ശാസ്ത്രീയമായ പരിപാലനമുറകളിലൂടെ കാട വളര്‍ത്തല്‍ ആദായകരമാക്കാം

ശാസ്ത്രീയമായ പരിപാലനമുറകളിലൂടെ കാട വളര്‍ത്തല്‍ ആദായകരമാക്കാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ
പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം
നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു. ഹ്രസ്വ ജീവിതചക്രവും കുറഞ്ഞ തീറ്റച്ചെലവുമാണ്
കാടപ്പക്ഷിയുടെ പ്രത്യേകതകള്‍. മുട്ട വിരിയുന്നതിന് 16 മുതല്‍ 18 ദിവസങ്ങള്‍ മതിയാകും. വലിപ്പം
കുറവായതിനാല്‍ ഇവയെ വളര്‍ത്താന്‍ കുറച്ചു സ്ഥലം മതി. ടെറസ്സിലും വീടിന്റെ ചായ്പിലും ഇവയെ
വളര്‍ത്താം. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളര്‍ത്താന്‍ സാധിക്കും. ആറാഴ്ച
പ്രായമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങുന്നു. മാംസത്തിനു വേണ്ടി വളര്‍ത്തുന്നവയെ 5-6 ആഴ്ച പ്രായത്തില്‍
വിപണിയിലിറക്കാം. വര്‍ഷത്തില്‍ 300-ഓളം മുട്ടകള്‍ ലഭിക്കും. മാംസവും മുട്ടയും ഔഷധഗുണമുളളതും
പോഷക സമൃദ്ധവുമാണ്. മാത്രമല്ല മറ്റ് വളര്‍ത്തു പക്ഷികളെക്കാള്‍ രോഗങ്ങള്‍ കുറവാണ്.

ഇനങ്ങള്‍

ജാപ്പനീസ് കാടകള്‍ക്ക് പുറമേ, സ്റ്റബിള്‍ബോബ് വൈറ്റ്, ഫാറൊ ഈസ്റ്റേണ്‍ തുടങ്ങിയ ഇനങ്ങളുണ്ട്.
ഇറച്ചിയ്ക്കും മുട്ടയ്ക്കും വേണ്ടി വളര്‍ത്തുന്ന വെവ്വേറെ ഇനങ്ങളേയും ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാടകളെ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും കേജ് സമ്പ്രദായത്തിലും വളര്‍ത്താം.

1. ഡീപ്പ് ലിറ്റര്‍ സമ്പ്രദായം

ഷെഡിലെ സിമന്റ് തറയില്‍ ഈര്‍പ്പമില്ലാത്ത ലിറ്റര്‍ 8-10 സെ.മീ ഘനത്തില്‍ വിരിച്ച് കാടകളെ വളര്‍ത്താം.
ഒരു കാടയ്ക്ക് 200-250 ചതുരശ്ര സെ.മീ സ്ഥലം വേണം. 200ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷെഡില്‍
900 കാടകളെ വളര്‍ത്താം. വായുസഞ്ചാരം ലഭിക്കാന്‍ വശങ്ങളില്‍ കമ്പിവലകള്‍ ഘടിപ്പിക്കണം. കൂടിനുള്ളില്‍
അഞ്ചടി ഉയരത്തില്‍ നൈലോണ്‍ വല വിരിയ്ക്കുന്നത് കാടകള്‍ പറന്നുയര്‍ന്ന് മേല്‍ക്കൂരയിലും വശങ്ങളിലും
ഇടിച്ചു ചാവുന്നത് തടയും, ഒരു കാടയ്ക്ക് മൂന്ന് സെ.മീ തീറ്റസ്ഥലവും 15 സെ.മീ വെള്ളസ്ഥലവും വേണം.

