നായ്ക്കളിലെ വന്ധ്യംകരണം: എബിസി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും: മന്ത്രി ജെ ചിഞ്ചുറാണി

നായ്ക്കളിലെ വന്ധ്യംകരണം: എബിസി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും: മന്ത്രി ജെ ചിഞ്ചുറാണി

തെരുവുനായ നിയന്ത്രണത്തിന് വളര്‍ത്തു നായ്ക്കള്‍ക്കു ലൈസന്‍സും പെറ്റ് ഷോപ്പ്, നായപരിപാലന ചട്ടങ്ങള്‍ നിര്‍ബന്ധമാക്കും

സംസ്ഥാനത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തെരുവുനായ അക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ എബിസി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നിലവിലുള്ള കേന്ദ്ര എബിസി ചട്ടപ്രകാരം എബിസി സെന്ററില്‍ നിയമിക്കപ്പെടുന്ന ഒരു വെറ്ററിനറി സര്‍ജന്‍ 2000 നായ്ക്കളെയെങ്കിലും വന്ധ്യംകരണം ചെയ്തിരിക്കണം, സമ്പൂര്‍ണ എയര്‍ കണ്ടീഷന്‍ ചെയ്തിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അതുകൊണ്ട് അത്തരം ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചാലേ എബിസി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആകൂവെന്നും മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. അതോടൊപ്പം പെറ്റ് ഷോപ് ചട്ടങ്ങളും നായ പരിപാലന ചട്ടങ്ങളും കരശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന്റെ മൂന്നാമത് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നത്. 2022 സെപ്റ്റംബര്‍ മുതല്‍ തെരുവുനായ്ക്കളില്‍ ഇത് വരെ 33,363 തെരുവ് നായ്ക്കള്‍ക്കു പേവിഷ പ്രതിരോധ വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ 4 .7 ലക്ഷം വളര്‍ത്തുനായ്ക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. ഇത് കൂടാതെ 2022 ഏപ്രില്‍ മുതല്‍ 2023 മെയ് വരെയുള്ള കാലയളവില്‍ 18, 852 തെരുവ് നായ്ക്കളില്‍ എബിസി പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.

യോഗത്തില്‍ കൈകൊണ്ട മറ്റു തീരുമാനങ്ങള്‍

1. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എബിസി ചട്ടങ്ങള്‍- 2023 നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗികമായ നിരവധി തടസ്സങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുകയും അതില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുവാനും തീരുമാനിച്ചു.

2. എബിസി ചട്ടങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത മൃഗക്ഷേമ സംഘടനകളുടെ യോഗം ജൂലൈ 11ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചു.

3. എബിസി കേന്ദ്രങ്ങള്‍ ഇല്ലാത്ത ജില്ലകളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.

4. മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളുടെ വാക്‌സിനേഷന്‍ ഊര്‍ജിതമായി നടപ്പിലാക്കാന്‍ ആവശ്യമായ ക്രമീകരണം ചെയ്യാന്‍ മൃഗസംരക്ഷണ വകുപ്പിനോടും തദ്ദേശസ്വയം വകുപ്പിനോടും ആവശ്യപ്പെടുവാന്‍ തീരുമാനിച്ചു.

5. പുതുക്കിയ എബിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും എബിസി നിര്‍വഹണ നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും അക്രമകാരികളായ നായകളെ പിടികൂടി മാറ്റി പാര്‍പ്പിക്കുന്നതിന് ജില്ലാ തലത്തില്‍ അനിമല്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യപ്പെടുവാനും തീരുമാനിച്ചു.

6. എല്ലാ ജില്ലകളിലെയും SPCA പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.നിലവില്‍ SPCA രൂപീകരിച്ചിട്ടില്ലാത്ത ഇടുക്കി ,കോട്ടയം, മലപ്പുറം, എറണാകുളം കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ അടിയന്തരമായി SPCA രൂപീകരിക്കുന്നതിന് ഉള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ തീരുമാനിച്ചു.

7. സംസ്ഥാനത്ത് 2023 നവംബര്‍ മാസം മുതല്‍ പെറ്റ് ഷോപ്പ് റൂള്‍ &ഡോഗ് ബ്രീഡിങ് റൂള്‍ എന്നിവര്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചു. അതിനായി ബോര്‍ഡ് കണ്‍വീനറുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും വ്യാപകമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും തീരുമാനിച്ചു. പ്രസ്തുത ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ പ്രൊഫോമ അംഗീകരിക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു.

8. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് എലിഫന്റ് സ്‌ക്വാഡുകള്‍ ജില്ലകളില്‍ രൂപീകരിക്കുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഈ യോഗം ശുപാര്‍ശ ചെയ്തു.

9. 2023 -2024 വര്‍ഷത്തില്‍ എല്ലാ ജില്ലകളിലും മൃഗക്ഷേമ അവാര്‍ഡുകളും സെമിനാറുകളും നടത്തുന്നതിന് തീരുമാനിച്ചു. സംസ്ഥാനതലത്തില്‍ മൃഗക്ഷേമ ദ്വൈവാരാചരണത്തിന്റെ സമാപന സമ്മേളനം ജനുവരി മാസത്തില്‍ എറണാകുളം ജില്ലയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു.

10. സംസ്ഥാന ജന്തുക്ഷേമ ബോര്‍ഡിന്റെ അംഗീകാരമോ അറിവോ കൂടാതെ സംസ്ഥാനത്ത് ചില സംഘടനകളും വ്യക്തികളും നിയമം നടപ്പാക്കാന്‍ എന്ന വ്യാജേന അധികാര കേന്ദ്രങ്ങളില്‍ ഇടപെടല്‍ നടത്തുന്നതായി മനസ്സിലാക്കുന്നു. ഇത്തരം പ്രവൃത്തികള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കുവാന്‍ പാടില്ല. ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടായാല്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നതാണ്. മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ജന്തു ക്ഷേമ ബോര്‍ഡിനാണ് പരാതി നല്‍കേണ്ടത്.

11. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് /നിര്‍ബന്ധിത പേവിഷപ്രതിരോധ കുത്തിവെപ്പ് എന്നിവ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍ ഐ.എ.എസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ദേശീയ ജന്തുക്ഷേമ ബോര്‍ഡ് അംഗം ഡോ. പി.ബി. ഗിരിദാസ്, കേരള ജന്തുക്ഷേമ ബോര്‍ഡ് അംഗങ്ങളായ ഗീത നസീര്‍, ജി. കൃഷ്ണപ്രസാദ്, മരിയ ജേക്കബ്, ഇ.സി സതീശന്‍, കെ.ടി അഗസ്റ്റിന്‍, ഡോ. എം. ഷൈനു, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സിന്ധു, കേരള വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. വി.എം ഹാരിസ്, തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *