ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് ഉള്‍പ്പടെയുള്ള സേവനങ്ങളുടെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് വന്‍ തുക പിഴ വിധിച്ച് അയര്‍ലണ്ട് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍. യൂറോപ്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായും അവ യു.എസിലേക്ക് കൊണ്ടുപോവുന്നതുമായും ബന്ധപ്പെട്ട് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് 130 കോടി ഡോളര്‍ പിഴ വിധിച്ചത്. സ്വകാര്യതയുമായി ബന്ധപ്പെട്ട് യൂറോപ്പ് ചുമത്തിയ ഏറ്റവും വലിയ തുകയാണിത്.
ഫെയ്സ്ബുക്കിനെ ലക്ഷ്യമിട്ടാണ് ഡിപിസിയുടെ നടപടി. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ പറഞ്ഞു. നീതീകരിക്കാനാവാത്തതും അനാവശ്യവുമാണ് ഈ പിഴയെന്നും കോടതി വഴി ശിക്ഷ സ്റ്റേ ചെയ്യാനുള്ള ശ്രമം നടത്തുമെന്നും മെറ്റ അറിയിച്ചു. അതിര്‍ത്തി കടന്നുള്ള വിവര കൈമാറ്റം സാധ്യമാവാതെ വന്നാല്‍ വിവിധ രാജ്യങ്ങളില്‍ ഒരു പോലെ ലഭ്യമാക്കുന്ന സേവനങ്ങളില്‍ പലതും നല്‍കാന്‍ സാധിക്കാതെ വരുമെന്നും അത് ഭീഷണികള്‍ വര്‍ധിപ്പിക്കുകയേ ചെയ്യുകയുള്ളൂവെന്നും മെറ്റ ചൂണ്ടിക്കാണിക്കുന്നു.
യൂറോപ്യന്‍ യൂണിയനും യുഎസ് ഭരണകൂടവും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അംഗീകാരം നല്‍കിയ പുതിയ ഡാറ്റാ പ്രൊട്ടക്ഷന്‍ ഫ്രെയിംവര്‍ക്ക് ജൂലായോടെ തയ്യാറായേക്കുമെന്ന് ഡിപിസി പറഞ്ഞു.