2. കേജ് സമ്പ്രദായം

കമ്പിവലക്കൂടുകള്‍ക്കുള്ളില്‍ നിരവധി തട്ടുകളായി കാടകളെ വളര്‍ത്തുന്നു. 25 കാടകള്‍ക്ക് 60ഃ 60ത 25
സെ.മീ വലിപ്പമുള്ള കൂടും 50 കാട കള്‍ക്ക് 60 ത 120 ഃ 25 സെ.മീ കൂടും വേണം, ഇത്തരം കുടുകള്‍ ആറിഞ്ച്
അകലത്തില്‍ ഒന്നിനുമുകളില്‍ ഒന്നായി ഉറപ്പിക്കാം. കാഷ്ഠം ശേഖരിക്കുന്നതിന് തട്ടുകള്‍ക്കിടയില്‍ പ്ലാസ്റ്റിക്
ചാക്കുകള്‍ വിരിച്ചാല്‍ മതിയാവും.

3. മുട്ടയുല്‍പ്പാദനം

പെണ്‍കാടകള്‍ 6-7 ആഴ്ച പ്രായത്തില്‍ മുട്ടയിട്ടു തുടങ്ങും. എട്ട് ആഴ്ച പ്രായം മുതല്‍ 25 ആഴ്ച
പ്രായം വരെയുള്ള സമയം മുട്ടയുല്‍പാദനത്തിന്റെ ഉന്നത സമയമാണ്. കാടപ്പക്ഷികള്‍ സാധാരണയായി
വൈകീട്ട് മൂന്ന് മണി മുതല്‍ ആറു മണി വരെയുള്ള സമയത്താണ് 75 ശതമാനവും മുട്ടയിടുന്നത്. 25ശതമാനം രാത്രികാലങ്ങളിലും ഇടുന്നു. ഒരു വര്‍ഷത്തില്‍ 250-300 മുട്ടകള്‍ വരെ ലഭിക്കും. 8-12 മാസം വരെ മുട്ടയുല്‍പാ ദനം തുടരും. മുട്ടകള്‍ക്ക് 8-10 ഗ്രാം വരെ തൂക്കമുണ്ടാകും.

4. കാടമുട്ടകള്‍ അട വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

അടയിരിക്കുന്ന സ്വഭാവം കാടകള്‍ക്കില്ല. അതിനാല്‍ കൃത്രിമമായി വിരിയിച്ചെടുക്കുകയോ അടയിരിക്കുന്ന
കോഴികളെ ഉപയോഗിച്ച് മുട്ട വിരിയിച്ചെടുക്കുകയോ ചെയ്യണം. കാടമുട്ടകള്‍ 16-18 ദിവസം കൊണ്ട്
വിരിയും. ഏത് കാലാവസ്ഥയിലും ഏതവസരത്തിലും കാടമുട്ടകള്‍ വിരിയിച്ചെടുക്കാം. എന്നാല്‍ അടവയ്ക്കാനായി മുട്ടകള്‍ ശേഖരിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

  •  10 മുതല്‍ 23 ആഴ്ച വരെ പ്രായമുളള പിടകളുടെമുട്ട കളാണ് വിരിയിക്കുന്നതിനായി ശേഖരിക്കേണ്ടത്.
  •  മൂന്നോ അതില്‍ കുറവോ പിടകള്‍ക്ക് ഒരു പൂവന്‍ എന്ന അനുപാതത്തില്‍ പ്രജനനം നടത്തുന്ന കൂട്ടില്‍
    നിന്നും എടുക്കുന്ന മുട്ടകള്‍ക്ക് വിരിയുന്നതിനുള്ള ശേഷി കൂടുതലായിരിക്കും.
  • പിടകളുടെ ഇടയില്‍ ഒരു പൂവനെ വിട്ടാല്‍ നാലുദിവസം കഴിഞ്ഞതിനു ശേഷം ലഭിക്കുന്ന മുട്ടകളും പൂവനെ മാറ്റുകയാണെങ്കില്‍ അതിനു ശേഷം മൂന്ന് ദിവസത്തിനുളളില്‍ കിട്ടുന്ന മുട്ടകളുമാണ് വിരിയിക്കുന്നതിന് നല്ലത്.
  •  പ്രജനനത്തിനായി വളര്‍ത്തുന്ന കാടകള്‍ക്ക് പ്രത്യേകം പോഷകാഹാരം നല്‍കണം.
  • മുട്ട ശേഖരിച്ചു കഴിഞ്ഞാല്‍ ഏഴുദിവസത്തിനുള്ളില്‍ തന്നെ അവ അടവയ്‌ക്കേണ്ടതാണ്.

5. കുഞ്ഞുങ്ങളുടെ പരിചരണം ( ബ്രൂഡിംഗ്)

വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് അന്തരീക്ഷത്തിലെ ചൂട് മതിയാവുകയില്ല. കുഞ്ഞുങ്ങള്‍ക്ക് മൂന്നാഴ്ച
പ്രായം വരെ കൃത്രിമ ചൂട് നല്‍കുന്നതിനെ ബ്രൂഡിംഗ് എന്ന് പറയുന്നു. ചൂട് നല്‍കുന്നതിനുള്ള
സംവിധാനമാണ് ബ്രൂഡര്‍. സാധാരണ 100 കാടക്കുഞ്ഞുങ്ങള്‍ക്ക് ചൂട് നല്‍കുന്നതിന് 60 വാട്ടിന്റെ
ഒരു ഇലക്ട്രിക് ബള്‍ബ് ഉപയോഗിക്കാം.

6. കാടത്തീറ്റയും തീറ്റക്രമവും

കാട വളര്‍ത്തലില്‍ മൊത്തം ചിലവിന്റെ 10 ശതമാനം തീറ്റയ്ക്കാണ് ചെലവാകുക. സമീകൃതാഹാരം
നല്‍കേണ്ടതിനാല്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ 27 ശതമാനം മാംസ്യവും 27 ശതമാനം കലോറിയും വേണം.
ഗ്രോവര്‍ തീറ്റയില്‍ 24 ശതമാനം മാംസ്യവും ലേയര്‍ തീറ്റയില്‍ 22 ശതമാനം മാംസ്യവും വേണം. മുട്ടയിടാന്‍
ആരംഭിക്കുന്ന കാടകള്‍ക്ക് തീറ്റയില്‍ കക്കപ്പൊടി ചേര്‍ത്ത് നല്‍കുന്നത് നല്ല കട്ടിയുള്ള തോടോടു കൂടിയ
മുട്ട ലഭിക്കുന്നതിനു സഹായിക്കും. ക്വയില്‍ ലേയര്‍മാഷ് തീറ്റയില്‍ കക്കപ്പൊടി അടങ്ങിയിട്ടുള്ളതിനാല്‍
കക്കപ്പൊടി കൊടുക്കേണ്ട കാര്യമില്ല. ഏത് ബ്രാന്റ് തീറ്റ നല്‍കുന്നുവോ അത് തന്നെ തുടരുന്നതാണ് നല്ലത്. ഇടയ്ക്കിടെ തീറ്റ മാറ്റുന്നത് ഉല്‍പാദനത്തെ ബാധിക്കും. ഒരു കാട അഞ്ചാഴ്ച വരെ 400 ഗ്രാം തീറ്റയും പിന്നീട് ദിവസം 25 ഗ്രാം എന്ന കണക്കില്‍ ഒരു വര്‍ഷം 8 കി.ഗ്രാം തീറ്റയും കഴിയ്ക്കാറുണ്ട്.

7. രോഗങ്ങള്‍-പ്രതിരോധമാര്‍ഗങ്ങള്‍

കാലാവസ്ഥാ വ്യതിയാനം കാരണം ആദ്യത്തെ രണ്ടാഴ്ചക്കാലം മരണനിരക്ക് കൂടുതലായി കണ്ടു
വരുന്നു. അതിനാല്‍ രണ്ടാഴ്ചയ്ക്ക് മുകളില്‍ പ്രായമുള്ളവയെ വാങ്ങി വളര്‍ത്തുന്നതാണ് ഉചിതം.
ശുചിത്വമാണ് രോഗങ്ങളെ അകറ്റി നിര്‍ത്താനുളള പ്രധാനഘടകം. കൂട്ടില്‍ നല്ല വായു സഞ്ചാരവും വൃത്തിയും ഉണ്ടായിരിക്കണം. തീറ്റപ്പാത്രവും വെളളപ്പാത്രവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം വീണ് ലിറ്റര്‍ നനയാതെ സൂക്ഷിക്കണം. കോഴികളില്‍ മാരകമായി കണ്ടുവരുന്ന കോഴിവസന്ത, രക്താതിസാരം എന്നീ രോഗങ്ങള്‍ കാടകളില്‍ അപൂര്‍വ്വമായിട്ടേ കാണാറുള്ളു.

കാടകളെ ബാധിക്കുന്ന രോഗങ്ങള്‍

1. ബ്രൂഡര്‍ ന്യൂമോണിയ

കാടക്കുഞ്ഞുങ്ങളെ സാധാരണയായി ബാധിക്കുന്ന ഒരു രോഗമാണിത്. ബ്രൂഡറിലെ ജലാംശം കൂടുമ്പോള്‍ ”ആസ്പര്‍ജില്ലസ്” എന്ന പൂപ്പല്‍ രോഗാണു വളര്‍ന്നാണ് രോഗബാധയുണ്ടാകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം നിമിത്തം കുഞ്ഞുങ്ങള്‍ ചത്തുപോകുന്നു. ബ്രൂഡറിലെ ജലാംശം കുറച്ചും
തീറ്റയില്‍ പൂപ്പല്‍ വളര്‍ച്ച തടയുന്നതിന് കാത്സ്യം പ്രൊപ്പിയയോണേറ്റ് ചേര്‍ത്തും ഈ രോഗം തടയാം.

2. ക്വയില്‍ രോഗം

വെളള നിറത്തിലുളള വയറിളക്കം രോഗലക്ഷണം. കൂട്ട മരണം സംഭവിക്കുന്ന ഒരു ബാക്ടീരിയല്‍ രോഗമാണിത്. സ്‌ട്രെപ്‌റ്റോമൈസിന്‍ ഫലപ്രദം.

3. കോളിബാസില്ലോസിസ്

മുട്ടക്കാടകളില്‍ ഭക്ഷണവിരക്തിയും നടക്കുമ്പോള്‍ തളര്‍ച്ചയും വിറയലുംകാണിക്കുന്നു. ക്ലോറാംഫെനിക്കോള്‍ ഫലപ്രദമാണ്യ

4. സ്റ്റഫൈലോ കോക്കല്‍ രോഗം

ശരീരത്തില്‍പലയിടത്തും നിറഞ്ഞ കുരുക്കള്‍ കാണുന്നു.

5. അഫ്‌ലാടോക്‌സിക്കോസിസ്

തീറ്റയിലെ പൂപ്പല്‍ വിഷബാധ കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. വിഷം കരളിനെ ബാധിക്കുന്നതിനാല്‍ കാട ആഹാരം കഴിക്കാതെ മരണപ്പെടുന്നു. ടെഫ്രോളി തുള്ളിമരുന്ന് ഫലപ്രദമാണ്.

കാടമുട്ടയുടേയും കോഴിമുട്ടയുടേയും ആവശ്യകത കൂടിയതോടെ ഇപ്പോള്‍ അനേകം കര്‍ഷകര്‍ കാടവളര്‍ത്തല്‍ മുഖ്യതൊഴിലായും ഉപതൊഴിലായും സ്വീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പരിപാലനമുറകള്‍ അവലംബിക്കുക വഴി കാടവളര്‍ത്തല്‍ അധിക ആദായത്തിനു വഴിയൊരുക്കും. സര്‍ക്കാര്‍ മൃഗസംരക്ഷണ
പരിശീലനകേന്ദ്രങ്ങളില്‍ കാടവളര്‍ത്തലില്‍ സൗജന്യ പരിശീലനം (ഒരു ദിവസത്തെ) ലഭ്യമാണ്.

കാടകളെ ലഭിക്കുന്ന സ്ഥലങ്ങള്‍

1. സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍. 0479 – 2452277
2. യൂണിവേഴ്‌സിറ്റി പൗള്‍ട്രി ഫാം, മണ്ണുത്തി, തൃശ്ശൂര്‍. 0487 – 23670344 (Extn 300)
3. റീജിയണല്‍ പൗള്‍ട്രി ഫാം, ചാത്തമംഗലം, കോഴിക്കോട്. 0495 – 2287481

 

Share

Leave a Reply

Your email address will not be published. Required fields are marked *