വ്യക്തിനിയമ പരിഷ്‌ക്കരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണം; ഫോറം ഫോര്‍ മുസ്‌ലിം വുമണ്‍സ് ജെന്‍ഡര്‍ ജസ്റ്റിസ്

വ്യക്തിനിയമ പരിഷ്‌ക്കരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണം; ഫോറം ഫോര്‍ മുസ്‌ലിം വുമണ്‍സ് ജെന്‍ഡര്‍ ജസ്റ്റിസ്

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് അല്ല, എല്ലാ മതങ്ങളിലെയും ഇതര സെക്കുലര്‍ നിയമങ്ങളിലേയും ലിംഗ വിവേചനങ്ങള്‍ അവസാനിപ്പിച്ച് നീതിയും തുല്ല്യതയും ഉറപ്പ് വരുകയാണ് വേണ്ടതെന്ന് ഫോറം ഫോര്‍ മുസ്‌ലിം വുമണ്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലോ കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം നീണ്ട അഭിപ്രായ സമാഹരണത്തിനും വിശകലനത്തിനും ശേഷം 21ാം നിയമകമ്മീഷന്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് 185 പേജുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് 2018 ആഗസ്റ്റില്‍ സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഈ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാതെ ഏക സിവില്‍കോഡിനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിയല്ല. വിവാഹം, സംരക്ഷണ അവകാശം, ജീവനാംശം, പിന്തുടര്‍ച്ചകാശം എന്നിവ സംബന്ധിച്ച് വ്യക്തിനിയമങ്ങളിലും പരിഷ്‌കാരം വേണമെന്നാണ് 21ാം നിയമകമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. സ്ത്രീകളുടെയും ഇതര ലിംഗവിഭാഗങ്ങളുടെയും സ്വത്വവും അന്തസ്സും ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനാ മൂല്യങ്ങളായ നീതി, തുല്യത എന്നിവയില്‍ അധിഷ്ഠിതമായി എല്ലാ മതങ്ങളിലെയും വ്യക്തിനിയമങ്ങളുടെ പരിഷ്‌ക്കരണമാണ് വേണ്ടത്. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിച്ച് രാജ്യത്ത് മതങ്ങള്‍ തമ്മില്‍ കലഹങ്ങളുണ്ടാക്കി. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അപലപിക്കുന്നതായി അവര്‍ പറഞ്ഞു.
ഇസ്‌ലാമിക-ശരീഅത്ത് നിയമങ്ങളില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ ഉണ്ടായ വ്യത്യസ്ത പരിഷ്‌കരണങ്ങള്‍ കണക്കിലെടുക്കാതെ വ്യക്തിനിയമങ്ങള്‍ ദൈവികമെന്ന് വാദിച്ച് സമാന പരിഷ്‌കരണങ്ങളെ എതിര്‍ക്കുന്ന മതനേതൃത്വങ്ങളെ മാത്രം പങ്കാളികളാക്കി കൊണ്ടുള്ള ഏകീകൃത സിവില്‍കോഡ് സമരങ്ങള്‍ അനുചിതമാണ്.
മതയാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറിക്കടന്നാണ് സാമൂഹിക പരിഷ്‌കരണങ്ങള്‍ നടന്നിട്ടുള്ളത്.  ഗുരുവായൂര്‍ സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, അയിത്തവിരുദ്ധ സമരം, സതി നിരോധനം, ശൈശവ വിവാഹനിരോധനം, വസ്ത്രധാരണ സ്വാതന്ത്യം, ആഭരണ സ്വാതന്ത്യം എന്നിവയെല്ലാം യാഥാര്‍ത്ഥ്യമായത് ഇതിന്‌ നിയമപരമായ പിന്‍ബലം ലഭിച്ചപ്പോഴാണ്‌.

മതയാഥാസ്ഥിതികരുടെ എതിര്‍പ്പ് മറികടന്നാണ് ഹിന്ദുകോഡ് ബില്ലും ക്രിസ്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമങ്ങള്‍ നടപ്പിലായത്. 1937ലെ ഇന്ത്യന്‍ മുസ്‌ലിം വ്യക്തിനിയമം ക്രോഡീകരിക്കുകയും പരിഷ്‌കരിക്കുകയും വേണം. ഇന്ന് ഇന്ത്യയില്‍ പിന്തുടരുന്ന മുസ്‌ലിം വ്യക്തിനിയമം ദൈവികമോ ഖുര്‍ആനികമോ അല്ല. ഇതുകൊണ്ടുതന്നെ സ്ത്രീകളും കുട്ടികളുമാണ് ദുരിതംപേറുന്നത്.
സ്ത്രീക്ക് തുല്ല്യവകാശം വാഗ്ദാനം ചെയ്ത മതമാണ് ഇസ്‌ലാം. പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്റെ പ്രതലത്തില്‍തന്നെ പരിഹാരമുണ്ട്. എന്നാല്‍, മതനേതൃത്വം അത് മറച്ചുവയ്ക്കുകയാണ്. മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചപ്പോള്‍ സമുദായസംഘടനകളുടെ വനിത വിഭാഗം തയ്യാറായില്ല. അതിന് കാരണം പുരുഷ മേധാവിത്വമുള്ള സമുദായ സംഘടനാ നേതൃത്വത്തിന്റെ ഇടപെടലാണ്. എന്നാല്‍, ഞങ്ങളുന്നയിക്കുന്ന വിഷയങ്ങള്‍ അവരുടെ വേദികളില്‍ തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
രാജ്യത്തുണ്ടായ മാറ്റങ്ങളുടെ ഫലമായി ബഹുഭാര്യത്വവും വിവാഹമോചനവും കുറഞ്ഞിട്ടുണ്ട്. വിവാഹനിയമം, കുട്ടികളുടെ രക്ഷാകര്‍തൃത്വം ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശങ്ങള്‍ എന്നിവയിലെല്ലാം കൃത്യമായ നിര്‍ദേശങ്ങള്‍ തങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഖദീജ മുംതാസ്, നെജു ഇസ്മായില്‍, എം. സുല്‍ഫത്ത്, നഫീസ കോലോത്ത് തയ്യില്‍, നബീസ് സെയ്ദ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *