എറിസ്, ബ്രിട്ടനില്‍ ഒമിക്രോണിന് പിന്നാലെ പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നു

എറിസ്, ബ്രിട്ടനില്‍ ഒമിക്രോണിന് പിന്നാലെ പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നു

ലണ്ടന്‍: ഒമിക്രോണിന് ശേഷം കൊവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ട്. ഒമിക്രോണില്‍ നിന്ന് രൂപംകൊണ്ട ഇ. ജി 5.1 എന്ന വകഭേദം യു.കെയില്‍ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്.എറിസ് എന്ന് വിളിപ്പേരുള്ള വൈറസ് രാജ്യത്ത് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ ഏഴുപേര്‍ എറിസ് ബാധിതരാണെന്ന് യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. 14.6 ശതമാനം കേസുകളില്‍ എറിസ് വേരിയന്റിനെ കണ്ടെത്താനായിട്ടുണ്ട്.

യു.കെയില്‍ ഈ ആഴ്ച കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4,396 ശ്വസനഗ്രന്ഥി സാംപിളുകളില്‍ 5.4 ശതമാനവും കൊവിഡ്-19 വൈറസാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളെക്കാള്‍ 1.7 ശതമാനം അധികമാണ്. പ്രായമായവരെ ആശുപത്രികളില്‍ പ്രവേശിക്കുന്നതിന്റെ നിരക്കും ഉയര്‍ന്നു. പുതിയ കേസുകളുടെ സ്വഭാവം ആരോഗ്യവിഭാഗം നിരീക്ഷിച്ചുവരികയാണ്. ഏഷ്യയില്‍ വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളില്‍ വൈറസിനെ കണ്ടെത്തിയ ശേഷം ജൂലൈ 31നാണ് എറിസിനെ കൊവിഡ് വേരിയന്റായി യു.കെ പ്രഖ്യാപിക്കുന്നത്. ഈ ആഴ്ചത്തെ കൊവിഡ്-19 കേസുകളുടെ റിപ്പോര്‍ട്ടില്‍ വര്‍ധന കാണുന്നുണ്ടെന്ന് യുകെഎച്ച്എസ്എയുടെ പ്രതിരോധ കുത്തിവയ്പ്പ് മേധാവി ഡോ. മേരി റാംസെ പറഞ്ഞു.

വൈറസിനെ പ്രതിരോധിക്കാന്‍ ആളുകള്‍ ശുചിത്വവും മറ്റ് മുന്‍കരുതലുകളും സ്വീകരിക്കണമെന്നും യുകെഎച്ച്എസ്എ പറഞ്ഞു. വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരില്‍ നിന്ന് പരമാവധി അകലം പാലിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍വന്നു. ഇ ജി 5.1 വകഭേദത്തെ രണ്ടാഴ്ചയായി ലോകാരോഗ്യ സംഘടന നിരീക്ഷിച്ചുവരികയാണ്. ആളുകള്‍ വാക്സിന്‍ സ്വീകരിച്ചാല്‍ പ്രതിരോധ ശേഷി ലഭിക്കുമെങ്കിലും രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡബ്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *