ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ നാടിന് സമര്‍പ്പിച്ചു
കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അതിനൂതന മെഡിക്കല്‍ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട് തുടക്കമായി. ഡോക്ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന് നടന്ന ചടങ്ങില്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഫൈവ് ജി സാറ്റലൈറ്റ് സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഡെസ്പാച്ച് സംവിധാനം വടക്കന്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ വലിയ വിപ്ലവത്തിനാണ് വഴിയൊരുക്കുക. ആസ്റ്റര്‍ മിംസ് ആശുപത്രി നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചുകൊണ്ട് ഉത്തരകേരളത്തിലെ 50ഓളം ആശുപത്രികളില്‍ ഏത് അടിയന്തര സാഹചര്യത്തിലും ഏറ്റവും കുറഞ്ഞ സമയത്തില്‍ മികച്ച ചികിത്സ നല്‍കാന്‍ കഴിയും.
RRR എന്ന ചുരുക്കപ്പേരില്‍ അവതരിപ്പിക്കുന്ന ഈ അടിയന്തര വൈദ്യ സഹായ രീതി (*R-e-spon-se *R-e-scu-e *Resuscitation – The Comprehensive emergency chain of survival network) 75 103 55 666 എന്ന നമ്പറില്‍ വിളിച്ചാല്‍ ലഭ്യമാകും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലുള്ള വൈദ്യസഹായം ഏകോപിപ്പിക്കുന്ന ഡെസ്പാച്ച് സംവിധാനം ആരംഭിക്കുന്നത്.
അത്യാഹിത സാഹചര്യങ്ങളില്‍ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കുക (ഓണ്‍സൈറ്റ് കെയര്‍), തൊട്ടടുത്തുള്ള മെഡിക്കല്‍ സംവിധാനങ്ങളില്‍ നിന്നും ചികിത്സ ലഭ്യമാക്കുക (പ്രൈമറി കെയര്‍) അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാകുന്ന ഹോസ്പിറ്റലില്‍ സുരക്ഷിതമായി രോഗി എത്തുന്നത് വരെ വാഹനത്തില്‍ ചികിത്സ നല്‍കുക/ഏകീകരിക്കുക (ട്രാന്‍സ്പോര്‍ട്ട് കെയര്‍), ഹോസ്പിറ്റലില്‍ അടിയന്തരമായി ലഭിക്കേണ്ട ചികിത്സ (ഡെസ്റ്റിനേഷന്‍ കെയര്‍) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി വൈദ്യസഹായത്തിന്റെ വിവിധ തലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തന രീതിയാണിത്.
കോഴിക്കോടും സമീപ ജില്ലകളിലും ഏത് ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരും ഈ ശൃംഖലയുടെ ഭാഗമാകുന്നതോടെ എല്ലാ രോഗികള്‍ക്കും അടിയന്തര ജീവന്‍ രക്ഷാസഹായം നല്‍കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്ക് ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തുന്നത് വരെ രോഗി ആസ്റ്റര്‍ മിംസിലെ മെഡിക്കല്‍ ഡെസ്പാച്ച് സിസ്റ്റത്തിന്റെയും അതിന്റെ ചുമതലയുള്ള ഡോക്ടറുടെയും മേല്‍നോട്ടത്തില്‍ ആയിരിക്കും. ആംബുലന്‍സിനകത്തുള്ള എല്ലാ ബയോമെഡിക്കല്‍ ഉപകരണങ്ങളും വൈഫൈ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇവ ഉടന്‍ തന്നെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും രോഗി ആശുപത്രിയില്‍ എത്തുന്നത് വരെ വിദഗ്ധ ഡോക്ടര്‍മാര്‍ അവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ആംബുലന്‍സിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സ്മാര്‍ട്ട് കണ്ണടകള്‍ ഉപയോഗിച്ച് തത്സമയം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയുമാവാം.
അടിയന്തര സഹായത്തിനുള്ള വാഹനത്തിന് അഭ്യര്‍ത്ഥിച്ച ശേഷം പ്രഥമശുശ്രൂഷ ആവശ്യമുള്ള രോഗിയെ ശുശ്രൂഷിക്കുന്ന ആള്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമില്ലാത്ത ആള്‍ ആണെങ്കില്‍ പോലും ഈ നമ്പറില്‍ ബന്ധപ്പെടുന്നത് മുതല്‍ രോഗി സുരക്ഷിതനായി ഉയര്‍ന്ന സെന്ററില്‍ എത്തുന്നത് വരെയുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിന് ഈ സിസ്റ്റം സഹായിക്കും.