നാശത്തിന്റെ വക്കില്‍ മാഹിയിലെ ധര്‍മ്മാശുപത്രി

നാശത്തിന്റെ വക്കില്‍ മാഹിയിലെ ധര്‍മ്മാശുപത്രി

ചാലക്കര പുരുഷു

മാഹി: ഫ്രഞ്ച് ഭരണകാലംതൊട്ട് ഭൗതിക സൗകര്യങ്ങള്‍ മുതല്‍ ചികിത്സാ സംവിധാനങ്ങളില്‍ വരെ ഉത്തര മലബാറില്‍ ഒന്നാം നിരയിലുണ്ടായിരുന്ന മാഹി ഗവ. ജനറല്‍ ആശുപത്രി ഇപ്പോള്‍ ഇല്ലായ്മകളുടേയും പോരായ്മകളുടേയും ഇടമായി മാറി. നിത്യേന വിദൂരങ്ങളില്‍ നിന്ന് പോലും നൂറ് കണക്കിന് രോഗികള്‍ വന്നെത്തിയിരുന്ന ഈ ആതുരാലയത്തില്‍ ഇന്ന് മയ്യഴിക്കാര്‍ പോലും തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്. ചെറിയ കേസുകള്‍ പോലും തലശ്ശേരിയിലേക്കോ, കോഴിക്കോട്ടേക്കോ റഫര്‍ ചെയ്യപ്പെടുകയാണ്.
171 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ ഇപ്പോള്‍ 30 കിടപ്പ് രോഗികള്‍ മാത്രമാണുള്ളത്. ഡോക്ടര്‍മാരില്‍ പലരും പതിവായി കൃത്യസമയത്ത് ഡ്യൂട്ടിക്കെത്തുന്നില്ല. എട്ട്മണിക്ക് എത്തുകയും രണ്ട് മണി വരെ ഡ്യൂട്ടി ചെയ്യേണ്ടവര്‍ ഒന്‍പത് മണി കഴിഞ്ഞെത്തുകയും ഒ.പി. കഴിഞ്ഞയുടന്‍ പതിനൊന്ന് മണിയോടെ മത്സരിച്ച് സ്ഥലം വിടുകയാണ്. പഞ്ചിംഗ് സംവിധാനമുണ്ടെങ്കിലും ഡോക്ടര്‍മാര്‍ അത് ഉപയോഗിക്കാറില്ല. മിക്കവര്‍ക്കും സ്വകാര്യ ക്ലിനിക്കുകളും, മറ്റ് സ്വകാര്യ ആശുപത്രികളില്‍ ജോലിയുമുണ്ട്. റിസ്‌ക്കെടുത്ത് രോഗികളെ ചികിത്സിക്കാന്‍ ഇത്തരക്കാര്‍ തയ്യാറുമല്ല.

എല്ലാമുണ്ട്; ഒന്നുമില്ല

വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഉത്തര കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ടെലിമെഡിസിന്‍ സംവിധാനം കൊണ്ടുവന്നത് ഇവിടെയായിരുന്നു. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങ് സംവിധാനം, ടി.എം.ടി തുടങ്ങി നൂതനമായ ചികിത്സാ സംവിധാനങ്ങളൊക്കെ ഇപ്പോള്‍ നിശ്ചലമായി. പലതും തുരുമ്പെടുത്ത് തുടങ്ങി. കോടികള്‍ ചിലവഴിച്ച് ഒരു വ്യാഴവട്ടക്കാലം മുമ്പ് നിര്‍മാണം തുടങ്ങിയ ആറ് നില ട്രോമ കെയര്‍ യൂണിറ്റിന്റെ ബഹുനില കെട്ടിടത്തിന്റെ പണി നിലച്ചിരിക്കുകയാണ്. അശാസ്ത്രീയമായ പോസ്റ്റ്‌മോര്‍ട്ടം റൂമും, മോര്‍ച്ചറിയുമെല്ലം തീര്‍ത്തും അപര്യാപ്തമായ മുറികളില്‍ കാട് പിടിച്ച സ്ഥലത്താണ് കിടക്കുന്നത്. പഴയ ഡ്രൈവര്‍ ക്വാര്‍ട്ടേഴ്‌സില്‍ അനാരോഗ്യകരമായ ചുറ്റുപാടിലാണ് കിച്ചണ്‍ പ്രവര്‍ത്തിക്കുന്നത്.

ഒഴിവുകള്‍ ഒട്ടേറെ: നിയമനങ്ങളില്ല

മാഹി ആരോഗ്യ വകുപ്പില്‍ ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞ് കിടപ്പാണ്. മാഹി
ഗവ. ജനറല്‍ ആശുപത്രിയില്‍ മാത്രം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടറുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയാണ്. ഓര്‍ത്തോ , പീഡിയാട്രീഷ്യന്‍ ഡോക്ടര്‍മാര്‍ വിരമിച്ച ശേഷം പകരം നിയമനമില്ല. അസിസ്റ്റന്റ് നഴ്‌സിങ്ങ് സൂപ്രണ്ട് (1), നഴ്‌സിങ്ങ് ഓഫീസര്‍മാര്‍ (15), നഴ്‌സിങ്ങ് ഓഫീസര്‍ (എന്‍.ആര്‍. എച്ച്.എം (1 ), നഴ്‌സിങ്ങ് ഓഡര്‍ലി (1), പ്ലംബര്‍(2) വാര്‍ഡ് അറ്റന്‍ഡര്‍മാര്‍ (11) സാനിറ്ററി വര്‍ക്കേഴ്‌സ് (18), തിയേറ്റര്‍ അറ്റന്റന്റ് (2), സര്‍ജന്റ് (1), ലോണ്‍ട്രി അറ്റന്റന്റ്(1) തസ്തികകള്‍ നികത്തപെട്ടിട്ടില്ല. ആശ്രിത നിയമനങ്ങള്‍ പോലും നടക്കുന്നില്ല.

കഴിഞ്ഞ ആറ് വര്‍ഷക്കാലമായി 6800 രൂപ വേതനത്തില്‍ 16പേരെ കരാര്‍ വ്യവസ്ഥയില്‍ പുതുച്ചേരിയിലെ ഒരു ഏജന്‍സി ശുചീകരണ വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. ഇവരെക്കൊണ്ട് മറ്റ് ജോലിയും ചെയ്യിക്കുകയാണ്. മാസത്തിലൊരിക്കല്‍ നൈറ്റ് ഡ്യൂട്ടിയും ചെയ്യണം. സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കാത്തത് വര്‍ഷങ്ങളായി. നിലവിലുള്ള ഡോക്ടര്‍മാരില്‍ പലരും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. മരുന്നുകള്‍ സ്റ്റോക്ക് ചെയ്യാന്‍ സ്റ്റോര്‍റൂമില്ലാത്തതിനാല്‍ ചോര്‍ന്നൊലിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ് മരുന്നുകള്‍ സൂക്ഷിച്ചിട്ടുള്ളത്. രാത്രികാലമായാല്‍ ആശുപത്രിക്ക് ചുറ്റിലും കൂരിരുട്ടാണ്. തെരുവ് വിളക്കുകളൊന്നും കത്തുന്നില്ല.

ആശുപത്രിയുടെ വികസനവും, നടത്തിപ്പുമെല്ലാം ശ്രദ്ധിക്കാന്‍ മുമ്പ് രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട മോണിറ്ററിങ്ങ് കമ്മിറ്റി ഉണ്ടായിരുന്നു.വര്‍ഷങ്ങളായി ഈ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചിട്ടില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *