തിരുവനന്തപുരം: കുറഞ്ഞ പ്രീമിയം നിരക്കില്‍ മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ജീവന്‍ ദീപം ഒരുമ പദ്ധതിയിലൂടെ സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ 11,28,381 കുടുംബശ്രീ വനിതകള്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. തിരുവനന്തപുരം-59298, കൊല്ലം-88677, പത്തനംതിട്ട-32896, ആലപ്പുഴ-47242, ഇടുക്കി-28268, കോട്ടയം-55887, എറണാകുളം-2,05,282, തൃശൂര്‍-2,01,916, പാലക്കാട്-119298, വയനാട്-26162, മലപ്പുറം-61512, കോഴിക്കോട്-122970, കണ്ണൂര്‍-54861, കാസര്‍കോട്-24112ഉം അംഗങ്ങളാണുള്ളത്.
അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് സ്വാഭാവിക മരണമോ അപകടമരണമോ സംഭവിച്ചാല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കുടുംബശ്രീയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഇതിലെ ഏതെങ്കിലും ഒരംഗത്തിന് മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതോടെ ഈ സാഹചര്യം ഒഴിവാകും. മരണമടഞ്ഞ ആള്‍ക്ക് ലഭ്യമാകുന്ന ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും ഈ വ്യക്തിയുടെ പേരില്‍ നിലനില്‍ക്കുന്ന വായ്പാ തുക അയല്‍ക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും.
2020-21 സാമ്പത്തിക വര്‍ഷത്തിലാണ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്. 2022-23 സാമ്പത്തികവര്‍ഷം പദ്ധതി പുതുക്കി. 174 രൂപയാണ് വാര്‍ഷിക പ്രീമിയം. 18 മുതല്‍ 74 വയസുവരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18നും 50നും ഇടയില്‍ പ്രായമുള്ള അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള അവകാശിക്ക് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. 51-60, 61 -70, 71 -74 വരെ പ്രായമുള്ള പോളിസി ഉടമകള്‍ക്ക് സാധാരണ മരണം സംഭവിച്ചാല്‍ യഥാക്രമം 45,000, 15,000, 10000 എന്നിങ്ങനെ പോളിസി തുക ലഭിക്കും. എല്ലാ വിഭാഗത്തിലും പോളിസി ഉടമക്ക് അപകട മരണമോ അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാല്‍ പോളിസി തുകയ്‌ക്കൊപ്പം അപകട ആനുകൂല്യമായ 25,000 രൂപയും ലഭിക്കും. പദ്ധതിയുടെ ഭാഗമായി സി.ഡി.എസ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാരായ ബീമ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും നിലവിലുളള പോളിസി പുതുക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ബീമ മിത്ര വഴിയാണ്.
നഗര ദാരിദ്ര്യം ലഘൂകരിക്കുന്നതിനും നഗരത്തിലെ പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എന്‍.യു.എല്‍.എം). 2015 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. കുടുംബശ്രീ മുഖേന കേരളത്തില്‍ 93 നഗരസഭകളിലും പദ്ധതി നടപ്പാക്കി വരുന്നു. സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും, കാര്യശേഷി വികസനവും പരിശീലനവും, നൈപുണ്യ പരിശീലനവും തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കലും, സ്വയംതൊഴില്‍ പദ്ധതി, നഗരങ്ങളിലെ ഭവനരഹിതര്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, നൂതന ആശയ സവിശേഷ പദ്ധതികള്‍ എന്നിവയാണ്പദ്ധതിയുടെ കീഴിലുള്ള പ്രധാന ഘടകങ്ങള്‍. ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹ്യ സംഘാടനത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പ്രാധാന്യം നല്‍കി ദരിദ്രരെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു വികസന ക്രമം ചിട്ടപ്പെടുത്തിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. നഗരദരിദ്രരുടെ കാര്യശേഷി വികസനത്തിനും തൊഴില്‍ലഭ്യതയ്ക്കും വരുമാന വര്‍ധനവിനും ഭൗതിക ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിരവധിയായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ ഇതുവരെ 24893 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 24860 പേര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി. ഇതില്‍ 21576 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. 13736 പേര്‍ക്ക് തൊഴിലും നല്‍കി. ഉപജീവനമേഖലയില്‍ 5704 വ്യക്തിഗത സംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 47,378 പേര്‍ക്ക് ലിങ്കേജ് വായ്പ, 50,000 രൂപ വീതം 3360 എ.ഡി.എസുകള്‍ക്കും 10000 രൂപ വീതം 41,604 അയല്‍ക്കൂട്ടങ്ങള്‍ക്കും റിവോള്‍വിങ്ങ് ഫണ്ട് എന്നിവ വിതരണം ചെയ്തു. സര്‍വേയിലൂടെ 25,684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും അതില്‍ 19,020 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. പദ്ധതിയുടെ കീഴില്‍ 24 ഷെല്‍ട്ടര്‍ ഹോമുകള്‍ വിവിധ നഗരസഭകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കേന്ദ്രാവിഷ്‌കൃത പദ്ധതി ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എന്‍.യു.എല്‍.എം)പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളെ വിലയിരുത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനമാണ് സ്പാര്‍ക് (സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങ്. എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി ഇതിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്രഭവന നഗരകാര്യ മന്ത്രാലയം പൊതുവായ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഇതുപ്രകാരം പദ്ധതിയിലെ ഓരോ ഉപഘടകത്തിന്റെ കീഴിലും അതത് സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും പുരോഗതിയും കേന്ദ്ര മന്താലയത്തിന്റെ ഡേ-എന്‍.യു.എല്‍.എം.എം മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തണം. തൊഴില്‍ നൈപുണ്യ പരിശീലനവും തൊഴിലും ലഭിച്ചവരുടെ എണ്ണം, പുതുതായി രൂപീകരിക്കേണ്ടതും രൂപീകരിച്ചതുമായ അയല്‍ക്കൂട്ടങ്ങളുടെ എണ്ണം, വിതരണം ചെയ്ത വിവിധ വായ്പകള്‍, തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കിയ തെരുവു കച്ചവടക്കാരുടെ എണ്ണം, പദ്ധതിയിലെ ഓരോ ഘടകത്തിന്റേയും കീഴിലുള്ള ഫണ്ട് വിനിയോഗം, പദ്ധതിയിലെ നിര്‍ദേശ പ്രകാരം വിതരണം ചെയ്ത റിവോള്‍വിങ്ങ് ഫണ്ട് ഇങ്ങനെ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളും അവ സംബന്ധിച്ച പുരോഗതിയുമാണ് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തേണ്ടത്.
ഇപ്രകാരം പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമാണ് മികവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക് റാങ്കിങ്ങ് നിശ്ചയിക്കുന്നത്. ദേശീയ സ്പാര്‍ക് റാങ്കിങ്ങില്‍ കേരളം പുരസ്‌കാരം നേടിയത് തുടര്‍ച്ചയായി ആറു തവണയാണ്. കേരളത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഇതോടെ തുടര്‍ച്ചയായി ആറു തവണ സ്പാര്‍ക്ക് അവാര്‍ഡ് നേടുന്ന ഏക സംസ്ഥാനമെന്ന നേട്ടം കേരളത്തിന് സ്വന്തമായി. പതിനഞ്ചു കോടി രൂപയാണ് അവാര്‍ഡ് തുക. ഇത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും.
ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. മൂന്നാം സ്ഥാനം ഉത്തരാഖണ്ഡ് നേടി. ഇതിനു മുമ്പ് 2020-21 സാമ്പത്തികവര്‍ഷം ഒന്നാംസ്ഥാനവും 2021-22, 2018-19 വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനവും 2019-20, 2017-18 വര്‍ഷങ്ങളില്‍ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. പദ്ധതി നിര്‍വഹണത്തില്‍ മികവും സ്ഥിരതയും നിലനിര്‍ത്താന്‍ കഴിയുന്നത് കേരളത്തിന് ദേശീയതലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. 2021-22ലെ സ്പാര്‍ക് റാങ്കിങ്ങ് അവാര്‍ഡ് 2023 മാര്‍ച്ചിലാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് തന്നെ പെര്‍ഫോമന്‍സ് അസ്സസ്‌മെന്റ് പൂര്‍ത്തിയാക്കി റാങ്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതു മൂലം രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ അവാര്‍ഡുകള്‍ പത്തു ദിവസത്തെ ഇടവേളയില്‍ കുടുംബശ്രീക്ക് ലഭിച്ചു.
കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രിപ്ഷന്‍ വര്‍ധിപ്പിക്കുന്നതി നായി ഒരു പ്രത്യേക ക്യാമ്പെയിന്‍ ആരംഭിക്കുകയാണ്. മില്യണ്‍ പ്ലസ് എന്ന പേരിലാണ് ഈ ക്യാമ്പെയിന്‍ നടത്തുക. 46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളേയും പൊതുജനങ്ങളേയും കുടുംബശ്രീ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബൈഴ്‌സാക്കി മാറ്റി അതുവഴി സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുംമറ്റും ഫലപ്രദമായ രീതിയില്‍ താഴേത്തട്ടിലേക്ക് എത്തിക്കുകയാണ് ഈ ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ 1.39 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് കുടുംബശ്രീയുടെ യൂട്യൂബ് ചാനലിനുള്ളത്. 2023 ജനുവരി 26ന് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ചുവട് 2023 അയല്‍ക്കൂട്ട സംഗമമെന്ന പരിപാടിയോട് അനുബന്ധിച്ച് വന്‍തോതില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഒരുദിവസം കൊണ്ട് അയല്‍ക്കൂട്ടാംഗങ്ങളെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു അയല്‍ക്കൂട്ടസംഗമത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയത്.
ഇത്തരത്തിലുള്ള ആശയം കേന്ദ്രീകരിച്ച് ആറ് മാസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വ്യാപകമായ ക്യാമ്പെയിനാണ് മില്യണ്‍ പ്ലസ്. അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ്, ജില്ല, സംസ്ഥാന തലങ്ങളില്‍ വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണംചെയ്ത് ഈ ക്യമ്പെയിന്റെ ഭാഗമാ യി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ മത്സരങ്ങള്‍, ചുവട് അയല്‍ക്കൂട്ട സംഗമം മാതൃകയില്‍ പരമാവധി സബ്‌സ്‌ക്രൈബേഴ്‌സിനെ ഒറ്റ ദിനം വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പരിപാടികള്‍, ഇന്‍ഫൊ വീഡിയോകള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന വീഡിയോകള്‍ തയാറാക്കി യൂട്യൂബില്‍ അപ്ലോഡ് ചെയ്യല്‍, വ്‌ളോഗേഴ്‌സ്, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് പോലുള്ള പ്രവര്‍ത്തനങ്ങള്‍, യൂട്യൂബ് ചാനല്‍ വഴി തത്സമയ പരിപാടികള്‍, കുടുംബശ്രീയുടെവിവിധ ഇവന്റുകളില്‍ കുടുംബശ്രീ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനുള്ള ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ സംയോജനം എന്നിങ്ങനെ നീളുന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പെയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ജാഫര്‍ മാലിക് ഐ.എ.എസ് (കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍), ജഹാംഗീര്‍.എ (പ്രോഗ്രാം ഓഫീസര്‍), എല്‍.ഐ.സി റീജിയണല്‍ മാനേജര്‍ പി.രാധാകൃഷ്ണന്‍, എല്‍.ഐ.സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പ്രേംകുമാര്‍.എസ്, സ്റ്റേറ്റ്ഇന്‍ഷുറന്‍സ് ഡയരക്ടര്‍ ഷാജി വില്‍സണ്‍ എന്നിവരും സംബന്ധിച്ചു.