എൻ.ബി.എ അക്രഡിറ്റേഷൻ: കോഴിക്കോട് എൻ.ഐ.ടിയ്ക്ക് വീണ്ടും മികച്ച  നേട്ടം

എൻ.ബി.എ അക്രഡിറ്റേഷൻ: കോഴിക്കോട് എൻ.ഐ.ടിയ്ക്ക് വീണ്ടും മികച്ച  നേട്ടം

കോഴിക്കോട്:എൻ ബി.എ അക്രഡിറ്റേഷനിൽ കഴിഞ്ഞ ഡിസംബറിൽ കൈവരിച്ച മികച്ച പ്രകടനം തുടർന്നു കൊണ്ട്, എൻ.ഐ.ടി കാലിക്കറ്റ് അതിന്റെ മൂന്ന് അക്കാദമിക് പ്രോഗ്രാമുകൾക്ക് കൂടി ന്യൂഡൽഹിയിലെ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷനിൽ (എൻ‌ബി‌എ) നിന്നും ഏറ്റവും  മികച്ച പദവി  നേടി. ബി.ടെക് (കെമിക്കൽ എഞ്ചിനീയറിംഗ്, ബി.ടെക് (പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്), എം.ടെക് (ടെലികമ്മ്യൂണിക്കേഷൻ)  എന്നീ പ്രോഗ്രാമുകൾക്കാണ് അടുത്തിടെ നടത്തിയ മൂല്യനിർണ്ണയത്തിൽ  ഏറ്റവും മികച്ച പദവിയായ 6 വർഷത്തെ (2023-2029)  അക്രഡിറ്റേഷൻ നേടിയത്. 2023 ഫെബ്രുവരി 10-12 തീയതികളിൽ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള 11 മുതിർന്ന പ്രൊഫസർമാരടങ്ങുന്ന ഒരു വിദഗ്ധ സമിതിയുടെ പരിശോധനാ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.ടി കാലിക്കറ്റ് ഈ നേട്ടം കൈവരിച്ചത്. 2022 നവംബറിൽ നടന്ന  അക്രഡിറ്റേഷനായുള്ള മൂല്യനിർണ്ണയത്തിൽ അഞ്ച് പ്രമുഖ ബി.ടെക് പ്രോഗ്രാമുകൾക്ക് – സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്., കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്  എന്നിവയ്ക്ക് – ആറ് വർഷത്തെ അക്രഡിറ്റേഷൻ പദവി ലഭിച്ചിരുന്നു. ഇവ കൂടാതെ, ബി.ടെക് (ബയോടെക്നോളജി), എം.ടെക് (എനർജി എൻജിനീയറിങ് ആൻഡ് മാനേജ്മെൻ്റ്) എന്നിവയ്ക്ക് 3 വർഷത്തെ (2023-2026) അക്രഡിറ്റേഷനും ഇത്തവണ  ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റ് മിക്ക എം.ടെക് പ്രോഗ്രാമുകളും  ഇതിനകം അക്രഡിറ്റേഷൻ നേടിയിട്ടുണ്ട്.

 

രാജ്യത്തെ മറ്റ് സർവ്വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾ നടത്തുന്ന  പ്രോഗ്രാമുകൾ ടയർ-2 അക്രഡിറ്റേഷൻ പ്രക്രിയയ്ക്ക് കീഴിലാണെങ്കിലും, എല്ലാ NIT-കളും മറ്റ് ഡീംഡ് സർവ്വകലാശാലകളും, ഗുണനിലവാരത്തിന്റെ കാര്യത്തിൽ കൂടുതൽ കർശനമായ ടയർ -1 സ്കീമിന് കീഴിലാണ് വരുന്നത്. മാത്രമല്ല, 2021-ൽ NBA അവതരിപ്പിച്ച പുതിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവിലെ മൂല്യനിർണ്ണയം നടത്തിയത്. ഇത് പ്രായോഗികമായി മുമ്പത്തെ നിബന്ധനകളുമായി താരതമ്യപ്പെടുത്തുമ്പോൾ നേടാൻ പ്രയാസമുള്ളതാണ്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ അപൂർവം സ്ഥാപനങ്ങളിലൊന്നാണ് എൻഐടി കാലിക്കറ്റ്.

