അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭയും നാട്ടിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതികളും

അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭയും നാട്ടിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതികളും

ഹസ്സന്‍ തിക്കോടി

റോഡുകളിലെ ട്രാഫിക് നിയമലംഘകരെ പിടികൂടാന്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ച പോലെ സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ നിരത്തിലും വഴിയരികിലും വലിച്ചെറിയുന്നവരെ പിടികൂടി കനത്ത പിഴ ഈടാക്കുന്ന സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരേണ്ടത് ശുചിത്വ കേരളത്തിന് അനിവാര്യമാണ്. ഇക്കാര്യത്താല്‍ അമേരിക്കന്‍ മലയാളികളുടെ മുതല്‍മുടക്കില്‍ എന്തെങ്കിലും നേട്ടമുണ്ടായെങ്കില്‍ അവിടെ നടക്കുന്ന ലോക കേരള സഭ ചാരിതാര്‍ഥ്യത്തിനു വകയുണ്ട്. ശാന്തമായൊഴുകുന്ന കനോലി കായലിന്റെ തീരത്തുകൂടിയാണ് എന്റെ പ്രഭാത നടത്തം. വലയിട്ട് മീന്‍പിടിക്കുന്നവരും, സുബഹ് നിസ്‌കാരം കഴിഞ്ഞു നടത്തം പതിവാക്കിയവരും, നാട്ടുകാരും അക്കൂട്ടത്തിലുണ്ടാവും. പക്ഷേ, ഇടുങ്ങിയ നിരത്തിന്റെ ഓരത്തും, ടാറിട്ട റോട്ടിലും തലേ ദിവസം ആരോ വലിച്ചെറിഞ്ഞ മാലിന്യകെട്ടുകള്‍ പട്ടിയും കാക്കയും വലിച്ചുകീറി വിതറിക്കിടക്കുന്നത് നിത്യക്കാഴ്ചയാണ്. മീന്‍ പിടിക്കുന്നവര്‍ക്കാവട്ടെ പലപ്പോഴും വിഘാതമായിത്തീരുന്നത് കായലിലൂടെ ഒഴുകുന്ന ചെറുതും വലുതുമായ മാലിന്യക്കെട്ടുകളും.

ഞങ്ങള്‍ക്കും വരും തലമുറക്കും ഇവിടെ വസിക്കാനാവുമോ എന്ന ചോദ്യത്തോടെയാണ് എന്റെ ഓരോ പ്രഭാതങ്ങളും കടന്നു പോവുന്നത്. ബഹുമുഖ പ്രതിഭകളായ ഒട്ടനവധി ഭരണാധികാരികള്‍ ഈ നാട് ഭരിച്ചിട്ടും നേതൃപാടവംകൊണ്ട് സ്വന്തം വാര്‍ഡിന്റെ മഹിമകള്‍ വാതോരാതെ പ്രസംഗിച്ചു നടന്നിട്ടും എന്തുകൊണ്ട് മാലിന്യം വലിച്ചെറിയുന്ന സമ്പ്രദായത്തിന് പരിഹാരം കാണുന്നില്ല. നമ്മള്‍, മലയാളികള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യസംസ്‌കരണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് കാലാകാലങ്ങളായി അവര്‍ ചോദിക്കുന്നത് ഒന്ന് മാത്രമാണ്. ”ഞങ്ങളുടെ മാലിന്യം എവിടെ നിക്ഷേപിക്കണം, എവിടെ സംസ്‌കരിക്കണം” എന്ന്. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഒരു പെട്ടി പോലും റോഡരികിലോ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലോ നാളിതുവരെ സ്ഥാപിച്ചിട്ടില്ല.

മാലിന്യത്തെ തരംതിരിക്കാനും അവയെ സംസ്‌കരിക്കണമെന്നും വാതോരാതെ പറയുന്നവര്‍ ജൈവമാലിന്യവും അജൈവമാലിന്യവും ഖരമാലിന്യവും വേര്‍തിരിച്ചിട്ടെന്തുചെയ്യും എന്ന് മാത്രം പറയുന്നില്ല. ഭൂമിയിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന മാരകമായ മാലിന്യവിഷം ശ്വസിക്കേണ്ടിവരുന്ന ഒരു ജനതയുടെ ഭാവി എന്തായിരിക്കുമെന്ന് നമ്മെ ഭരിക്കുന്നവര്‍ക്കറിയാമെങ്കിലും മറ്റു മേഖലകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാനാണ് അവരുടെ താല്‍പര്യം. തൊട്ടതിനും കൊടുത്തതിനും വിവാദങ്ങളുണ്ടാക്കി വൃഥാ സമയം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ ശൈലിമാറ്റി ക്രിയാത്മകമായ മാറ്റങ്ങള്‍ക്കുവേണ്ടി മുറവിളിക്കുകയല്ലേ അവര്‍ ചെയ്യേണ്ടത്. എ.ഐ ക്യാമറയിലും കെ-ഫോണിലും റോഡ് നിര്‍മാണത്തിലും ഡിജിറ്റല്‍ മേഖലയിലും നാം കൈവരിച്ച നേട്ടങ്ങളെ മലീമസമാക്കും വിധത്തിലാണ് മാലിന്യക്കൂമ്പാരം ഓരോ തദ്ദേശസ്വയം ഭരണ വാര്‍ഡുകളിലും കുമിഞ്ഞു കൂടുന്നത്. അവ ഇല്ലാതാക്കണമെങ്കില്‍ നാമോരോരുത്തരും സ്വയം നന്നാവണം. വ്യക്തിശുചിത്വവും, ഗാര്‍ഹികശുചിത്വവും, സാമൂഹികശുചിത്വവും വളരെ പ്രധാനപ്പെട്ടവ തന്നെയാണ്. എന്തെന്നാല്‍ നാം നന്നായാല്‍, നമ്മുടെ സമൂഹത്തിലെ ഓരോരുത്തരും നന്നായാല്‍ പകുതി പ്രശ്‌നം അവിടെ തീര്‍ന്നുവെന്നുപറയാം. ഈ ബോധവല്‍കരണം പ്രൈമറി സ്‌കൂള്‍ തലം മുതല്‍ തുടങ്ങണം.

സമുദ്ര നിരപ്പില്‍നിന്നും 8848 അടി ഉയരത്തില്‍ കിടക്കുന്ന എവറസ്റ്റിന്റെ താഴ്‌വരകളില്‍ പോലും മാലിന്യം കുമിഞ്ഞകൂടിയ വാര്‍ത്ത അന്ത്രരാഷ്ട ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇക്കഴിഞ്ഞ ദിവസമാണ്. പര്‍വ്വതാരോഹണത്തിനെത്തുന്നവര്‍ വലിച്ചെറിയുന്ന മാലിന്യം നീക്കം ചെയ്യാന്‍ യാതൊരു സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടില്ല. ഓരോ വ്യക്തിയും എട്ടുകിലോ മാലിന്യം വീതം യാത്രയില്‍ അവിടെ നിക്ഷേപിക്കുന്നു.

ചൈനയിലെ മാലിന്യരഹിത കാഴ്ചകള്‍

 

ഒരു വ്യാഴവട്ടംമുമ്പ് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ പോയപ്പോള്‍ അവിടത്തെ വെടിപ്പും വൃത്തിയും കണ്ട് ഞാന്‍ അതിശയപ്പെട്ടുപോയി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ വലിയ നഗരത്തിലെവിടെയും ഒരു തരി മാലിന്യം വഴിയരികില്‍ കാണുന്നില്ല. വെയിലിനു ചൂടേറുംമുമ്പേ ആ തെരുവിലൂടെ ചുറ്റിക്കറങ്ങിയ ഞാന്‍ നടന്നു കയറിയത് റോഡരികിലെ ഒരു സ്‌കൂളിലേക്കായിരുന്നു. സമയം ഒന്‍പത്. ബെല്ലടിച്ചപാടേ യൂണിഫോമിട്ട കുട്ടികള്‍ കൈയില്‍ കുട്ടയുമായി പുറത്തുവരുന്നു, സ്‌കൂളിനു ചുറ്റും ചൂലെടുത്തു വൃത്തിയാക്കുന്നു. അരമണിക്കൂറിനുശേഷം അവര്‍ സ്‌കൂള്‍ കോംപൗണ്ടിലേക്കു തിരിച്ചുകയറുന്നു. മറ്റൊരു അരമണിക്കൂര്‍ അവര്‍ കായികാഭ്യാസം ചെയ്യുന്നു. ഇതിനൊക്കെ നേതൃത്വം കൊടുക്കുന്ന അധ്യാപകരാവട്ടെ അവരോടൊപ്പം ഇതേ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നു.

