മഴക്കാലത്തെ ആരോഗ്യസംരക്ഷണം ആയുര്‍വേദത്തിലൂടെ

മഴക്കാലത്തെ ആരോഗ്യസംരക്ഷണം ആയുര്‍വേദത്തിലൂടെ

ആയുര്‍വേദ വൈദ്യശാസ്ത്രം ഒരു ചികിത്സാ സമ്പ്രദായം എന്നതിനോടൊപ്പം തന്നെ രോഗപ്രതിരോധത്തിലൂന്നിക്കൊണ്ടുള്ള ശീലങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യവും ഉറപ്പുവരുത്തുന്നുണ്ട്. സ്വസ്ഥന്റെ (ആരോഗ്യമുള്ളയാളുടെ) ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഋതുചര്യ, ദിനചര്യ സദ്‌വൃത്തം ഇവയെല്ലാം തന്നെ രോഗങ്ങളില്‍നിന്ന് എല്ലാവരേയും അകറ്റി നിര്‍ത്താനുള്ള ഉപായങ്ങളാണ്. ദിനചര്യ, ആരോഗ്യമുള്ളയാള്‍ ഓരോ ദിവസവും ആരോഗ്യസംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങളാണ്. വ്യായാമം, എണ്ണ തേച്ച്കുളി, നല്ല ഉറക്കശീലങ്ങള്‍, ആഹാരശീലങ്ങള്‍, കൂടാതെ പഞ്ചേന്ദ്രിയ സംരക്ഷണത്തിനുതകുന്ന നസ്യം, അഞ്ജനം, ഗണ്ഡൂഷം ഇവയെല്ലാംതന്നെ ചെറുപ്പം മുതലേ ശീലിക്കുന്നത് ജീവിത ശൈലീ രോഗങ്ങളെ അകറ്റുകയും പഞ്ചേന്ദ്രിയങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്യും. ഋതുചര്യയാവട്ടെ ഓരോ കാലാവസ്ഥയും അനുസരിച്ച് നാം അനുവര്‍ത്തിക്കേണ്ട ശീലങ്ങളേയും ആഹാരക്രമങ്ങളേയും വിശദമാക്കുന്നു.

നമ്മുടെ ശരീരത്തിന്റെ അടിസ്ഥാന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന ത്രിദോഷങ്ങളാണ് വാത-പിത്ത-കഫങ്ങള്‍. ഇവയുടെ സന്തുലിതാവാസ്ഥ ആരോഗ്യത്തിനും, വ്യതിയാനങ്ങള്‍ രോഗത്തിലേക്കും നയിക്കും. ഓരോ കാലാവസ്ഥയിലും പ്രകൃതിയിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ചയാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ത്രിദോഷങ്ങള്‍ക്കും മാറ്റം സംഭവിക്കും. ഇതിനെ മറികടക്കാനുതകുന്ന ആഹാരശീലങ്ങളും ചര്യകളും ഔഷധക്രമങ്ങളുമാണ് ഋതുചര്യയില്‍ പറയുന്നത്. കൊടുംവേനല്‍ കഴിഞ്ഞെത്തുന്ന മഴക്കാലത്ത് സ്വതവേ ദഹനശക്തിയും ശരീരബലവും കുറയുകയും ത്രിദോഷങ്ങളില്‍ വാതദോഷത്തിന്റെ കോപംകൊണ്ട് വേദനകള്‍ കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ജലാശയങ്ങള്‍ മലിനമാകപ്പെടുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പവും തണുപ്പും നിലനില്‍ക്കും. ജന്തുജന്യവും ജലജന്യവും വായുജന്യവുമായ പലതരം പകര്‍ച്ചവ്യാധികളും വിവിധതരം പനികളും പടര്‍ന്നുപിടിക്കുന്ന കാലമാണ് ഇപ്പോഴത്തെ മഴക്കാലം.

ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുള്ള ആഹാരക്രമങ്ങളും ഔഷധങ്ങളും ത്രിദോഷങ്ങളെ ക്രമീകരിക്കാനുള്ള പ്യൂരിഫിക്കേഷന്‍ തെറാപ്പികളായ പഞ്ചകര്‍മ്മങ്ങളും ചെയ്യുന്നതുകൊണ്ട് ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിക്കുകയും പല മഴക്കാല രോഗങ്ങളെ അകറ്റുകയും ചെയ്യും. ഓരോ വ്യക്തിയുടേയും രോഗപ്രതിരോധ ശക്തിയുടെ 70 മുതല്‍ 80 ശതമാനം വരെ ലഭിക്കുന്നത് അവരുടെ ഗട്ട് ഇമ്മ്യൂണിറ്റി അഥവാ ആരോഗ്യമുള്ള ദഹനവ്യവസ്ഥയില്‍ നിന്നാണെന്ന് ആധുനിക പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ആയുര്‍വേദ ചികിത്സയുടെ അടിസ്ഥാനവും ശരിയായ ദഹനശക്തി (മെറ്റബോളിക് ഫയര്‍) കാത്തുസൂക്ഷിക്കുക എന്നത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് മഴക്കാലത്ത് ഔഷധകഞ്ഞികള്‍, സൂപ്പുകള്‍, മുക്കുടികള്‍, ഷഡംഗം പോലുള്ള പാനീയങ്ങള്‍ ഇവ നിര്‍ദേശിച്ചിട്ടുള്ളത്. കഴിക്കുന്ന ഭക്ഷണം എളുപ്പം ദഹിക്കുന്നതും ചൂടുള്ളതും അപ്പപ്പോള്‍ പാചകം ചെയ്തതും ആയിരിക്കണം. മധുരം, പുളി, ഉപ്പ് ഈ രസങ്ങള്‍ക്ക് പ്രാധാന്യമുള്ള ഭക്ഷണം കഴിക്കണം. ആഹാരം പാകം ചെയ്യുമ്പോള്‍ കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ഇവ കൂടുതലായി ചേര്‍ക്കാം.

ചുക്ക്, മുത്തങ്ങ, മല്ലി ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. മഴ തുടങ്ങുമ്പോള്‍ തന്നെ നാമ്പിടുന്ന തളിരിലകളോടുകൂടിയ പത്തിലകളില്‍ ജീവകവും ധാതുലവണങ്ങളും നാരുകളും മറ്റ് പോഷകഘടകങ്ങളും ധാരാളമുണ്ട്. അവയും ഭക്ഷണക്രമങ്ങളില്‍ ഉള്‍പ്പെടുത്താം. അനുയോജ്യമായ ദഹനശക്തി വര്‍ധിപ്പിക്കുന്ന മരുന്നുകളിട്ട് പാകപ്പെടുത്തിയ കഞ്ഞികള്‍ ഏതെങ്കിലും ഒന്ന് പ്രധാന ആഹാരമായി കഴിക്കാം. കൂടാതെ ശരീരബലം വര്‍ധിപ്പിക്കുവാനും വേദനകളെ അകറ്റുവാനും രക്തയോട്ടം വര്‍ധിപ്പിക്കുവാനും യുവത്വവും ആരോഗ്യവും നിലനിര്‍ത്താനുതകുന്ന കേരളീയ പഞ്ചകര്‍മങ്ങളായ ഉഴിച്ചില്‍, പിഴിച്ചില്‍, ഞവരക്കിഴി, ഇലക്കിഴി, ധാരകള്‍ ഇവയെല്ലാം തന്നെ മഴക്കാലത്ത് എന്നല്ല എല്ലാ കാലാവസ്ഥയിലും വൈദ്യനിര്‍ദേശ പ്രകാരം ചെയ്യേണ്ടതാണ്. എല്ലാവരുടേയും ആരോഗ്യം അവരവരുടെ ഉത്തരവാദിത്വമാണ്. അത് കാത്തുസൂക്ഷിക്കാന്‍ ആയുര്‍വേദം എന്ന മഹത്തായ വൈദ്യശാസ്ത്രം എപ്പോഴും പിന്തുടരാം.

ഡോ. റീജ മനോജ് ബിഎഎംഎസ്,എഫ്എംസി (എ.വി.വി.വി.എസ്  സ്‌പെഷ്യാലിറ്റി ക്ലിനിക്‌സ്ആന്റ് വെല്‍നെസ് സെന്റര്‍, പുതിയറ, കോഴിക്കോട്)
Share

Leave a Reply

Your email address will not be published. Required fields are marked *