മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍
ഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. മൂന്ന് ദിവസങ്ങളായുള്ള മഴക്കെടുതിയില്‍ ഉത്തരേന്ത്യയിലാകെ 37 പേര്‍ മരിച്ചു. നദികളായ ബ്യാസും സത്‌ലജുമെല്ലാം കരകവിഞ്ഞ് സമീപപ്രദേശങ്ങളിലെല്ലാം വെള്ളം പൊന്തി. പഞ്ചാബിലും ഹിമാചലിലും സൈന്യവും എന്‍.ഡി.ആര്‍.എഫും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തി. ഹരിയാനയിലും ഡല്‍ഹിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. രാജസ്ഥാനില്‍ 10 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പ്രളയക്കെടുതിയില്‍ ഹിമാചലില്‍ മാത്രം 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് മഴ വന്‍ നാശം വിതച്ചിരിക്കുന്നത്.
ഇടതടവില്ലാതെ പെയ്തിറങ്ങിയ പേമാരിയില്‍ ഹിമാചല്‍ പ്രദേശിലെ റോഡുകള്‍, വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍, സബ് സ്റ്റേഷനുകള്‍, നിരവധി ജലവിതരണ പദ്ധതികള്‍ എന്നിവയുള്‍പ്പെടെ തകരാറിലായി. 4,686 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതോടെ നൂറുകണക്കിന് ഗ്രാമങ്ങളാണ് ഇരുട്ടിലാക്കിയിരിക്കുന്നത്. മണാലി- ലേ ഹൈവേയ്ക്കും കഴിഞ്ഞദിവസം തകരാര്‍ സംഭവിച്ചിരുന്നു. ഇതോടെ ലാഹൗള്‍- സ്പീതി ജില്ലകളെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണ് ഇല്ലാതായത്. സ്പീതി, കുളു ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന മുന്നൂറോളം ടൂറിസ്റ്റുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കുടുങ്ങിയ മലയാളി ഹൗസ് സര്‍ജന്മാര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. നഗരങ്ങളിലും പട്ടണങ്ങളിലും നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിലാണ്. പഞ്ചാബില്‍ വ്യാഴാഴ്ച വരെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യമുന നദിയിലേക്ക് ഹരിയാന ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് ഒരു ലക്ഷം ക്യുസെക്‌സില്‍ വെള്ളം തുറന്നുവിട്ടതിന് പിന്നാലെയാണ് പ്രദേശത്ത് പ്രളയ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയത്. പ്രളയനിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 205.33 മീറ്ററായിരുന്നു തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് യമുന നദിയിലെ ജലനിരപ്പ്. ദുരന്തത്തിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ പരിശ്രമിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. ഹരിയാനയിലുണ്ടായ മഴക്കെടുതിയില്‍ നിരവധി റെയില്‍ പാതകള്‍, ദേശീയപാത, പാലങ്ങള്‍, പവര്‍ സ്റ്റേഷനുകള്‍ എന്നിവയ്ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിരുന്നു. മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മരിച്ചത്. അന്‍പതോളം ട്രെയിനുകളുടെ യാത്രയ്ക്കും പേമാരി തടസം സൃഷ്ടിച്ചിരുന്നു.
ഞായറാഴ്ച ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 153 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായാണ് കണക്ക്. 1982ന് ശേഷം ജൂലൈയിലെ ഒരു ദിവസത്തില്‍ ഏറ്റവും ഉയര്‍ന്ന മഴയാണിതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറന്‍ അസ്വസ്ഥത (ഡിസ്റ്റര്‍ബന്‍സ്)യും മണ്‍സൂണ്‍ കാറ്റിന്റെ പ്രതിപ്രവര്‍ത്തനവുമാണ് കനത്ത മഴയുടെ പ്രധാന കാരണം. ഈ പ്രതിഭാസം ഹിമാചല്‍ പ്രദേശിന് മുകളില്‍ സൃഷ്ടിച്ച വായുഗര്‍ത്തമാണ് ഹിമാചല്‍ പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്യിക്കുന്നതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിച്ചു. ഈ ഇടപെടല്‍ ശക്തമായത് ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, വടക്കന്‍ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് കാരണമായി. പടിഞ്ഞാറന്‍ അസ്വസ്ഥതയും മണ്‍സൂണ്‍ കാറ്റും തമ്മിലുള്ള ഈ പ്രതിപ്രവര്‍ത്തനം അടുത്ത 24-36 മണിക്കൂര്‍ വരെ നിലനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് കാരണമാകുമെന്ന് ഐഎംഡി പറയുന്നു.