കുട്ടികളുടെ യാത്രാനിരക്ക് ഉയർത്തിയതിലൂടെ  റെയിൽവേ നേടിയത് കോടികൾ

കുട്ടികളുടെ യാത്രാനിരക്ക് ഉയർത്തിയതിലൂടെ റെയിൽവേ നേടിയത് കോടികൾ

ന്യൂഡൽഹി: കുട്ടികളുടെ യാത്രാനിരക്ക് പരിഷ്‌കരിച്ചതിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ച അധിക വരുമാനം 2,800 കോടിയിലേറെ രൂപ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (CRIS) നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കുട്ടികളുടെ യാത്രാ നിരക്ക് പരിഷ്‌കരിച്ചതുവഴി റെയിൽവേയ്ക്ക് ഏറ്റവുമധികം ലാഭമുണ്ടായ 2022-23 സാമ്പത്തിക വർഷം 560 കോടി രൂപയാണ്  റെയിൽവേയ്ക്ക് ലഭിച്ചത്. ഏറ്റവും കുറവ് വരുമാനം 2020-21 കാലത്താണ്. കോവിഡ് വ്യാപനംമൂലം 157 കോടി രൂപ മാത്രമായിരുന്നു അന്ന്  ലഭിച്ചത്.
അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് പ്രത്യേകം സീറ്റോ ബെർത്തോ വേണമെങ്കിൽ പൂർണ ടിക്കറ്റ് നിരക്ക് ഈടാക്കുമെന്ന് 2016 മാർച്ച് 31-നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രഖ്യാപിക്കുകയും ഏപ്രിൽ 21 മുതൽ പരിഷ്‌കരണം പ്രാബല്യത്തിലാക്കുകയും ചെയ്തു. ഇതിനുമുമ്പ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് പ്രത്യേകം സീറ്റ് വേണമെങ്കിൽ ടിക്കറ്റ് നിരക്കിന്റെ പകുതിയായിരുന്നു ഈടാക്കിയിരുന്നത്. അതേസമയം, പുതിയ പരിഷ്‌കരണത്തിന് ശേഷവും പകുതി നിരക്കിൽ കുട്ടികൾക്ക് യാത്രാ ചെയ്യാൻ സാധിക്കും. എന്നാൽ, പ്രത്യേകം സീറ്റ് അനുവദിക്കില്ല. ഒപ്പം യാത്രചെയ്യുന്ന ആളുടെ സീറ്റിൽതന്നെ കുട്ടിയും ഇരിക്കണം.
ഇത്തരത്തിൽ പ്രത്യേകം സീറ്റ് ബുക്ക് ചെയ്യാതെ പകുതി യാത്രാ നിരക്ക് നൽകി കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3.6 കോടിയിലേറെ കുട്ടികൾ യാത്ര ചെയ്തു. മുഴുവൻ നിരക്ക് നൽകി 10 കോടിയിലേറെ കുട്ടികൾ സീറ്റ് ബുക്ക് ചെയ്ത് യാത്രചെയ്തുവെന്നും റെയിൽവേയുടെ കണക്കുകകളിൽ പറയുന്നു.
ചന്ദ്ര ശേഖർ ഗൗർ എന്നയാളാണ് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ റെയിൽവേയ്ക്ക് നൽകിയത്. ഏഴ് വർഷത്തിനിടെ ആകെ യാത്രചെയ്ത കുട്ടികളിൽ 70 ശതമാനവും പൂർണ ടിക്കറ്റ് നിരക്ക് നൽകിയാണ് സീറ്റ് ബുക്ക് ചെയ്തതെന്ന്് റെയിൽവേയുടെ കണക്കുകളിൽ പറയുന്നു.. ദീർഘദൂര യാത്രകളിൽ മുതിർന്നയാൾക്കും കുട്ടിക്കും ഒരേ സീറ്റിൽ ഇരിക്കുക എന്നത് വളരെ പ്രയാസകരമാണെന്നും ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചതുവഴി റെയിൽവേയ്ക്ക് വലിയ നേട്ടമാണുണ്ടായതെന്നും ചന്ദ്രശേഖർ പറഞ്ഞു.
Share

Leave a Reply

Your email address will not be published. Required fields are marked *