ഐ.എം.എഫ് 300 കോടി ഡോളര്‍ അനുവദിച്ചു; സാമ്പത്തിക പ്രതിസന്ധിയില്‍ പാകിസ്താന് ആശ്വാസം

ഐ.എം.എഫ് 300 കോടി ഡോളര്‍ അനുവദിച്ചു; സാമ്പത്തിക പ്രതിസന്ധിയില്‍ പാകിസ്താന് ആശ്വാസം

വാഷിങ്ടണ്‍ ഡി.സി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് ആശ്വാസമായി ഐ.എം.എഫിന്റെ സഹായം. 300 കോടി യു.എസ് ഡോളറാണ് പാകിസ്താന് അനുവദിക്കുക. കരാര്‍ പ്രകാരം ഒന്‍പത് മാസത്തേക്കാകും ഐ.എം.എഫ് സഹായം പാകിസ്താന് ലഭ്യമാകുക. പലിശനിരക്ക് ഉയര്‍ത്തല്‍, നികുതി വര്‍ധിപ്പിക്കല്‍ തുടങ്ങി കടുത്ത സാമ്പത്തിക നടപടികള്‍ അംഗീകരിച്ചശേഷമാണ് ഐ.എം.എഫ് പാക്കേജ് പാകിസ്താന് ലഭ്യമായത്.
രാജ്യത്തിന്റെ സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ ഉതകുന്നതാകും 300 കോടി ഡോളറെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്വീറ്റ് ചെയ്തു. സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ നാഴികക്കല്ലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ആദ്യം 300 കോടി ഡോളര്‍ സഹായവുമായി ബന്ധപ്പെട്ട് പാകിസ്താനും ഐ.എം.എഫും ഉദ്യോഗസ്ഥതല കരാറില്‍ ഒപ്പുവച്ചിരുന്നു. ബോര്‍ഡ് അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാപ്പരായ പാകിസ്താന് കടുത്ത ഉപാധികളോടെ സഹായം നല്‍കാമെന്ന തീരുമാനത്തില്‍ ഐ.എം.എഫ് എത്തിയത്.

യു.എ.ഇയും സൗദി അറേബ്യയുമാണ് ഐ.എം.എഫ് സഹായം ലഭ്യമാകുന്നതിനായി പാകിസ്താനെ പിന്തുണച്ചത്. യു.എ.ഇ 100 കോടി ഡോളറും സൗദി 200 കോടി ഡോളറും അനുവദിച്ചിരുന്നു. പാക്‌സിതാന്‍ സെന്‍ട്രല്‍ ബാങ്കിലാണ് ഇരുവരും നിക്ഷേപം നടത്തിയത്. സാമ്പത്തികനില മെച്ചപ്പെടുത്തിയാല്‍ മാത്രമെ ഐ.എം.എഫ് സഹായം ലഭ്യമാകൂ എന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുടേയും സഹായം പാകിസ്താന്‍ തേടിയിരുന്നത്. വിദേശനാണ്യ കരുതല്‍ ധനശേഖരം വര്‍ധിപ്പിക്കാനായി ഇരുരാജ്യങ്ങളില്‍നിന്നും ധനസഹായം ലഭ്യമായതായി പാക് ധനകാര്യമന്ത്രി ഇഷാഖ് ദര്‍ അറിയിച്ചതിന് പിന്നാലെയാണ് ഐ.എം.എഫ് ബോര്‍ഡ് യോഗം കരാര്‍ അംഗീകരിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *