കോഴിക്കോട്: രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള ശുദ്ധമായ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീര കര്‍ഷകരാണെന്നും അതിന് നിദാനമായത് മലബാര്‍ മില്‍മയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വകുപ്പിന്റെ കണക്കു പ്രകാരം മലബാറിലെ ക്ഷീര കര്‍ഷകരില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്റെ ശരാശരി അണു ഗുണനിലവാരം 204 മിനിറ്റായി ഉയര്‍ന്നു. അടുത്ത സാമ്പത്തിക വര്‍ഷം 236 മിനിറ്റായി ഉയര്‍ത്തുകയാണ് ലക്ഷ്യം. 190 മിനിറ്റ്, 180 മിനിറ്റ് എന്നീ ക്രമത്തില്‍ അണു ഗുണനിലവാരത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത് കര്‍ണാടകയും പഞ്ചാബുമാണ്. തമിഴ്‌നാട് 80, ആന്ധ്ര പ്രദേശ് 30, ഗുജറാത്ത് 90, ഹിമാചല്‍ പ്രദേശ് 60, മഹാരാഷ്ട്ര 60, മണിപ്പൂര്‍ 60, മേഘാലയ 120, ബീഹാര്‍ 60, ജമ്മു ആന്റ് കാശ്മീര്‍ 90, നാഗലാന്റ് 60, ഒഡീഷ 60, രാജസ്ഥാന്‍ 120, സിക്കിം 60 എന്നിങ്ങനെയാണ് യഥാക്രമം മറ്റു സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ അണു ഗുണനിലവാരം.
കേരളത്തെ അപേക്ഷിച്ചു രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ മേച്ചില്‍ പുറങ്ങളാലും പച്ചപ്പുല്ലു കൊണ്ടും സുലഭമാണ്. എന്നിട്ടും കേരളം മികച്ച പാലുത്പാദിപ്പിച്ച് സ്വയംപര്യാപ്തതയിലേക്കു കാല്‍ വെയ്ക്കുകയാണ്. ക്ഷീര കര്‍ഷകര്‍ക്ക് സഹായധനം നല്‍കി അവരുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് പാലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ മലബാര്‍ മില്‍മ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1041.47 കോടി രൂപയാണ് മില്‍മ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വിലയായി നല്‍കിയത്. ഇത് കൂടാതെ അധികപാല്‍ വിലയായി 29.16 കോടി രൂപയും കാലിത്തീറ്റ സബ്‌സിഡിയായി 7.65 കോടി രൂപയും ക്ഷീര കര്‍ഷക ക്ഷേമനിധിയിലേയ്ക്ക് 7.79 കോടി രൂപയും, ക്ഷീര കര്‍ഷകര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷൂറന്‍സ്, കൊടും വേനലില്‍ പാലു കുറയുന്നതിനു സമാനമായി
കര്‍ഷകനു ആശ്വാസ ധനം ലഭ്യമാക്കുന്ന ഇന്‍ഷൂറന്‍സിനും മറ്റ് വിവിധതരം കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി 15.01 കോടി രൂപയും ചേര്‍ത്ത് മൊത്തം ആകെകഴിഞ്ഞ സാമ്പത്തിക വര്‍ഷം 1101.08 കോടി രൂപ മേഖലാ യൂണിയന്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കി. ഇത് മലബാര്‍ മേഖലാ യൂണിയന്റെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡാണ്.
കൃഷി വ്യാപകമാക്കി തീറ്റപ്പുല്ല്, സൈലേജ് എന്നിവ സബ്‌സിഡി നിരക്കില്‍ മലബാറിലെ കര്‍ഷകര്‍ക്ക് മില്‍മ നല്‍കി. മൂന്ന് കോടി കിലോ ഗ്രാം പുല്ലാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭ്യമാക്കിയത്, 1198 ക്ഷീര സംഘങ്ങളില്‍ 240-ഓളം ക്ഷീര സംഘങ്ങള്‍ പാല്‍ തണുപ്പിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായ നൂതന കൂളര്‍ സംവിധാനത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 62 ക്ഷീര സംഘങ്ങള്‍ അന്താരാഷ്ട്ര ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ച് പാലിന്റെ ഗുണനിലവാരത്തില്‍ വലിയ മാറ്റം കൊണ്ടു വരാന്‍ പ്രാപ്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.
മലബാര്‍ മേഖലയില്‍ ആറ് ജില്ലകളിലായി 14 ക്വാളിറ്റി അഷ്വറന്‍സ് ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെട്ട 14 സഞ്ചരിക്കുന്ന മൊബൈല്‍ ലബോറട്ടറികള്‍ പ്രവര്‍ത്തിച്ചു വരുന്നു. കര്‍ഷക തലത്തിലും ക്ഷീര സംഘം തലത്തിലും പാലിന്റെ അണുഗുണനിലവാരം, സൊമാറ്റിക്‌സ് സെല്‍ കണ്ടന്റ്. പൂപ്പല്‍ വിഷം, പാലിന്റെ ആന്റി ബയോട്ടിക് സാന്നിദ്ധ്യം മറ്റ് കെമിക്കലുകളുടെ സാന്നിദ്ധ്യംഎന്നിങ്ങനെ നിരവധിയായ പരിശോധനകള്‍ ദിവസംതോറും നടത്തിയാണ് ശുചിയായ പാല്‍ സംഭരണം മില്‍മ ഉറപ്പാക്കുന്നത്. മില്‍മയുടെ ഉദ്ദേശലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതില്‍ ദൃഢ നിശ്ചയത്തോടെ ഒപ്പം നിന്നത് മലബാറിലെ ക്ഷീര കര്‍ഷകരാണ്. ഈ നേട്ടം അവരുടേതു കൂടിയാണ്. ഗുണമേന്മ ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ മില്‍മ പദ്ധതികളും സഹായങ്ങളും ആവിഷ്‌ക്കരിച്ചു നടപ്പാക്കുമെന്ന് മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.മുരളിയും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ മാനെജര്‍ കെ.സി.ജെയിംസ്, മാര്‍ക്കറ്റിംഗ് മാനെജര്‍ സജീഷ് എം. എന്നിവരും പങ്കെടുത്തു.