കൗതുകം തോന്നിയ ഞാന്‍ സ്‌കൂളിനകത്തേക്കു കയറി. പാറാവുകാരന്‍ മുതല്‍ അധ്യാപകര്‍ക്കുവരെ ചൈനീസ് ഭാഷയല്ലാതെ മറ്റൊന്നും അറിയില്ല. ആംഗ്യ ഭാഷയില്‍ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കൊയോ പറഞ്ഞു. ഒടുവില്‍ പ്രിന്‍സിപ്പല്‍ അവരുടെ ടെലിഫോണ്‍ ആപ്പില്‍ ചൈനീസ് ഭാഷയില്‍ ചോദിച്ചപ്പോള്‍ ഇംഗ്ലളീഷ് പരിഭാഷ വന്നു. ഞങ്ങള്‍ ഏറെനേരം ടെലിഫോണ്‍ ആപ്പിലൂടെ സംസാരിച്ചു. ചൈനയിലെ എല്ലാ സ്‌കൂളുകളിലും പരിസരം വൃത്തിയാക്കലും കായികാഭ്യാസവും പതിവാണ്. പാഠ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണത്. ചെറുപ്പം തൊട്ടേ ശുചിത്വവും കായിക പരിശീലനവും അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു.

അതുകൊണ്ടുതന്നെ നാടും വീടും ഒരു പോലെ വൃത്തിയുള്ളതായിത്തീരുന്നു. നമ്മുടെ പാഠ്യ പദ്ധതിയിലും മാലിന്യ നിര്‍മ്മാര്‍ജ്ജനവും പ്രത്യുല്‍പാദന മാര്‍ഗങ്ങളും പഠിപ്പിക്കണം. വളര്‍ന്നു വരുന്ന കുട്ടികളില്‍ ശുചിത്വ ഭൂമിയുടെ അടയാളങ്ങള്‍ മനസ്സിലാക്കണം. ഈ വിഷയത്തില് കുട്ടികള്‍ക്കും ചിലതു ചെയ്യുവാന് കഴിയും. സ്‌കൂളും പരിസരവും നിത്യേന ശുചീകരിക്കുക, സ്‌കൂളുകളില്‍ ഡ്രൈ ഡേ ആചരിക്കുക, ബോധവല്‍ക്കരണം നടത്തുക, ജാഥകള്‍ സംഘടിപ്പിക്കുക, ഫ്‌ളാഷ്‌മോബുകള്‍, മാലിന്യ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിക്കാനുതകും വിധം ചെറുതും വലുതുമായ സെമിനാറുകള്‍ സംഘടിപ്പിക്കുക. അധ്യാപകര്‍ കൈകെട്ടി നോക്കി നില്‍ക്കാതെ അവരും ഇത്തരം പ്രവൃത്തി ചെയ്തുകൊണ്ട് കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാവുക.

 

മാലിന്യത്തില്‍നിന്ന് ഇലക്ട്രിസിറ്റി

ചൈനയിലെ തെരുവോരത്തും മുക്കിലും മൂലയിലും വെച്ചിരിക്കുന്ന ചെറുതും വലുതുമായ മാലിന്യപെട്ടികളില്‍ നിക്ഷേപിക്കുന്ന വേര്‍തിരിച്ച മാലിന്യം അവ കയറ്റുന്ന വാഹനത്തില്‍ കൊണ്ടുപോവുന്നു. വാഹനം മറ്റൊരിടത്തേക്കു നീങ്ങിത്തുടങ്ങുമ്പോള്‍തന്നെ അവ അതില്‍ ഘടിപ്പിച്ച മെഷീനിലൂടെ സ്വയം സംസ്‌കരിച്ചു തുടങ്ങും. ഒടുവില്‍ അവിടത്തെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ എത്തുന്നതോടെ മറ്റൊരു മെഷീന്‍ അതേറ്റുവാങ്ങുകയും അവിടെവച്ചു യന്ത്ര വല്‍കൃത സംസ്‌കരണ പ്രവൃത്തി ആരംഭിക്കുന്നു. വെയ്സ്റ്റ് ടു എനര്‍ജി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റിലേക്ക് ഈ മാലിന്യങ്ങള്‍ നീങ്ങിത്തുടങ്ങുന്നു. WTE പദ്ധതിപ്രകാരം ആ നാടും നഗരവും പ്രകാശപൂരിതമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ജൈവമാലിന്യങ്ങളെ ഇലക്ട്രിസിറ്റി ആക്കി മാറ്റുന്നു. കറണ്ടുല്‍പ്പാദനത്തിന്റെ മറ്റൊരു മേഖലയിലേക്ക് ചൈന കടന്നെത്തിയിട്ട് കാല്‍നൂറ്റാണ്ടിലേറെയായി. 2030 ആവുമ്പോഴേക്കും അമേരിക്കയെ മറികടക്കുമെന്നാണ് അവര്‍ വെല്ലുവിളിക്കുന്നത്.

