‘ബോട്ടില്‍ കയറാന്‍ 15 പേര്‍ക്ക് 300 രൂപ മതിയെന്ന വാഗ്ദാനത്തില്‍ വീണു: മുഴുവന്‍ പേരെയും പിടികൂടിയാല്‍ മാത്രമേ കുടുംബത്തിന് നീതി ലഭിക്കൂ’

‘ബോട്ടില്‍ കയറാന്‍ 15 പേര്‍ക്ക് 300 രൂപ മതിയെന്ന വാഗ്ദാനത്തില്‍ വീണു: മുഴുവന്‍ പേരെയും പിടികൂടിയാല്‍ മാത്രമേ കുടുംബത്തിന് നീതി ലഭിക്കൂ’

താനൂര്‍: 300 രൂപ നല്‍കിയാല്‍ 15 പേര്‍ക്ക് ബോട്ടില്‍ കയറാമെന്ന ജീവനക്കാരുടെ വാഗ്ദാനത്തില്‍ കുടുംബം വീണുപോയെന്ന്, താനൂര്‍ അപകടത്തില്‍ 11 പേര്‍ മരിച്ച വീട്ടിലെ ഗൃഹനാഥന്‍ സെയ്തലവി. ബോട്ടില്‍ പരമാവധി യാത്രക്കാരെ കുത്തിനിറക്കാനായിരുന്നു ഈ തന്ത്രം. അപകടത്തില്‍ ഭാര്യയും നാലു മക്കളും ഉള്‍പ്പെടെ 11 പേരെയാണ് സെയ്തലവിക്ക് നഷ്ടമായത്. മുഖ്യ പ്രതി നാസര്‍ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യത ഉണ്ട്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ പേരെയും പിടികൂടിയാല്‍ മാത്രമേ കുടുംബത്തിന് നീതി ലഭിക്കൂ എന്നും സെയ്തലവി പറഞ്ഞു.

ബോട്ടില്‍ കയറേണ്ട എന്ന് പെങ്ങളും മൂത്തമകളും പലവട്ടം പറഞ്ഞിരുന്നു. ബോട്ടില്‍ കയറരുത് എന്ന് താനും ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാസറിന് സഹായം ചെയ്ത ഉദ്യോഗസ്ഥര്‍ അടക്കം എല്ലാവരെയും പിടികൂടിയാലേ നീതി ലഭിക്കൂ. കുടുങ്ങിപ്പോയ ഒരു കുഞ്ഞിനെപ്പോലും രക്ഷിക്കാന്‍ ജീവനക്കാര്‍ തയാറായില്ല. നാളെ മറ്റൊരു കുടുംബത്തിന് ഈ ഗതി വരരുതെന്നും സെയ്തലവി പറഞ്ഞു.

താനൂര്‍ ബോട്ട് ബോട്ട് അപകടത്തില്‍ വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച പുറത്തുവന്നിരുന്നു. നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാന്‍ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. ഉള്‍നാടന്‍ ജലഗതാഗതം സുരക്ഷിതമാക്കാനും ബോട്ടുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനുമുള്ള കര്‍ശന വകുപ്പുകള്‍ ഉള്‍പ്പെടുന്ന 2021ലെ ഇന്‍ലാന്‍ഡ് വെസല്‍സ് ആക്ട് നിലവിലുണ്ട്. അനുവദനീയമായതിലും അധികം ആളുകളെ കയറ്റി അപകടകരമായ രീതിയില്‍ ബോട്ട് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടും നോക്കിനിന്ന പൊലീസിനും ടൂറിസം വകുപ്പിനുമടക്കം ഈ ദുരന്തത്തില്‍ കൂട്ടുത്തരവാദിത്തമുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *