ന്യൂഡല്‍ഹി: ബജറ്റ് യാത്രക്കാരെ ലക്ഷ്യമിട്ട് പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഗോ ഫസ്റ്റ് എയര്‍വേയ്‌സ് പാപ്പരത്ത നടപടിക്കായി ദേശീയ കമ്പനി ട്രിബ്യൂണലിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഗോ എയര്‍ എന്ന പേരില്‍ ആരംഭിച്ച് പിന്നീട് ഗോ ഫസ്റ്റ് ആയി മാറിയ കമ്പനി കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിവരം.
വിമാനക്കമ്പനികള്‍ സാമ്പത്തിക നഷ്ടത്തിലാകുന്നതും തകര്‍ച്ചയെ നേരിടുന്നതും വാര്‍ത്തകളല്ലാതാവുകയാണ്. 2012 ല്‍ വിവാദ വ്യവസായി വിജയ് മല്ലയയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ സാമ്പത്തികമായി തകര്‍ന്നത് ചര്‍ച്ചയായിരുന്നു. കിങ് ഫിഷറിനുള്ളിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ മുതല്‍ മല്യയുടെ രാഷ്ട്രീയമടക്കമുള്ള വിവിധ കാര്യങ്ങള്‍ ദേശീയ, അന്തര്‍ദ്ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2019 ല്‍ ജെറ്റ് എയര്‍വേയ്‌സ് ആണ് രാജ്യത്ത് ഏറ്റവും അവസാനം തകര്‍ച്ച നേരിട്ട് സര്‍വീസ് അവസാനിപ്പിച്ച വിമാനക്കമ്പനി.
2005 ല്‍ അഹമ്മദാബാദ്-മുംബൈ സര്‍വീസോടെയാണ് ഗോ എയറിന് തുടക്കമാകുന്നത്. കുറഞ്ഞ ചെലവില്‍ വിമാനയാത്ര എന്ന ആശയം കമ്പനി മുന്നോട്ടു വെച്ചതോടെ ഗോ എയര്‍ ഇന്ത്യ വിപണി സ്വന്തമാക്കി. 2022 ലെ കണക്കനുസരിച്ച് 1. 09 കോടി യാത്രക്കാര്‍ ഗോ എയറിനുണ്ടായിരുന്നു. 8. 8 ശതമാനമായിരുന്നു കമ്പനിയുടെ വിപണി വിഹിതം. 50 ശതമാനത്തിലധികം വിപണി വിഹിതമുള്ള ഇന്‍ഡിഗോയ്ക്കും 10 ശതമാനത്തോളം വിഹിതമുള്ള എയര്‍ ഇന്ത്യക്കും പിന്നിലായിരുന്നു ഗോ എയര്‍. 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് ആഭ്യന്തര അന്തര്‍ദ്ദേശീയ സര്‍വീസുകളുള്‍പ്പെടെ 330 ലധികം സര്‍വീസുകളും ഗോ എയര്‍ പൂര്‍ത്തീകരിച്ചിരുന്നു.
വിമാനത്തിന്റെ എന്‍ജിന്‍ ലഭ്യമാക്കുന്നതില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്നി വീഴ്ചവരുത്തിയതാണ് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കമ്പനിയെ തള്ളിവിട്ടത്. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങളും നിലവില്‍ സര്‍വീസിന് അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ്. ഇതില്‍ 25 എണ്ണവും നേരിടുന്ന പ്രശ്നം
എന്‍ജിനുകളില്ലാത്തതാണ്. 2019-ല്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്നി നല്‍കിയ എന്‍ജിനുകളില്‍ ഏഴ് ശതമാനം മാത്രമായിരുന്നു തകരാറിലായത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ തകരാറിലായ എന്‍ജിനുകളുടെ എണ്ണം വര്‍ധിച്ചു. 2020 ല്‍ ഇത് 31 ശതമാനവും 2022 ല്‍ 50 ശതമാനവുമായി വര്‍ധിച്ചു.