നിര്‍മാണം പൂര്‍ത്തിയായ ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 19 കോടിയോളം രൂപ ചെലവിട്ടാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ റോഡിനായി പണം അനുവദിച്ചിരുന്നുവെങ്കിലും കരാറുകാരന്റെ മെല്ലെപ്പോക്കിനെ തുടര്‍ന്നാണ് റോഡ് പണി വൈകിയത്.
അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്നും ആ അര്‍ഥത്തില്‍ മികച്ച റോഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി അരിക്കൊമ്പന് മാറിയെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഈരാറ്റുപേട്ട-വാഗമണ്‍ റോഡിന് അനുബന്ധമായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.