വനിതാ ബിൽ രാജ്യത്തിന്റെ അഭിമാനം

പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി അവതരിപ്പിച്ച വനിതാ ബിൽ രാജ്യ ചരിത്രത്തിലെ നാഴികകല്ലാണ്. 2010ൽ യുപിഎ സർക്കാർ കൊണ്ടുവന്നതായിരുന്നു വനിതാ ബിൽ. രാജ്യസഭ പാസാക്കിയ ബില്ലിൽ തുടർ നടപടികളുണ്ടായില്ല. എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന വനിതാ ബിൽ പാർലമെന്റ് പാസാക്കുമ്പോൾ മാറ്റിയെഴുതപ്പെടുന്നത് രാജ്യ ചരിത്രം തന്നെയായിരിക്കും. ലോക്‌സഭ പാസാക്കിയാലും, മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായി പ്രാബല്ല്യത്തിലാവാൻ നമ്മൾ 2029 വരെ കാത്തിരിക്കേണ്ടിവരും. ബിൽ നിയമമാകുന്നതോടെ പാർലമെന്റിലും, നിയമസഭകളിലും 33% വനിതാ പ്രാതിനിധ്യമുണ്ടാകും. സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞ് 75 വർഷം പിന്നിടുമ്പോഴാണ് ഇത്തരമൊരു നിയമം വരുമ്പോൾ ഇത് വൈകിപ്പോയ വിപ്ലവമാണെന്ന് പറയേണ്ടിവരും. ജനസംഖ്യയുടെ പകുതി വരുന്ന വനിതകൾക്ക് രാജ്യത്തിന്റെ നിയമ നിർമ്മാണ വേദികളിലിടപെടാൻ വന്ന കാലതാമസം ഒഴിവാക്കേണ്ടതായിരുന്നു. വനിതാബിൽ ഭരണഘടനാ ഭേദഗതിയായതിനാൽ അത് നടപ്പിലായി സെൻസസ് നടന്നതിന് ശേഷം സംവരണ മണ്ഡലങ്ങൾ തീരുമാനിക്കപ്പെടണം. അതിന് വേറെ നിയമ നിർമ്മാണങ്ങൾ വേണ്ടിവരും. രാജ്യസഭയും, ലോക്‌സഭയും പാസ്സാക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ പകുതിയോളം നിയമസഭകൾ പ്രമേയം പാസാക്കി അംഗീകരിക്കണം. തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ അത് വിജ്ഞാപനം ചെയ്യണം. ഭേദഗതിക്ക് എന്നു മുതൽ പ്രാബല്യമുണ്ടാവുമെന്ന് കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2010 മാർച്ച് 9ന് രാജ്യസഭ പാസാക്കിയ ഭരണഘടനാ ഭേദഗതിയിലെ മിക്കവാറും എല്ലാ വ്യവസ്ഥകളും അടങ്ങിയതാണ് ഇപ്പോഴത്തെ ബിൽ. 33% സംവരണം നടപ്പിലായാൽ സംസ്ഥാനത്ത് 140 നിയമസഭാ സീറ്റുകളിൽ 46 എണ്ണവും 20 പാർലമെന്റ് സീറ്റുകളിൽ ആറെണ്ണവും വനിതാ സംവരണമാകും.
നമ്മുടെ സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ 52 വനിതകളാണ് ജനപ്രതിനിധികളായത്. പുരുഷൻമാരേക്കാൾ സ്ത്രീ വോട്ടർമാരുള്ള സംസ്ഥാനമാണ് കേരളം. 1992ൽ കോൺഗ്രസ് സർക്കാരാണ് പഞ്ചായത്തുകളിലും, മുൻസിപ്പൽ കൗൺസിലുകളിലും വനിതാ പ്രാതിനിധ്യം 33%മാക്കാൻ ഭരണഘടനാ ഭേദഗതി ചെയ്തത്.
വനിതാ ബിൽ വലിയ മാറ്റത്തിന്റെ തുടക്കമാണെന്ന് യാഥാർത്ഥ്യമാണ്. രാജ്യത്തിന്റെ പുരോഗതിയുടെ സമസ്ത മേഖലകളിലും ഇന്ന് സ്ത്രീ സാന്നിധ്യം ശക്തമാണ്. അത് നിയമനിർമ്മാണ സഭകളിൽ കൂടി പ്രതിഫലിക്കുമ്പോൾ വലിയ നേട്ടമായി മാറും.

Share

Leave a Reply

Your email address will not be published. Required fields are marked *