പിങ്ക് വാട്സാപ്പ് തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പുമായി മുംബൈ പോലീസ്. പിങ്ക് നിറത്തിലുള്ള വാട്സപ്പിലേക്ക് അപ്ഡേറ്റ് വാഗ്ദാനം ചെയ്തെത്തുന്ന സന്ദേശത്തിൽ തുടങ്ങി ഫോൺ സൈബർ കുറ്റവാളികളുടെ നിയന്ത്രണത്തിലാക്കുന്ന സൈബറാക്രമണ ഭീഷണിയാണിത്.
പിങ്ക് നിറത്തിലുള്ള വാട്സാപ്പിന്റെ പുതിയ വേർഷൻ അപ്ഡേറ്റ വാഗ്ദാനം ചെയ്ത് വാട്സാപ്പിന്റെ ഒരു വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുകയാണ് തട്ടിപ്പുകാർ. ബാങ്കിങ് വിവരങ്ങളും, കോൺടാക്റ്റ് നമ്പറുകളും, മീഡിയാ ഫയലുകളുമെല്ലാം മോഷ്ടിക്കുകയാണ് ഈ തട്ടിപ്പിന്റെ ലക്ഷ്യം.
സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിലെ വിവരങ്ങൾ ചോർത്താനുള്ള സോഫ്റ്റ് വെയറുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യപ്പെടും. ഇത് വലിയ വിവര ചോർച്ചയ്ക്ക് ഇടയാക്കും.
അജ്ഞാത ഉറവിടങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് മുംബൈ പോലീസ് നൽകുന്ന നിർദേശം. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യുക. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഒടിപി എന്നിവ പങ്കുവെക്കാതിരിക്കുക. പിങ്ക് വാട്സാപ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് ഉടൻ നീക്കം ചെയ്യണമെന്നും നിർദേശിക്കുന്നു.