പത്രസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

പത്രസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം

1993 ലാണ് യു എന്‍ ജനറല്‍ അസംബ്ലി മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഈ വര്‍ഷം അതിന്റെ 30-ാം വാര്‍ഷികം എത്തിനില്‍ക്കുമ്പോള്‍ പത്രസ്വാതന്ത്ര്യം എവിടെയെത്തി നില്‍ക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.

ലോകത്ത് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പത്രപ്രവര്‍ത്തന മേഖല സുരക്ഷിതമാണോ എന്നതാണ് കാതലായ പ്രശ്‌നം. ഇക്കാര്യത്തില്‍ ഒട്ടും പ്രതീക്ഷാ നിര്‍ഭരമായ സാഹചര്യമല്ല ലോകത്തുള്ളത്. ഭരണകൂടങ്ങളുടെ കൊള്ളരുതായ്മകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ജയിലറയോ ജീവഹാനിയോ ഏറ്റുവാങ്ങേണ്ടിവരുന്ന സാഹചര്യം ഇന്ന് നിലനില്‍ക്കുകയാണ്. പത്രസ്വാതന്ത്ര്യത്തിനായി നിരന്തരം മുറവിളികള്‍ ഉയരുന്നുണ്ടെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍പ്പോലും പത്രപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടങ്ങള്‍ ലക്ഷ്മണരേഖ വരക്കുന്നത് നിത്യസംഭവമാണ്. യുദ്ധങ്ങളും കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നവരെ പകയോടെ തിരഞ്ഞ് പിടിച്ച് വധിക്കുന്നതും നീണ്ട വര്‍ഷങ്ങള്‍ ജയിലിലടയ്ക്കുന്നതും നിരന്തരം വാര്‍ത്തകളാവുകയാണ്. മാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെയോ നിക്ഷിപ്തതാല്പര്യക്കാരുടെയോ കുഴലൂത്ത് നടത്തുന്നവരല്ല. അവര്‍ നേര് ജനങ്ങളിലെത്തിക്കാന്‍ ഉത്തരവാദപ്പെട്ടവരാണ്. പത്രസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ തന്നെ അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്കിഷ്ടമല്ലാത്ത വാര്‍ത്തകള്‍ പുറത്ത് വിട്ടാല്‍ മാധ്യമങ്ങള്‍ക്കെതിരെയും ലേഖകര്‍ക്കെതിരെയും വാളെടുക്കുന്നതും പതിവുകാഴ്ചയാണ്.

ജനാധിപത്യത്തിന്റെ നാലാം തൂണുകളിലൊന്നാണ് മാധ്യമങ്ങള്‍. എന്നാല്‍ രാജ്യത്തിന്റെ പാര്‍ലമെന്റ് നടപടികള്‍ പോലും ഫലപ്രദമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യങ്ങള്‍ കുറഞ്ഞു വരുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. മാധ്യമരംഗം നേരിടുന്ന പ്രധാന വെല്ലുവിളി കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റമാണ്. ഭരണകൂടങ്ങളുടെ തണലില്‍ തഴച്ചു വളരുന്ന കോര്‍പ്പറേറ്റുകള്‍ മാധ്യമരംഗം കൈയ്യടക്കുന്നതും സമീപകാല ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാനാകും. കോര്‍പ്പറേറ്റുകളുടെ കൈയ്യിലുള്ള മാധ്യമങ്ങളിലൂടെ ഒരിയ്ക്കലും യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരാന്‍ സാധ്യതയില്ല. ഇവിടെ വാര്‍ത്തകള്‍ക്ക് പക്ഷം അവര്‍ ചാര്‍ത്തിനല്‍കും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ വാര്‍ത്തകള്‍ നിര്‍മിക്കപ്പെടും. ഇത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. സത്യവും വസ്തുതയും മറച്ച് വെക്കപ്പെടുകയും അസത്യം പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ യാഥാര്‍ഥ്യം അറിയാനുള്ള പൗരന്റെ അവകാശമാണ് ഹനിക്കപ്പെടുന്നത്. സാധാരണക്കാരന്റെയും കര്‍ഷകന്റെയും വിഷയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കാതെ വരുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളുടെ വിഷയങ്ങള്‍ വാര്‍ത്താലോകത്തുനിന്ന് അപ്രത്യക്ഷമാകും.

കേരളത്തിലും മാധ്യമപ്രവര്‍ത്തനത്തിന് പലപ്പോഴും തടസ്സങ്ങള്‍ നേരിടാറുണ്ട്. തങ്ങള്‍ക്കിഷ്ടമല്ലാത്ത വാര്‍ത്തകള്‍ വരുമ്പോള്‍ രാഷ്ട്രീയ പിന്‍ബലത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും തൊഴിലുപകരണങ്ങള്‍ നശിപ്പിക്കുകയും മാധ്യമസ്ഥാപനങ്ങള്‍ കയറി അക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നത് പ്രബുദ്ധകേരളത്തിലും നടക്കുന്നു. തങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമാണ് ശരിയെന്ന് ചിന്തിക്കുന്നവരാണ് ആക്രമണത്തിന്റെ പിന്നണിക്കാര്‍. ജനാധിപത്യമെന്നാല്‍ വ്യത്യസ്താഭിപ്രായങ്ങളുടെ സംഗമ വേദിയാണെന്ന സങ്കല്പം ഇക്കൂട്ടര്‍ക്ക് അന്യമാണ്. ജാതിയുടെയും മതത്തിന്റെയും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളെയും സംരക്ഷിക്കലല്ല മാധ്യമപ്രവര്‍ത്തനം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തനം മാത്രമാണ് അവരുടെ മതം. അത് സമര്‍പ്പണവുമാകണം. മുഖം നോക്കിയും താല്പര്യങ്ങളുയര്‍ത്തിപ്പിടിച്ചും നടത്തേണ്ട ഒരു സര്‍ഗക്രിയയല്ല മാധ്യമ പ്രവര്‍ത്തനം.

മാധ്യമസ്വാതന്ത്ര്യം വെല്ലുവിളികള്‍ നേരിടുമ്പോഴും നമ്മുടെ രാജ്യത്തടക്കം ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ശരിയായ നിലപാടുകള്‍ക്കായി തൂലിക ചലിപ്പിക്കുന്നത് ശുഭോദര്‍ക്കമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമശൈലി സ്വീകരിക്കുമ്പോള്‍ ഉയരുന്ന വെല്ലുവിളികളെ ചെറുത്ത് തോല്പിക്കാന്‍ പൊതുസമൂഹം മാധ്യമപ്രവര്‍ത്തകരെ ചേര്‍ത്തു പിടിക്കണം. മാധ്യമസ്വാതന്ത്ര്യത്തിനായി ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശമാണ് ഈ ദിനം നമുക്ക് പകര്‍ന്നു നല്‍കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *