കോഴിക്കോട്: ബീഹാര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി (എ.എസ്.എഫ്) വീണ്ടും സ്ഥിരീകരിച്ചതിനാല്‍ രോഗബാധിത സ്ഥലങ്ങളില്‍ നിന്ന് കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള പന്നികള്‍, പന്നിയിറച്ചി, പന്നിയിതര ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍ക്കല്‍ – വാങ്ങല്‍ നിരോധിച്ച് മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറങ്ങി. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ.എസ് ആണ് ഉത്തരവിറക്കിയത്. നിലവില്‍ സംസ്ഥാനത്തിനകത്ത് ജനുവരി 13 വരെ നിലനിന്നിരുന്ന നിരോധനമാണ് 2023 ജൂലൈ 15 വരെ നീട്ടിയത്.
മൃഗസംരക്ഷണ നിര്‍ദേശങ്ങള്‍
കര്‍ഷകരുടെ ശ്രദ്ധയ്ക്ക്
ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ ജന്തുജന്യ രോഗമല്ലാത്തതിനാല്‍ മനുഷ്യര്‍ ആശങ്കപ്പെടേണ്ടതില്ല. അതേ സമയം ഈ രോഗം പന്നികളില്‍ അതീവമാരകവും സാംക്രമികവുമാണ്. പന്നി വളര്‍ത്തല്‍ മേഖലയെ മുഴുവനായും തുടച്ചുനീക്കാന്‍ പ്രഹരശേഷിയുള്ള ഈ പകര്‍ച്ചവ്യാധിയില്‍ നിന്നും പന്നികളെയും അത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്ന് പന്നി കര്‍ഷകരേയും സംരക്ഷിച്ചു നിര്‍ത്തേണ്ടത് അനിവാര്യമാണ്.
പാലിക്കേണ്ടവ
1. രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തില്‍ വന്നതോ ആയ മൃഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ഫാമില്‍ നിന്നും മൃഗങ്ങളുടെ അകത്തേക്കോ പുറത്തേക്കോ ഉള്ള സഞ്ചാരം ഒഴിവാക്കണം.
2. പന്നികള്‍ അസാധാരണമായോ കൂട്ടത്തോടെയോ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.
3. കാട്ടുപന്നികളും അലഞ്ഞുതിരിയുന്ന പന്നികളും ഫാമുകളില്‍ പ്രവേശിക്കാതെ വേലികെട്ടി നിയന്ത്രിക്കണം.
4. അടുക്കള, ഹോട്ടല്‍ മാലിന്യങ്ങള്‍, പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നല്‍കുന്നത് കഴിവതും ഒഴിവാക്കണം. അനിവാര്യമെങ്കില്‍ നന്നായി വേവിച്ച് നല്‍കണം.
5. ഫാമിലെ മാലിന്യങ്ങളും തീറ്റയും മറ്റ് സാധനങ്ങളുമെല്ലാം അണുനശീകരണം നടത്തി സംസ്‌ക്കരിക്കണം.
6. ഫാം ഉടമകള്‍ കൃത്യമായ ശുചിത്വം പാലിച്ച് ഫാമുകളില്‍ അണുനാശനം നടത്തണം.
7. പട്ടുണ്ണികളെ അകറ്റാന്‍ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണം.
8. പന്നികള്‍ സസ്യഭോജനമാണെങ്കില്‍ 20 മിനിറ്റ് നേരം തിളപ്പിച്ചത് മാത്രം നല്‍കുക.
9. പുതുതായി വാങ്ങുന്ന മൃഗങ്ങളെ 30 ദിവസം നിരീക്ഷണത്തില്‍ മാറ്റി പാര്‍പ്പിക്കണം.
10. ഫാമിലേക്ക് വരുകയോ പോവുകയോ ചെയ്യുന്ന വാഹനങ്ങള്‍ കൃത്യമായി അണുനാശനം ചെയ്യണം. സോഡിയം ഹെപ്പോ ക്ലോറെറ്റ്, സോഡിയം ഹെഡ്രാക്‌സെഡ്, കുമ്മായം, പെര്‍ അസെറ്റിക് ആസിഡ് എന്നിവ അണുനാശിനികളായി ഉപയോഗിക്കാം.
11. ഫാമിലേക്കുള്ള സന്ദര്‍ശകരെ ക്രമപ്പെടുത്തി അവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കണം.
12. ഫാമില്‍ പ്രവേശിക്കുന്നതിനുമുമ്പ് കുളിച്ച് പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ച് കൈകള്‍ അണുനാശനം ചെയ്യണം.
13. പന്നികളുമായി മറ്റു മൃഗങ്ങള്‍, എലികള്‍, പക്ഷികള്‍ എന്നിവ സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം.
14. ഫാമിലെ തൊഴിലാളികളെ രോഗത്തേയും രോഗലക്ഷണങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക.