മഴക്കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് തലവേദന സൃഷ്ടിച്ച് കന്നുകാലികള്‍ക്ക് പകര്‍ച്ചവ്യാധികളും എത്തും. മുന്‍കാലങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കൃത്യതയോടെയുള്ള മഴക്കാലപൂര്‍വ്വ ഒരുക്കങ്ങള്‍ നടപ്പിലാക്കിയാല്‍ ഈ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം.
മഴക്കാലത്ത് അന്തരീക്ഷം തണുക്കുകയും ഈര്‍പ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ രോഗകാരികളായ സൂക്ഷ്മജീവികള്‍ പെരുകുന്നതിന് അനുകൂലമായ കാലാവസ്ഥ സംജാതമാകും. വൃത്തിഹീനമായ തൊഴുത്തുകളില്‍ പലതരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാദ്ധ്യതയേറെയാണ്. അതുകൊണ്ടു ശുചിത്വം പാലിക്കുക എന്നതാണ് രോഗങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയുടെ ആദ്യപടി.
1. മഴ തുടങ്ങുന്നതിനു മുമ്പ് തന്നെ കന്നുകാലികള്‍ക്ക് വിരമരുന്നു നല്‍കുക
2. കുളമ്പുരോഗത്തിനും കുരലടപ്പന്‍ അഥവാ ഹീമോറാജിക് സെപ്റ്റിസീമിയയ്ക്കും എതിരെയുള്ള പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുക.
3. പാലുല്‍പാദനം കൂടുതലുള്ള പശുക്കള്‍ക്ക് മഴക്കാലത്ത് തണുപ്പിനോട് താദാത്മ്യം പ്രാപിക്കാന്‍ ഊര്‍ജം കൂടുതലായുള്ള തീറ്റകള്‍ ആവശ്യമായ അളവില്‍ നല്‍കണം.
4. മഴക്കാലത്തു സുലഭമായി ലഭിക്കുന്ന ഇളം പുല്ല് അധികമായി തിന്നുന്നത് ബ്ലോട്ട് അഥവാ വയര്‍ സ്തംഭനത്തിന് കാരണമാകുമെന്നതിനാല്‍ ഈര്‍പ്പമേറെയുള്ള ഇളം പുല്ല് അധികം നല്‍കാതെ ശ്രദ്ധിക്കുക.
5. കന്നുകാലികളുടെ മഴക്കാല പരിരക്ഷക്കായി ഈര്‍പ്പം തട്ടാത്ത കാലിത്തീറ്റ, വൈക്കോല്‍ തുടങ്ങിയവ നല്‍കുകയും ശുദ്ധമായ വെള്ളം യഥേഷ്ടം ലഭ്യമാക്കുകയും വേണം.
6. പശുക്കളുടെ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ച് അകിടില്‍ കാണപ്പെടുന്ന മുറിവുകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കി അകിടു വീക്കം വരാതെ ശ്രദ്ധിക്കുക. കറവയ്ക്ക് മുന്‍പായി അകിട് വൃത്തിയായി കഴുകിത്തുടയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പശുവിനെ പൂര്‍ണമായി കറന്ന്, കറവക്ക് ശേഷം കാമ്പുകള്‍ പോവിഡോണ്‍ അയഡിന്‍ ലായനിയില്‍ മുക്കി അണുനശീകരണം നടത്തുകയും ചെയ്യുക.
7. ദീര്‍ഘനേരം വെള്ളത്തിലും ചേറിലുമൊക്കെ നില്‍ക്കുന്നത് കുളമ്പിനെ ബാധിക്കുമെന്നതിനാല്‍ പശുക്കളുടെ പാദസംരക്ഷണം മഴക്കാലത്തു പ്രധാനമാണ്. അമിത വളര്‍ച്ചയുള്ള കുളമ്പുകള്‍ മുറിച്ചു മാറ്റണം.
കന്നുകാലികളെ ബാധിക്കുന്നതും ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തികനഷ്ടമുണ്ടാക്കുന്നതുമായ ഒരു മഴക്കാല സാംക്രമിക രോഗമാണ് മുടന്തന്‍പനി അഥവാ എഫിമെറല്‍ ഫീവര്‍. കൊതുകുകളും കടിയീച്ചകളും പരത്തുന്ന ഈ ആര്‍ബോവൈറല്‍ രോഗത്തിനെ പശുക്കളിലെ ഡെങ്കിപ്പനി എന്നും പശുക്കളിലെ ഇന്‍ഫ്‌ളുവെന്‍സ എന്നും വിളിക്കാം. പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പേര് സൂചിപ്പിക്കുന്നതുപോലെ കൈകാലുകള്‍ മാറിമാറിയുള്ള മുടന്തുമാണ് ഈ മൂന്ന് ദിവസപ്പനിയുടെ രോഗലക്ഷണങ്ങള്‍. ഒറ്റയടിക്ക് പാലുല്‍പാദനം കുറയും. കൈകാലുകള്‍ മാറിമാറിയുള്ള മുടന്ത്, നടക്കാനും കിടക്കാനും എഴുന്നേല്‍ക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് പുറമെ തീറ്റ മടുപ്പ്, അയവെട്ടല്‍ നിലയ്ക്കല്‍, ഉമിനീര്‍ പതഞ്ഞൊലിക്കല്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്, കഴലവീക്കം, പേശിവിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു. പനി, സന്ധികളിലെ വേദന, നീരിറക്കം പേശീവേദന തുടങ്ങിയ രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ മരുന്നുകള്‍ ആദ്യമേ തന്നെ നല്‍കുക. ആവശ്യമെങ്കില്‍ ആന്റിബയോട്ടിക് കുത്തിവെയ്പുകള്‍ നല്‍കുകയും വേണം. രോഗാരംഭത്തില്‍ തന്നെ ആവശ്യമായ ചികിത്സകളും മതിയായ വിശ്രമവും പരിചരണവും ഉറപ്പാക്കിയാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കുന്നതാണ്. ജന്തുജന്യ രോഗമല്ലാത്തതിനാല്‍ വൈറസുകള്‍ പശുക്കളില്‍ നിന്നു മനുഷ്യരിലേക്ക് പകരില്ല.
മഴക്കാലത്ത് തൊഴുത്തിന്റെയും ചാണകക്കുഴി അടക്കമുള്ള പരിസര പ്രദേശങ്ങളുടെ ശുചിത്വം, കര്‍ഷകന്റെയും കറവക്കാരന്റെയും ശുചിത്വം എന്നിവ ഉറപ്പാക്കേണ്ടതാണ്. ഇതിനായി താഴെപറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക
1. തൊഴുത്തിന്റെ തറയില്‍ ചാണകവും മൂത്രവും പാലും കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കുഴികളും ദ്വാരങ്ങളും യഥാസമയം അടക്കുക.
2. കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ്, അലക്കുകാരം തുടങ്ങിയ അണുനാശിനികള്‍ ഉപയോഗിച്ച് തൊഴുത്തിന്റെ തറയും ഭിത്തികളും പുല്‍ത്തൊട്ടിയുമെല്ലാം ശുചീകരിക്കുക.
3. മിനുസമേറിയ തറകളില്‍ പശുക്കള്‍ തെന്നി വീഴാനുള്ള സാദ്ധ്യത മഴക്കാലത്ത് കൂടുതലായതിനാല്‍ തറ പരുക്കനാക്കുകയോ മാറ്റുകള്‍ ഇടുകയോ വേണം.
4. തൊഴുത്തിനുള്ളില്‍ മഴവെള്ളം വീഴാതിരിക്കാന്‍ മേല്‍ക്കൂരയിലും വശങ്ങളിലും ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തുക.
5. തൊഴുത്തില്‍ വെള്ളവും മാലിന്യങ്ങളും കെട്ടികിടന്ന് കൊതുകുകളും ഈച്ചകളും മുട്ടയിട്ട് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
6. കന്നുകാലികള്‍ മലിനജലം കുടിക്കുന്നത് വയറിളക്കം എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകാം. വെള്ളപ്പാത്രങ്ങളിലെ പായലും മറ്റു മാലിന്യങ്ങളും കളഞ്ഞ് കഴുകി വൃത്തിയാക്കണം. അര ലീറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ കലക്കി അര മണിക്കൂറിന് ശേഷം തെളിവെള്ളം ഊറ്റിയെടുത്ത് വെള്ളം ശേഖരിക്കുന്ന ടാങ്കുകളില്‍ കലക്കുന്നതു കൊതുകിന്റെ കൂത്താടികളെ നശിപ്പിക്കും. 12 മണിക്കൂറിനു ശേഷം ഈ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം.
7. ട്രിപ്പനോസോമിയാസിസ്, ബബീസിയോസിസ്, മിയാസിസ് (മാഗട്ട് വൂണ്ട്) തുടങ്ങിയ രോഗങ്ങള്‍ മഴക്കാലത്തു കൂടുതലായി പടരുന്നത് രോഗാണുക്കളെ വഹിക്കുന്നതും രക്തം കുടിക്കുന്നതുമായ ഈച്ച, കൊതുക്, പട്ടുണ്ണി തുടങ്ങിയ ബാഹ്യ പരാദങ്ങളുടെ ബാഹുല്യം നിമിത്തമാണ്. ഇവയെ നിയന്ത്രിക്കുന്നതിനുള്ള മരുന്ന് തൊഴുത്തിലും പരിസരങ്ങളിലും തളിക്കുകയോ മരുന്ന് ചേര്‍ത്ത് തൊഴുത്തിന്റെ ഭിത്തികള്‍ വെള്ളപൂശുകയോ ചെയ്യുക. വെള്ളത്തില്‍ കലക്കി പശുക്കളെ കുളിപ്പിക്കാവുന്നതും മുതുകില്‍ ചോക്ക് പോലെ വരക്കാവുന്നതുമായ കീടനിയന്ത്രണ ലേപനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
8. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയ ലേപനങ്ങള്‍ പശുവിന്റെ പുറത്തു തേക്കുന്നതും കര്‍പ്പൂരം വേപ്പെണ്ണയില്‍ ചൂടാക്കി പശുവിന്റെ ശരീരത്തില്‍ പുരട്ടുന്നതും കര്‍പ്പൂരം, വേപ്പെണ്ണ, യൂക്കാലിയെണ്ണ എന്നിവ 4:4:1 എന്ന അനുപാതത്തില്‍ തൊഴുത്തില്‍ തളിക്കുന്നതും ഈച്ചകളെയും കൊതുകുകളേയും അകറ്റാന്‍ ഫലപ്രദമാണ്.
9. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയ മിശ്രിതം ആഴ്ചയില്‍ രണ്ടു തവണ വളക്കുഴിയില്‍ വിതറുക.
10. പച്ചകര്‍പ്പൂരം അല്ലെങ്കില്‍ കുന്തിരിക്കം ഉപയോഗിച്ച് പുകയ്ക്കുകയോ ശീമക്കൊന്ന, ആര്യവേപ്പ്, തുമ്പ, പാണല്‍ തുടങ്ങിയ ഇലകള്‍ ഉപയോഗിച്ച് തൊഴുത്തില്‍ പുകയിടുകയോ ചെയ്യുന്നതും പ്രാണികളെ അകറ്റാന്‍ ഉത്തമമാണ്.
11. തൊഴുത്തിലും പരിസരങ്ങളിലും എലി, പെരുച്ചാഴി തുടങ്ങിയവയുടെ ശല്യം ഇല്ലാതാക്കണം.
12. മഴക്കാലത്ത് കറന്റു കമ്പികള്‍ പൊട്ടിവീണു ഷോക്കടിക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ തൊഴുത്തിലേക്കുള്ള കറന്റ് കണക്ഷന്‍ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക.
മഴക്കാലത്ത് വെള്ളം കയറുന്ന പ്രദേശങ്ങളില്‍ പശുക്കളെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കെട്ടുകയോ സാധിക്കുമെങ്കില്‍ അവിടെ താല്‍ക്കാലിക തൊഴുത്ത് നിര്‍മ്മിചു പശുക്കളെ മാറ്റി പാര്‍പ്പിക്കുകയോ ചെയ്യണം. വെള്ളപ്പൊക്ക ഭീഷണി ഉണ്ടെങ്കില്‍ കന്നുകാലികളെയും അരുമകളെയും കെട്ടഴിച്ചു വിടാന്‍ മറക്കരുത്.
മഴക്കാല മുന്‍കരുതലുകള്‍ കൃത്യതയോടെ നടപ്പിലാക്കിയാല്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചുകൊണ്ടു സാമ്പത്തിക നഷ്ടം തടയാന്‍ സാധിക്കും.