ടെല്‍ അവീവ്: സര്‍ക്കാര്‍ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് ഉണ്ടായിരുന്ന അധികാരം എടുത്തു കളയുന്ന ജുഡീഷ്യറി പരിഷ്‌ക്കരണത്തിനെതിരേ ഇസ്രായേലില്‍ വന്‍ പ്രതിഷേധം. ജുഡീഷ്യറിയുടെ അധികാരത്തിന് കൂച്ചുവിലങ്ങിടുന്ന പരിഷ്‌ക്കരണ നയങ്ങളില്‍ പ്രധാനഭാഗം പാസാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരേയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. ജറുസലേം, ടെല്‍ അവീവ് തുടങ്ങി പ്രധാന ഇസ്രായേലി നഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് ഉണ്ടായിരുന്ന അധികാരം എടുത്തു കളയുന്നതാണ് പുതിയ നിയമം. അന്തിമ വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് എതിരില്ലാത്ത 64 വോട്ടിന് ബില്‍ പാസായി. 30 മണിക്കൂറോളം നീണ്ട തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നത്. ബില്ലില്‍ ഭേദഗതി വരുത്തുന്നതിനായി പാര്‍ലമെന്റില്‍ അവസാന നിമിഷം നിരവധി ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഒടുവില്‍ പരാജയപ്പെടുകയായിരുന്നു.
തെരുവില്‍ ടയറുകള്‍ കത്തിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധിച്ചു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ജനക്കൂട്ടത്തിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. മധ്യ ഇസ്രായേലിലെ ഹൈവേയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ ട്രക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ഭീഷണിയാണ് പുതിയ നിയമ നിര്‍മ്മാണമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നിയമവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വോട്ടെടുടുപ്പ് നടന്നപ്പോഴും പാര്‍ലമെന്റിന് പുറത്ത് വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രതിഷേധക്കാരന് പരുക്കേല്‍ക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജുഡീഷ്യറിയുടെ അധികാരം ഇല്ലാതാക്കാനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച നിരവധി പദ്ധതികളില്‍ ആദ്യത്തേതാണ് ഈ ഭേദഗതി. രാഷ്ട്രീയ തീരുമാനങ്ങളില്‍ കോടതികള്‍ കൂടുതലായി ഇടപെടുന്നുവെന്നും അധികാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പ്രസ്തുത നിയമം ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വാദം.
പാര്‍ലമെന്റ് പാസാക്കിയ നിയമം ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ ‘തീവ്ര വലതുപക്ഷ’ അജണ്ടകള്‍ നടപ്പാക്കാന്‍ സഹായിക്കുന്നതാണെന്നാണ് പലസ്തീന്‍ അനുകൂലികളുടെ വാദം. നിയമം ‘സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് മേല്‍ സുപ്രീം കോടതിക്ക് ഇടപെടാനുള്ള അധികാരത്തെ ഇല്ലാതാക്കുന്നതാണെന്ന് ഇസ്രായേല്‍ പാര്‍ലമെന്റിലെ പലസ്തീന്‍ അംഗമായ അഹ്‌മദ് ടിബിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമം പാസാക്കിയാല്‍ സേവനം അവസാനിപ്പിക്കുമെന്ന് നിരവധി സൈനികരടക്കം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇസ്രയേലിന്റെ സൈനിക ശേഷിയെ ബാധിക്കാനിടയുള്ള ഇത്തരം പ്രതിഷേധങ്ങളെ മറികടന്നാണ് ബില്‍ നിയമമാക്കിയത്.