മാലിന്യ നിർമ്മാർജ്ജനം വൻകിട പദ്ധതികൾ ശ്രദ്ധേയമായ ചുവടുവെയ്പ്

സംസ്ഥാനം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ് മാലിന്യ നിർമ്മാർജ്ജനം. നഗരവൽകരിക്കപ്പെടുന്നതാണ് നമ്മുടെ സംസ്ഥാനത്തിന്റെ പൊതു അവസ്ഥ. വൻകിട നഗരങ്ങൾ മുതൽ ചെറുകിട ടൗണുകൾ വരെ നിറഞ്ഞു നിൽക്കുന്നു. പട്ടണങ്ങൾ കേന്ദ്രീകരിച്ചാണ് വലിയൊരു വിഭാഗങ്ങൾ തൊഴിലും, ബിസിനസ്സുമായി താമസിച്ച് പോരുന്നത്. സ്വാഭാവികമായും ഇവിടങ്ങളിൽ മാലിന്യങ്ങൾ ഉണ്ടാവും. ഇത്തരം മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ നൂതന മാർഗ്ഗങ്ങൾ ഇന്ന് പല സ്ഥലങ്ങളിലും നടപ്പിലാക്കപ്പെടുകയും, ഭംഗിയായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ മേജർ സിറ്റികളിലൊക്കെ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകൾ നന്നായി പ്രവർത്തിക്കുകയും മാലിന്യത്തിൽ നിന്ന് നിത്യ ജീവിതവുമായി ബന്ധപ്പെട്ട് പുനരുപയോഗിക്കാനുതകുന്ന പ്രൊഡക്ടുകൾ ഉൽപാദിപ്പിക്കുന്നുമുണ്ട്. നമ്മുടെ നാട്ടിൽ ഇത്തരം പ്ലാന്റുകളുമായി ഭരണകൂടങ്ങൾ മുന്നോട്ട് വരുമ്പോൾ അനാവശ്യ വിവാദങ്ങളുണ്ടാക്കി തടയുന്നതും സമീപകാല ചരിത്രമാണ്. മറ്റ് നാടുകളിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് നേരെ മലയാളികൾ വളരെ ചെറിയ ന്യൂനപക്ഷം പുറംതിരിഞ്ഞു നിൽക്കുന്നതാണോ? രാഷ്ട്രീയപരമായിട്ടടക്കമുള്ള എതിർപ്പുകൾ ലാക്കാക്കി പദ്ധതി തടയലാണോ നടക്കുന്നതെന്ന് പലപ്പോഴും അവ്യക്തമാണ്. എന്തായാലും നാം ഒരു കാര്യം മനസ്സിലാക്കി മുന്നോട്ട് പോയിട്ടില്ലെങ്കിൽ നമ്മുടെ ടൂറിസമടക്കമുള്ള വരുമാന സ്രോതസ്സുകൾക്ക് മാലിന്യ പ്രശ്നം കീറാമുട്ടിയാവും. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ അത് ശിക്ഷാർഹമാണ്. പലർക്കും ശിക്ഷ ലഭിക്കുന്നതായി വാർത്തകൾ വരാറുണ്ട്. എന്നാലും സ്വന്തം കാര്യത്തിൽ മാത്രം ചിന്തിക്കുന്ന ഒരു ചെറു ന്യൂനപക്ഷം ഇപ്പോഴും മാലിന്യം പൊതുയിടങ്ങളിലും, വഴിയിറമ്പുകളിലും ആരും കാണാതെ നിക്ഷേപിക്കുന്നത് കാണാറുണ്ട്. മാലിന്യ നിർമ്മാർജ്ജന രംഗത്ത് റസിഡൻസ് അസോസിയേഷനുകളും, കുടുംബശ്രീ പ്രവർത്തകരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തൊഴിലാളികളും വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണ്. യാത്രക്കിടയിൽ പലപ്പോഴും ആളുകൾ സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നത് കാണാറുണ്ട്. ഇവരെല്ലാം മാറണമെങ്കിൽ നാം മനോഭാവത്തിൽ മാറ്റം വരുത്താൻ തയ്യാറാവണം. സമീപ കാലങ്ങളിൽ കാണപ്പെടുന്ന സാംക്രമിക രോഗങ്ങൾ, പകർച്ച വ്യാധികൾക്കൊക്കെ മാലിന്യം ഇടയാക്കുന്നുണ്ട്. സംസ്ഥാനത്ത് രൂക്ഷമായ തെരുവ് നായ ശല്ല്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മാലിന്യം വലിച്ചെറിയൽ തന്നെയാണ്.
ശുചിത്വ കേരളമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ മുൻകൈയ്യെടുത്ത് ജില്ലകളിൽ നടപ്പിലാക്കുന്ന വൻ പ്ലാന്റുകൾ ഇക്കാര്യത്തിൽ വലിയ വഴിതിരിവാകുമെന്നതിൽ സംശയമില്ല. ബിപിസിഎൽ, ഗെയിൽ എന്നിവയുമായി ചേർന്നാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രതിദിനം 100 ടൺ മാലിന്യം സംഭരിച്ച് സംസ്‌കരിച്ച് പ്രകൃതിവാതകമാക്കി മാറ്റുമ്പോൾ അതും ഗുണപരമാകും. സംസ്ഥാനത്ത് പ്രതിദിനം 8000 ടൺ മാലിന്യമുണ്ടാവുന്നുണ്ടെന്നാണ് കണക്ക്. പത്ത് പ്ലാന്റുകളിൽ പ്രതിദിനം ആയിരം ടൺ മാലിന്യം സംസ്‌കരിക്കപ്പെട്ടാലും സിംഹഭാഗവും ബാക്കിയാണ് എന്നതാണ് യാഥാർത്ഥ്യം. പ്ലാന്റുകളുടെ സംഭരണ ശേഷി ഭാവിയിൽ ഉയർത്താൻ സാധിക്കുമെന്ന അധികൃതരുടെ ഉറപ്പും പ്രതീക്ഷാ നിർഭരമാണ്. പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങാതെ യുദ്ധകാല വേഗതയിൽ നടപ്പിലാക്കലാണ് ഉടനടി വേണ്ടത്.
നമ്മുടെ നാടും നഗരവും ശുദ്ധിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആരോഗ്യ രംഗത്ത് ലോകത്തിന് മാതൃകയാണ് നമ്മുടെ സംസ്ഥാനം. ആരോഗ്യമുള്ള ജനതയുണ്ടാകണമെങ്കിൽ ആരോഗ്യപരമായ പരിസരം അനിവാര്യമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മാമലനാട് അടുത്ത തലമുറകൾക്കും പ്രയോജനപ്രദമാവേണ്ടതുണ്ട്. അതിനായി നാടിനെ സുഗന്ധപൂരിതമായി സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *