തിരുവനന്തപുരം: തിരുവനന്തപുരം പുത്തന്‍തോപ്പില്‍ യുവതിയും കുഞ്ഞും കുളിമുറിക്കുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ കൊലപാതകമാരോപിച്ച് യുവതിയുടെ അച്ഛന്‍ പ്രമോദ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അഞ്ജുവിന്റെ അച്ഛന്‍ കഠിനംകുളം പോലിസില്‍ പരാതി നല്‍കി. പുത്തന്‍തോപ്പ് സ്വദേശി രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവും ഒമ്പതുമാസം പ്രായമുള്ള മകന്‍ ഡേവിഡുമാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളിലെ കുളിമുറിയിലാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മര്‍ദ്ദിക്കുമായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് അച്ഛന്‍ ആരോപിക്കുന്നത്. കുളിമുറിയില്‍ പൊള്ളലേറ്റ നിലയിലാണ് മകളെയും പേരക്കുട്ടിയെയും കണ്ടത്. മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു.
സംഭവസമയം അഞ്ജുവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് രാജു ജോസഫ് അയല്‍പക്കത്തെ വീട്ടിലായിരുന്നുവെന്നാണ് പറയുന്നത്. കണ്ടയുടനെ രാജു ഉടന്‍ മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഒന്നരവര്‍ഷം മുന്‍പായിരുന്നു രാജു ജോസഫിന്റെയും വെങ്ങാനൂര്‍ സ്വദേശിയായ അഞ്ജുവിന്റെയും പ്രണയ വിവാഹം. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് കഠിനംകുളം പോലിസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് കൂടുതല്‍ അന്വേഷണത്തിലാണ്.