ആദ്യപാദത്തില്‍ എസി മിലാനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്റര്‍മിലാന്‍
മിലാന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ എസി മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്റര്‍മിലാന്‍. എഡിന്‍ ജൊക്കോയും ഹെന്റിക് മഖിതെര്യാനുമാണ് ഇന്ററിനായി ഗോളുകള്‍ നേടിയത്. 20 വര്‍ഷത്തിന് ശേഷമാണ് ചാംപ്യന്‍സ് ലീഗില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് ഇരുപാദങ്ങളിലും സമനിലയായിരുന്നെങ്കിലും എവേ ഗോളിന്റെ അടിസ്ഥാനത്തില്‍ എസി മിലാന്‍ സെമിയിലേക്ക് കടക്കുകയായിരുന്നു. മിലാന്‍ ഡര്‍ബി കാണാന്‍ 80000ത്തിലേറെ കാണികളാണ് ബുധനാഴ്ച സാന്‍സിറോ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മുന്‍ ഇന്റര്‍-എസി മിലാന്‍ ടീമംഗങ്ങളും എസി മിലാന്റെ ആരാധകനായ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും മത്സരം കാണാന്‍ എത്തിയിരുന്നു. മത്സരത്തിന്റെ തുടക്കം തന്നെ ആക്രമണോത്സുക കളിയാണ് ഇന്റര്‍മിലാന്‍ കാഴ്ചവച്ചത് അത് അവര്‍ക്ക് ലക്ഷ്യത്തിലെത്തിക്കാനും സാധിച്ചു.
എട്ടാം മിനിട്ടില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഹകാന്‍ ചാല്‍ഹനോളുവിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഇന്റര്‍മിലാന്‍ ആദ്യഗോള്‍ നേടിയത്. ഒരുഗ്രന്‍ ഇടംകാല്‍ വോളിയിലൂടെ എഡിന്‍ ജൊക്കോ ഹകാന്റെ കോര്‍ണര്‍ കിക്ക് എസി മിലാന്റ വലയിലേക്ക് തുളച്ചു കയറ്റി. എസി മിലാന്‍ തരിച്ചുപോയ നിമിഷം. തിരികെ കളിയിലേക്ക് എത്തുന്നതിന് മുമ്പേ എസി മിലാന് അടുത്ത പ്രഹരവുമേറ്റു. ഇത്തവണ ഹെന്റിക് മഖിതെര്യാനിലൂടെ ഇന്റര്‍മിലാന്‍ ലീഡുയര്‍ത്തി. 11ാം മിനിട്ടിലായിരുന്നു രണ്ടാം ഗോള്‍ പിറവിയെടുത്തത്. ഫെഡറിക്കോ ഡിമാര്‍ക്കോയുടെ അസിസ്റ്റില്‍ നിന്ന് ഹെന്റിക് തെടുത്തുവിട്ട ക്ലോസ് റേഞ്ച് ഷോട്ടിന് മുന്നില്‍ എസി മിലാന്റെ ഗോളി മൈക്ക് മൈഗ്നന് മറുപടിയില്ലായിരുന്നു. തുടര്‍ന്നുള്ള സമയങ്ങളില്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രമിച്ച ഇന്റര്‍മിലാന് മുന്നില്‍ എസി മിലാന്റെ ഒരു തന്ത്രവും ഫലിച്ചില്ല. എസി മിലാന്റെ പ്രധാന ഫോര്‍വേര്‍ഡ് താരമായ റാഫേല്‍ ലിയോയുടെ അഭാവം അവരുടെ കളിയില്‍ പ്രകടമായിരുന്നു. 16ന് അര്‍ധരാത്രി 12.30ന് ഇതേ വേദിയിലാണ് രണ്ടാംപാദ സെമിഫൈനല്‍ മത്സരം നടക്കുക.