കോഴിക്കോട്: കഴുത്തില്‍ 150 ഗ്രാം ഭാരമുള്ള മുഴയുമായി ജനിച്ച കുഞ്ഞ് അത്ഭുതകരമാം വിധം സാധാരണ ജീവിതത്തിലേക്ക്. ഗര്‍ഭപാത്രത്തിലിരിക്കെ തലച്ചോറിലേക്കുള്ള സുപ്രധാന രക്തക്കുഴലുകളെയും ശ്വാസനാളിയെയും അന്നനാളത്തേയും തടസ്സപ്പെടുത്തി വളര്‍ന്ന മുഴ, വിദഗ്ധ ഡോക്ടര്‍മാരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ സുരക്ഷിതമായി നീക്കം ചെയ്തു. കോഴിക്കോട്ടെ ആസ്റ്റര്‍ മിംസാണ് സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്.
ബംഗളുരുവില്‍ താമസിക്കുന്ന യുവമലയാളി ദമ്പതികളുടെ നവജാത ശിശുവിന്റെ കഴുത്തിലാണ് അസാധാരണമായ വലിപ്പമുള്ള മുഴ കണ്ടെത്തിയത്. ഗര്‍ഭിണിയായ അമ്മയില്‍ മുപ്പതാമത്തെ ആഴ്ചയില്‍ നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിലാണ് സെര്‍വിക്കല്‍ ടെറാടോമ എന്ന അത്യപൂര്‍വ മുഴവളര്‍ച്ച കണ്ടെത്തിയത്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. പ്രസവശേഷം കുഞ്ഞിന് ശ്വസിക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ജനിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ ശ്വാസമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കുഞ്ഞിനെ നഷ്ടമാകുമെന്ന് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പല ആശുപത്രികളെയും ബന്ധപ്പെട്ടെങ്കിലും കോഴിക്കോട്ടെ ആസ്റ്റര്‍ മിംസില്‍ നിന്നാണ് പ്രത്യാശ നല്‍കുന്ന മറുപടി കിട്ടിയത്. വ്യത്യസ്ത വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സമിതി തന്നെ രൂപീകരിച്ചുകൊണ്ടാണ് ആസ്റ്റര്‍ മിംസ് ഈ ദൗത്യം ഏറ്റെടുത്തത്.
നിര്‍ണായകമായ പ്രസവശസ്ത്രക്രിയക്ക് മുന്നോടിയായി എല്ലാ സജ്ജീകരണങ്ങളും തയാറാണെന്ന് ഉറപ്പിക്കാന്‍ തലേദിവസം ഒരു ട്രയല്‍ റണ്ണും നടത്തി. ജനിച്ചയുടന്‍ കുഞ്ഞിന് ശ്വാസമെടുക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണം. എക്‌സ്ട്രാ യൂറ്ററീന്‍ ഇന്‍ട്രാപാര്‍ട്ടം ട്രീറ്റ്‌മെന്റ് (EXIT) എന്ന അത്യാധുനിക ചികിത്സാരീതിയാണ് ഇതിനായി ഉപയോഗിച്ചത്. കുഞ്ഞിനെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പകുതിമാത്രം പുറത്തെടുത്ത് നടത്തുന്ന ചികിത്സയാണിത്. അമ്മയെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന പൊക്കിള്‍കൊടി മുറിക്കാതെ തന്നെ ദ്രുതഗതിയില്‍ കുഞ്ഞിന്റെ ശ്വാസനാളത്തില്‍ ഒരു ട്യൂബിട്ട് കുഞ്ഞിന്റെ ജീവന്‍ പരിരക്ഷിക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. അങ്ങനെ അമ്മയില്‍ നിന്ന് തന്നെ കുഞ്ഞിന് ഓക്‌സിജന്‍ കിട്ടിക്കൊണ്ടിരുന്നു. ഇതേ സമയം കുഞ്ഞിന് സ്വന്തമായി ശ്വാസമെടുക്കാനുള്ള ഒരു ട്യൂബ് ഡോക്ടര്‍മാര്‍ നല്‍കി. കഴുത്തിലെ ഈ മുഴ വളരെ വലുതായിരുന്നതിനാല്‍ ഈ പ്രക്രിയ വളരെ ശ്രമകരമായിരുന്നു. എങ്കിലും പിഴവുകളൊന്നും കൂടാതെ ഇത് ഡോക്ടര്‍മാര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞിനെ നവജാതശിശുക്കള്‍ക്കുള്ള ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു.
ശ്വാസകോശം, അന്നനാളം, തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ എന്നിവയെയെല്ലാം തടസപ്പെടുത്തി നിലനിന്നിരുന്ന മുഴ, അപകടമൊന്നും കൂടാതെ നീക്കം ചെയ്യുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ആ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. തങ്ങള്‍ക്ക് അതുവരെയുണ്ടായിരുന്ന പരിചയസമ്പത്തിനെയും അറിവിനേയും പരീക്ഷിച്ച സംഭവമായിരുന്നു ഈ സര്‍ജറിയെന്ന് പീഡിയാട്രിക് സര്‍ജറി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എബ്രഹാം മാമ്മന്‍ പറഞ്ഞു. എത്ര സങ്കീര്‍ണമായ സ്ഥിതിവിശേഷമാണെങ്കിലും അമൂല്യമായ ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെയും പോവുക എന്നതായിരുന്നു ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
20 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തില്‍ നവജാതശിശുക്കളുടെയും കുട്ടികളുടെയും ചികിത്സാവിഭാഗങ്ങളും ഒപ്പം അനസ്‌തേഷ്യ വിദഗ്ധരും പ്രത്യേക പരിശീലനം നേടിയ നഴ്‌സുമാരും ദൗത്യത്തില്‍ പങ്കാളികളായി. ഡോ. എബ്രഹാം മാമ്മനോടൊപ്പം പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ. റോഷന്‍ സ്‌നേഹിത്, ഡോ ബിനീഷ് എ എന്നിവരും നവജാതശിശുരോഗ വിഭാഗത്തില്‍ നിന്നും ഡോ. പ്രീത രമേശ്, ഡോ. വിഷ്ണുമോഹന്‍, ഡോ. ആനന്ദ് എന്നിവരും, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. കിഷോര്‍.കെ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നാസര്‍ ടി. കണ്‍സല്‍ട്ടന്റ് ഡോ. സിന്ധു പി.സി എന്നിവരും ഹെഡ് ആന്റ് നെക്ക് ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. സജിത്ത് ബാബു, ശ്വാസകോശരോഗ ചികിത്സാവിഭാഗത്തില്‍ നിന്നുള്ള ഡോ. അനൂപ് എം.പി എന്നിവരും യജ്ഞത്തില്‍ പങ്കെടുത്തു.
പ്രസവശേഷം രണ്ടുമാസം പിന്നിട്ട കുഞ്ഞ് ഇപ്പോള്‍ പൂര്‍ണആരോഗ്യത്തോടെ ഇരിക്കുന്നു. കൃത്യമായ ഇടവേളകളില്‍ അമ്മയോടൊപ്പം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പരിശോധനകള്‍ക്കായി എത്താറുണ്ട്. ബേബി ഡി എന്ന പേരിട്ടാണ് ഈ ദൗത്യം ഡോക്ടര്‍മാര്‍ ഏറ്റെടുത്തത്.