമായി ഏർപ്പെട്ട ധാരണ പ്രകാരം പണം കൈമാറേണ്ട സമയം പരമാവധി 15 ദിവസമാണ്. അതായത് കാസ്പ് പ്രകാരം ചികിത്സാ ആനുകൂല്യം നേടുന്നവർ ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യപ്പെട്ട് അടുത്ത 15 ദിവസത്തിനുള്ളിൽ അയാളുമായി ബന്ധപ്പെട്ട ചികിത്സാ ചെലവ് ആശുപത്രിക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. പക്ഷെ മാസങ്ങളായി ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമായതിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾക്ക് കോടികളാണ് സർക്കാർ നൽകാനുള്ളത്. 14 കോടി വരെ ലഭിക്കാനുണ്ട് എന്ന് സ്വകാര്യ ആശുപത്രികൾ പറയുന്നു. ആകെ 300 കോടിയോളം രൂപ ഇത്തരത്തിൽ പല സ്വകാര്യ ആശുപത്രികൾക്കായി സർക്കാർ നൽകാനുണ്ട്.
പണം ലഭിക്കാത്തതിനാൽ കടുത്ത നടപടിയിലേക്ക് നീങ്ങാനാണ് ആശുപത്രികളുടെ തീരുമാനം. ഒക്ടോബർ ഒന്നു മുതൽ കാരുണ്യ പദ്ധതിയുടെ ഭാഗമായി ചികിത്സ ഉണ്ടാകില്ല എന്ന് മിക്ക സ്വകാര്യ ആശുപത്രികളും മുന്നറിയിപ്പ് ബോർഡുകൾ വെച്ചുതുടങ്ങി. പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് സർക്കാരിനെ അറിയിച്ചതോടെ 104 കോടി ആശ്വാസമെന്ന നിലയിൽ നൽകാമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ, ഇതെങ്ങനെയൊക്കെ വീതിച്ച് നൽകുമെന്ന കാര്യത്തിലും സ്വകാര്യ ആശുപത്രികൾക്ക് ആശങ്കയുണ്ട്. തീരുമാനത്തിൽനിന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പിന്മാറാത്ത സാഹചര്യത്തിലാണ് സർക്കാർ അടിയന്തരമായി 104 കോടി അനുവദിച്ചത്.
മിക്ക ആശുപത്രികൾക്കും ഒരു വർഷം മുതൽ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് കൊണ്ട് ഈ മാസം 26 മുതൽ കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോർഡ് വെച്ചുകഴിഞ്ഞു. കേന്ദ്രവിഹിതം കൃത്യമായി കിട്ടാത്തത് മുതൽ, സഹായം കിട്ടുന്നവരുടെ എണ്ണം കൂടിയത് വരെയുള്ള കാരണങ്ങളാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഈ വിശദീകരണത്തിൽ സ്വകാര്യ ആശുപത്രികൾ തൃപ്തരല്ല. കുടിശ്ശിക മുഴുവൻ തീർക്കാതെ തീരുമാനത്തിൽ പുനരാലോചന ഇല്ലെന്നതാണ് അവരുടെ തീരുമാനം. പലതവണ ഇക്കാര്യമുന്നയിച്ച് സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് പദ്ധതിയിൽനിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നത്.
സ്വകാര്യ ആശുപത്രികൾക്ക് പുറമെ പദ്ധതിയിലുൾപ്പെട്ട സർക്കാർ മെഡിക്കൽ കോളേജുകൾക്കും കൊടുക്കാൻ സർക്കാരിന്റെ പക്കൽ പണമില്ല. സ്വകാര്യ ആശുപത്രികൾക്ക് കിട്ടാനുള്ളതിന്റെ ഇരട്ടിയിലധികമാണ് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് കിട്ടാനുള്ളത്. അപകടത്തിൽ പരിക്കേൽക്കുന്നവർക്കുള്ള ഇംപ്ലാന്റുകളും ഹൃദ്രോഗ ചികിത്സക്കുള്ള ആൻജിയോപ്ലാസ്റ്റിക്ക് വേണ്ട സ്റ്റെന്റുകളും സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നൽകുന്നത് ഏജൻസികളാണ്. വൻതുകയാണ് ഇത്തരം ഏജൻസികൾക്ക് നൽകാനുള്ളത്. അതിനാൽ മുൻകൂർ പണം നൽകാതെ ഉപകരണങ്ങളും മരുന്നുകളും മറ്റും നൽകാൻ ഏജൻസികൾ തയ്യാറാകുന്നുമില്ല. അതുകൊണ്ട് തന്നെ കാരുണ്യ പദ്ധതി നേരിടുന്ന പ്രതിസന്ധി കൂടുതൽ ഗുരുതരമാകാനാണ് സാധ്യത.
കോട്ടയം മെഡിക്കൽ കോളേജിന് 107 കോടി, കോഴിക്കോട് മെഡിക്കൽ കോളേജിന് 100 കോടി, തിരുവനന്തപുരം മെഡിക്കൽ കോളേജിന് 95 കോടി എന്നിങ്ങനെയാണ് കുടിശ്ശികയുള്ളത്. നേരത്തെ 887 കോടി രൂപ മുഴുവൻ കുടിശ്ശിക ആയിരുന്നപ്പോൾ രണ്ട് തവണയായി 338 കോടി മാത്രം അനുവദിച്ച് ആരോഗ്യവകുപ്പ് തലയൂരിയിരുന്നു. ഇതിന് പുറകെയാണ് 104 കോടി കൂടി അനുവദിക്കുന്നത്. പക്ഷെ കുടിശ്ശികയുടെ കാര്യം നോക്കുമ്പോൾ ഈ തുക ഒന്നിനും തികയില്ലെന്നതാണ് യാഥാർഥ്യം.
‘300 കോടിയോളമാണ് സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കാനുള്ള കുടിശ്ശിക. അതെപ്പോൾ തന്ന് തീർക്കുമെന്ന കാര്യത്തിൽ ഒരു മറുപടിയും തന്നിട്ടില്ല. ഒക്ടോബർ ഒന്ന് മുതൽ പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് പറഞ്ഞപ്പോൾ 104 കോടി റിലീസ് ചെയ്യുമെന്ന് പറഞ്ഞു. അക്കാര്യത്തിലും വ്യക്തമായ അറിയിപ്പൊന്നും വന്നിട്ടില്ല. ഒരു പദ്ധതി പ്രഖ്യാപിച്ചാൽ അതിനായി പണം നീക്കിവെക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ഇവിടെ അത് പാലിച്ചില്ല. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ പ്രസിഡണ്
് ഹുസൈൻ കോയ തങ്ങൾ പറഞ്ഞു.