ന്യൂഡല്‍ഹി: തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്ന് സുപ്രീം കോടതി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ലെന്നും നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നതിനാല്‍ നിയമത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. അതില്‍ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജെല്ലിക്കെട്ട് സംരക്ഷിക്കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗസ്‌നേഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ജെല്ലിക്കെട്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറിക്കടക്കാന്‍ നിയമം കൊണ്ടുവന്നിരുന്നു അനുഛേദം 29 (1) ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധാ ബോസാണ് വിധി പറഞ്ഞത്.
കേസിന്റെ നാള്‍വഴി:
• 2006 മാര്‍ച്ച് 2 : മദ്രാസ് ഹൈക്കോടതി ജെല്ലിക്കെട്ട് നിരോധിക്കുന്നു.
• 2007 ജനുവരി 10 : ജെല്ലിക്കെട്ട് നടത്തിപ്പുകാര്‍ കൊടുത്ത അപ്പീലിന്മേല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ്, ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്യുന്നു.
• 2007 മാര്‍ച്ച് 9 : ജെല്ലിക്കെട്ടിനു മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം.
• 2007 ജൂലൈ 27 : ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് എ.ഡബ്ല്യു.ബി സുപ്രീം കോടതിയില്‍. വിധി സ്റ്റേ ചെയ്യപ്പെടുന്നു.
• 2009 ജൂലൈ 21 : ഡി.എം.കെ സര്‍ക്കാര്‍ തമിഴ്‌നാട് ജെല്ലിക്കെട്ട് നിയന്ത്രണ നിയമം കൊണ്ടുവരുന്നു. ജെല്ലിക്കെട്ടിന് വീണ്ടും സാഹചര്യം.
• 2011 ഏപ്രില്‍ 8 : ഈ നിയമത്തെ PETA സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നു.
• 2011 ജൂലൈ 11 : കാളകളെ പ്രകടനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുന്നു.
• 2014 മെയ് 7 : AWBI , PETA എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്ന സുപ്രീം കോടതി, ജെല്ലിക്കെട്ട് വീണ്ടും നിരോധിക്കുന്നു.
• 2017 ജനുവരി 23 : തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് ബില്‍ കൊണ്ടുവരുന്നു. അതോടെ PCA നിയമഭേദഗതി നടപ്പില്‍ വരുന്നു, ജെല്ലിക്കെട്ട് നടത്താനുള്ള തടസ്സങ്ങള്‍ നീങ്ങുന്നു.
• 2017 ജനുവരി 24 : ഈ ഭേദഗതിയെ AWBI , PETA എന്നീ സംഘടനകള്‍ സുപ്രീം കോടതിയില്‍ വീണ്ടും ചോദ്യം ചെയ്യുന്നു.
• 2018ഫെബ്രുവരി 2 : സുപ്രീം കോടതി ജെല്ലിക്കെട്ട് സംബന്ധിച്ച എല്ലാ കേസുകളും ഭരണഘടനാ ബെഞ്ചിന് വിടുന്നു.