 

ഈ അവസരത്തിൽ ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു, “മെച്ചപ്പെട്ട വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം, വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും  നേട്ടങ്ങൾ,  ലോകോത്തര ഗവേഷണ സൗകര്യങ്ങൾ, ഗവേഷണ-വികസന പദ്ധതികളുടെ എണ്ണത്തിലെ ഗണ്യമായ പുരോഗതി എന്നിവ ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിന് കഴിവിലും മികവിലും ഉയർന്ന തലത്തിലെത്താൻ വഴിയൊരുക്കുന്നു. ഈ മഹത്തായ നേട്ടം കൈവരിച്ചതിൽ എല്ലാ ഫാക്കൽറ്റി അംഗങ്ങളെയും വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും തൊഴിലുടമകളെയും ഞാൻ അഭിനന്ദിക്കുന്നു. വാഷിംഗ്ടൺ ഉടമ്പടിയിൽ നമ്മുടെ രാജ്യം ഒപ്പുവെച്ചിരിക്കുന്നതിനാൽ, ഈ നേട്ടം നമ്മുടെ വിദ്യാർത്ഥികളെ ഉന്നത പഠനത്തിനായി ലോകത്തെ മികച്ച സർവ്വകലാശാലകളിൽ പ്രവേശനം നേടുന്നതിനും ലോകത്തെമ്പാടുമുള്ള പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി നേടുന്നതിനും സഹായിക്കും”.

 

എൻ.ഐ.ടി.സി-യിലെ യു.ജി, പി.ജി പ്രോഗ്രാമുകളുടെ എൻ‌.ബി‌.എ അക്രഡിറ്റേഷനിലെ ശ്രദ്ധേയമായ നേട്ടം ഇൻസ്റ്റിറ്റ്യൂട്ടിലെ ഗുണനിലവാര ബോധമുള്ള അക്കാദമിക് അന്തരീക്ഷത്തിന് കാരണമാകുമെന്ന് എൻ.ഐ.ടി.സി ഡെപ്യൂട്ടി ഡയറക്ടറും സെന്റർ ഫോർ ക്വാളിറ്റി അഷ്വറൻസ് ആൻഡ് എൻഹാൻസ്‌മെന്റ ചെയർപേഴ്‌സണുമായ പ്രൊഫ. പി.എസ്.സതീദേവി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 160 ഓളം പുതിയ ഫാക്കൽറ്റി അംഗങ്ങളെ റെഗുലർ കേഡറുകളിലേക്ക് റിക്രൂട്ട് ചെയ്തു. കൂടാതെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തമായ അക്കാദമിക് സ്ഥാപനങ്ങളിലെ ഫാക്കൽറ്റി അംഗങ്ങളുടെയും വ്യവസായ വിദഗ്ധരുടെയും സഹകരണങ്ങൾ അദ്ധ്യാപനത്തിലും ഗവേഷണങ്ങളിലും  പ്രയോജനപ്പെടുത്തുന്നതിന് ക്രിയാത്മകമായ  നടപടികൾ കൈക്കൊള്ളുന്നു.

 

2010 ജനുവരി മുതൽ നിലവിൽ വന്ന  ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ എൻ‌.ബി‌,എ, സാങ്കേതിക സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകളുടെ അക്രഡിറ്റേഷൻ ചെയ്യുന്ന ആധികാരിക സ്ഥാപനം ആണ്. യു.എസ്.എ, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളുടെ അക്രഡിറ്റേഷൻ ബോഡികളുടെ ആഗോള കൺസോർഷ്യമായ വാഷിംഗ്ടൺ കരാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആണ് എൻ‌.ബി‌.എ അക്കാഡമിക്     പ്രോഗ്രാമുകളുടെ വിലയിരുത്തൽ നടത്തുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *