വിമാന ടിക്കറ്റ് വര്‍ധനവ്: കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

വിമാന ടിക്കറ്റ് വര്‍ധനവ്: കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

വിമാന കമ്പനികള്‍ നടത്തുന്ന ആകാശ കൊള്ളയെപ്പറ്റി അറിയാത്തവരാരുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ വിമാന കമ്പനികള്‍ ടിക്കറ്റ് ചാര്‍ജിനത്തില്‍ വാങ്ങുന്ന അമിതമായ നിരക്കിനെതിരേ നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുന്നതാണ് ഏറ്റവും പ്രയാസകരം. ഗള്‍ഫ് മേഖലയിലാണ് ഇത്തരം കൊള്ള നടക്കുന്നത്. പ്രത്യേകിച്ച് അവധിക്കാല സീസണ്‍ നോക്കി യാതൊരു മാനദണ്ഡവുമില്ലാതെ വിമാനകമ്പനികള്‍ നിരക്കുകള്‍ ഇരട്ടിയിലധികമാണ് ഈടാക്കുന്നത്. കൊവിഡിന് മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര-ആഭ്യന്തര ടിക്കറ്റ് നിരക്ക് ഇന്ത്യയില്‍ 41 ശതമാനമാണ് വര്‍ധിച്ചത്. ഏഷ്യാ-പസഫിക് രാജ്യങ്ങളില്‍ ഏറ്റവുമധികം വര്‍ധന ഉന്ത്യയിലാണെന്നാണ് എയര്‍പോര്‍ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ പ്രവാസികളാണ് ഇതിന്റെ തിക്ത ഫലം ഏറ്റവുമധികം അനുഭവിക്കുന്നത്. പ്രവാസി സംഘടനകള്‍, ജനപ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാരടക്കം ഇക്കാര്യത്തിലിടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടു വരികയാണ്.

ഒട്ടനവധി സമരങ്ങള്‍ ഇക്കാര്യമുന്നയിച്ച് കഴിഞ്ഞകാലങ്ങളില്‍ നടന്നിട്ടുണ്ട്. എന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇക്കാര്യത്തിലുണ്ടായിട്ടില്ല. കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ 2020 മേയില്‍ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ ഇത് എടുത്തുകളഞ്ഞതാണ് തോന്നിയപോലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പാക്കാന്‍ വിമാനകമ്പനികള്‍ക്ക് വഴിയൊരുക്കിയത്. സ്‌പൈസ്‌ജെറ്റിലെ പ്രതിസന്ധിയും ആഴ്ചയില്‍ 150ലേറെ സര്‍വീസുകള്‍ നടത്തിയിരുന്ന ഗോഫസ്റ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയത് മറ്റ് വിമാനകമ്പനികള്‍ക്ക് ചൂഷണം നടത്താന്‍ അവസരമായി.

ആഭ്യന്തര സര്‍വീസുകള്‍ക്കും കൂടിയ നിരക്കാണ് ഈടാക്കുന്നത്. മുംബൈ, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തരുരം, കണ്ണൂര്‍, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, മംഗ്ലൂരു എന്നിവിടങ്ങളിലേക്കെല്ലാം ഇരട്ടിയിലധികമാണ് കഴിഞ്ഞവര്‍ഷത്തെയപേക്ഷിച്ച് നിരക്കിലുണ്ടായ മാറ്റം. സീസണ്‍കാലം നോക്കി ചാര്‍ജ് അമിതമായി വര്‍ധിപ്പിക്കുന്ന രീതി ശരിയല്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടണം. പ്രവാസി മലയാളികളെ കൊള്ളയടിക്കുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണം.

Share

Leave a Reply

Your email address will not be published. Required fields are marked *