തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിനെക്കുറിച്ച് പഠിക്കാന്‍ തമിഴ്‌നാട് ഗതാഗതവകുപ്പിലെ സംഘം കേരളത്തില്‍. എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് അപകട നിരക്കും റോഡ് അപകടമരണനിരക്കും ഗണ്യമായി കുറഞ്ഞതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് തമിഴ്‌നാട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയത്. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ തമിഴ്‌നാട് സംഘത്തെ സ്വീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ അപകടമരണങ്ങള്‍ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ജൂണില്‍ വാഹനാപകടങ്ങളില്‍ 344 പേര്‍ മരിച്ചപ്പോള്‍ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വാഹന അപകടങ്ങളില്‍പ്പെട്ട് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ക്യാമറകള്‍ സ്ഥാപിക്കും മുന്‍പ് നാലര ലക്ഷത്തോളം ആയിരുന്നു വാഹന നിയമലംഘനങ്ങള്‍. ഇപ്പോള്‍ ഇത് നാലിലൊന്നായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.