കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ കാലിക്കറ്റ് ബുക്ക് ക്ലബ്ബ് കോഴിക്കോട് അളകാപുരിയില്‍ സംഘടിപ്പിച്ച, ലിറ്റററി ഫോറം, എഴുത്തുകാര്‍ക്ക് അവരുടെ കൃതിയുടെ എഴുത്തനുഭവം പങ്കുവയ്ക്കുന്നതിനുള്ള വേദിയായി. ഷീല ടോമി ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവലിനെക്കുറിച്ചും അര്‍ഷാദ് ബത്തേരി ‘നമ്മുടെ കിടക്ക ആകെ പച്ച ‘എന്ന നോവലിനെക്കുറിച്ചുമുള്ള എഴുത്തനുഭവങ്ങളാണ് പങ്കുവച്ചത്.
അഭയാര്‍ത്ഥികളായി പാലസ്തീനില്‍ എത്തിപ്പെട്ടവരുടെ കഥയാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും തന്റെ ഗള്‍ഫ് ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന പലസ്തീനികളുടെ അനുഭവം പകര്‍ന്നുതന്ന പാഠമാണതെന്നും തന്റെ രചനാനുഭവം പങ്കുവച്ചുകൊണ്ട് ഷീലാ ടോമിയും പ്രണയം പ്രായത്തെ മറികടന്ന് ജീവിക്കാനുള്ള തൃഷ്ണ മനുഷ്യനില്‍ ഉണ്ടാക്കുമെന്നും അര്‍ഷാദ് ബത്തേരിയും പറഞ്ഞു.
സ്വപ്‌നവും, മോഹങ്ങളും, പ്രണയവും മാത്രമല്ല സ്വന്തം മണ്ണും ജീവിതവും അപരന്‍ അപഹരിക്കുന്നതിന്റെ നോവാണ് ഈ നോവലെന്നും, അതിര്‍ത്തിയും ചെക്പോസ്റ്റുകളും ഇല്ലാത്ത ലോകമാണ് ഇതിലെ കഥാപാത്രങ്ങളുടെ സ്വപ്‌നമെന്നും നോവല്‍ അവതരിപ്പിച്ചുകൊണ്ട് എഴുത്തുകാരന്‍ ഐസക് ഈപ്പന്‍ പറഞ്ഞു.
വിവാഹം കഴിച്ച് സ്വന്തം വീട്ടില്‍ നിന്ന് പുറത്തുകടക്കുന്നത് മുതല്‍ സ്ത്രീ അഭയാര്‍ഥിയാകേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു അപമാനമാണെന്ന സന്ദേശമാണ് നോവല്‍ നല്‍കുന്നത്. സമകാലിക നോവല്‍ സ്ത്രീ ജീവിതത്തിന്റെ നഷ്ടഇടങ്ങളെ അവര്‍ക്കു തിരിച്ചു നല്‍കാന്‍ ശ്രമിക്കുന്നു അദ്ദേഹം പറഞ്ഞു.
ചെറുകഥയുടെ ക്രാഫ്റ്റിലെന്നപോലെ സൂക്ഷ്മത പുലര്‍ത്തിക്കൊണ്ട് വേദനിക്കുന്ന വൃദ്ധരുടെ ഹൃദയ വികാരങ്ങളെ തുറന്നുകാട്ടുന്ന കൃതിയാണ്. നമ്മുടെ കിടക്ക ആകെ പച്ച, ‘എന്ന നോവലെന്ന് കൃതിയെ പരിചയപ്പെടുത്തിക്കൊണ്ട് ഡോ.എം.സി അബ്ദുല്‍ നാസര്‍ പറഞ്ഞു.
ഡോ. ഖദീജാ മുംതാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.എന്‍ എം സണ്ണി, കെ.ജി.രഘുനാഥ്, വിനീഷ് എ.കെ, ടി.പി. മമ്മു, ഹരീന്ദ്രനാഥ് എ.എ എന്നിവരും സംസാരിച്ചു.