ചൈനയിലെ വെയ്സ്റ്റ് ടു എനര്‍ജി പ്ലാന്റ്

മാലിന്യരഹിത ലോക കേരളസഭ

അമേരിക്കയില്‍ ചേരുന്ന ലോക കേരള സഭയില്‍ WTEയെ കുറിച്ച് ചോദിച്ചറിയുന്നത് എന്തുകൊണ്ടും അഭികാമ്യമായിരിക്കും. കാരണം ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വെയ്സ്റ്റ് ടു എനര്‍ജി ഉല്‍പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ്. ലോകത്തിലെ ആദ്യത്തെ WTE പ്ലാന്റ് നിര്‍മ്മിച്ചത് ലോക കേരള സഭ നടക്കുന്ന ന്യൂയോര്‍ക്കിലാണ്, 1885ല്‍ ആ ടെക്‌നോളജി പഠിക്കാനും അവിടത്തെ മലയാളികളെ കൊണ്ട് ഇവിടെ WTEക്കുവേണ്ടി ഇന്‍വെസ്റ്റ് ചെയ്യിക്കാനുമുള്ള ചര്‍ച്ചകളാണ് നടക്കേണ്ടത്. എങ്കില്‍ മാത്രമേ വിവാദമുയര്‍ന്ന ലോക കേരളസഭ സമ്മേളനം കൊണ്ട് എന്തെങ്കിലും പ്രചോദനം ലഭിക്കൂ. വിവാദക്കാരുടെ വായടക്കാന്‍ കിട്ടുന്ന അവസരം സര്‍ക്കാറിന് വിനിയോഗിക്കാനാവും. അല്ലാതെ കണ്ണുപൊട്ടന്‍ നാടുകാണാന്‍ പോയപോലെ ആയിത്തീരും അമേരിക്ക കണ്ട് മടങ്ങുന്ന ലോക കേരളസഭ പ്രതിനിധികള്‍.

അമേരിക്കന്‍ മലയാളി ഇന്‍വെസ്റ്റ് ചെയ്യുമോ

സുഖലോലുപതയുടെ നടുവില്‍ ജീവിക്കുന്ന അമേരിക്കന്‍ മലയാളികള്‍ ഇവിടെ ഇന്‍വെസ്റ്റ് ചെയ്യുമോ എന്നത് മറ്റൊരുകാര്യം. കാരണം അവരവിടെ ജീവിക്കുന്നത് അല്ലലില്ലാതെയാണ്. എല്ലാം വിരല്‍ത്തുമ്പിലൂടെ നേടിയെടുക്കുന്ന ടെക്‌നോളജിയുടെ മടിത്തട്ടിലിരിക്കുന്നവര്‍ സര്‍ക്കാരിന്റെ വീമ്പുപറച്ചിലിനപ്പുറം മറ്റൊന്നും ഇവിടെ നടക്കില്ലെന്ന് ബുദ്ധിയും വിദ്യാഭ്യാസവുമുള്ളവര്‍ ഒരുവേള ചിന്തിച്ചുപോയെങ്കില്‍ അവരെ കുറ്റം പറയാനാവില്ല. കാരണം അവര്‍ അധ്വാനിച്ചുണ്ടാക്കിയ ഡോളര്‍ ഇ.ഡിയുടെയും മറ്റും പരിശോധനയില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാറിനാവുമോ?

കൊട്ടിഘോഷിച്ചുണ്ടാക്കിയ കണ്ണൂര്‍ വിമാനത്താവളം കഴിഞ്ഞ അഞ്ചുവര്‍ഷമായി മാസംതോറും അഞ്ചുകോടി രൂപ നഷ്ടത്തിലാണോടുന്നത്. കേന്ദ്രത്തില്‍ നിന്നും ഒരു പി.ഒ.സി നേടിയെടുത്താല്‍ തീരുന്ന പ്രശ്‌നമായിട്ടുപോലും അതിനു ശ്രമിക്കാതെ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറഞ്ഞു നടക്കുകയാണ്. എയര്‍പോര്‍ട്ടുണ്ടാക്കുന്നതിന് മുമ്പേ അവിടെ പി.ഒ.സി ലഭിക്കുമോ എന്ന പഠനം എന്തുകൊണ്ട് നടത്തിയില്ല? രാജ്യം മുഴുവന്‍ പണിയുന്ന എയര്‍പോര്‍ട്ടുകള്‍ക്കു പി.ഒ.സി കൊടുക്കാന്‍ നിന്നാല്‍ ഇന്‍ഡസ്റ്ററിയുടെ ബാലന്‍സ് തെറ്റും. ആഭ്യന്തര വിമാനസര്‍വീസുകള്‍ ഓരോന്നായി അടച്ചുപൂട്ടിയ കഥ നമുക്കറിയാമല്ലോ.

പറഞ്ഞുതുടങ്ങിയത് നമ്മുടെ നാട്ടിലെ മാലിന്യങ്ങളെ എങ്ങനെ നീക്കം ചെയ്യും എന്നതിനെ കുറിച്ചാണ്. ജാതിയും, മതവും, രാഷ്ട്രീയവും മറന്നു നാം ഒന്നിക്കണം. പവിത്രമായ നമ്മുടെ മണ്ണ് വലിയൊരു ചവറ്റുകൂനയായി അധഃപതിക്കാതിരിക്കാന്‍ നാമോരുരുത്തതും ശ്രദ്ധിക്കണം. 1987-ലാണ് ഇന്ത്യയിലെ ആദ്യത്തെ WTE പ്ലാന്റ് ഡല്‍ഹിയില്‍ തുടങ്ങിയത്. പതിനാലെണ്ണത്തില്‍ ഏഴെണ്ണം അടച്ചുപൂട്ടേണ്ടി വന്നു. 40 മെഗാവാട്ട് വൈദ്യതി ഉല്‍പ്പാദിപ്പിക്കാന്‍ ഇവെസ്റ്റ് ചെയ്യേണ്ടത് 20-25 കോടി രൂപയാണ്.

കോടികള്‍ ചെലവിട്ട് ട്രാഫിക് ക്യാമറകള്‍ സ്ഥാപിച്ചപോലെ, കെ-ഫോണ്‍ ലൈനുകള്‍ ഇലക്ട്രിക് പോസ്റ്റിലൂടെ വലിച്ചപോലെ നാട്ടിലെ ഓരോ മുക്കിലും മൂലയിലും എ.ഐ ക്യാമറകള്‍ സ്ഥാപിച്ചുകൊണ്ട് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുകയും അവര്‍ക്കു കനത്തപിഴ ചുമത്തുകയും ചെയ്യുക. അതോടപ്പം അതാതു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ അവരവരുടെ ഓരോ വാര്‍ഡിലും മാലിന്യപ്പെട്ടികളും അവ ശേഖരിക്കാനുള്ള യന്ത്ര വല്‍കൃത വാഹനങ്ങളും സജ്ജമാക്കുകയും അവ പ്രത്യുല്‍പാദനത്തിനായി വേണ്ടത്ര പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും ചെയ്യുക. ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിച്ചാല്‍ ജനങ്ങളുടെ എതിര്‍പ്പുകള്‍ ഉണ്ടാവില്ല. സമരങ്ങളും എതിര്‍പ്പുകളും കുറയും.

അടുത്ത കേരള ലോകസഭ ചൈനയില്‍ നടത്തിയാല്‍ അവിടത്തെ ടെക്‌നോളജിയും ചൈനീസ് മാതൃകയും നമുക്കോപ്പിയെടുക്കാനാവും. അവിടത്തെപോലെ ഇവിടെയും മാലിന്യത്തില്‍നിന്നും ഇലക്ട്രിസിറ്റി ഉല്‍പാതിപ്പിച്ച് ഉപഭോക്താക്കള്‍ക്കു കരണ്ടു വിലകുറച്ചു വില്‍ക്കാം. വരും തലമുറയ്ക്ക് വസിക്കുവാന്‍ പാകത്തില്‍ പരിസ്ഥിതി സൗഹാര്‍ദ ഭവനമായി ഭൂമിയെ മാറ്റുവാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ”നവകേരളം എങ്ങോട്ട്, അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതയും” എന്നവിഷയത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന പ്രബന്ധത്തില്‍ കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജനം എങ്ങനെ അമേരിക്കന്‍ മാതൃകയില്‍ നടത്താമെന്നുകൂടി പറയുമായിരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *