കീലേരിയില്‍ നിന്നും ശങ്കരേട്ടനിലെത്തിയ സര്‍ക്കസ് യുഗാന്ത്യം

കീലേരിയില്‍ നിന്നും ശങ്കരേട്ടനിലെത്തിയ സര്‍ക്കസ് യുഗാന്ത്യം

  • ചാലക്കര പുരുഷു

ജെമിനി ശങ്കരന്‍ എന്ന പേര് സര്‍ക്കസ്സിന്റെ ഈറ്റില്ലമായ തലശ്ശേരിക്കാര്‍ക്ക് ഒരു വികാരമാണ്. ആയോധനകലകളിലും അഭ്യാസമുറകളിലും ആകൃഷ്ടരായ കടത്തനാട്ടിലേയും കോലത്തുനാട്ടിലേയും നൂറ് കണക്കിന് യുവതീയുവാക്കളെ പ്രത്യേകിച്ച് കൊളശ്ശേരിക്കാരെ സര്‍ക്കസ് കൂടാരങ്ങളിലെ മിന്നും താരങ്ങളാക്കി മാറ്റിയത് യുഗപ്രഭാവനയ ഈ മനുഷ്യനായിരുന്നു. ത്രസിപ്പിക്കുന്ന ഒരു ജീവിതാനുഭവത്തിന്റെ താളുകളാണ് മൂര്‍ക്കോത്ത് ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍. ഇന്ത്യന്‍ സര്‍ക്കസ്സിനെ കൈപിടിച്ചുയര്‍ത്തി ലോക സര്‍ക്കസ്സിന്റെ വിഹായസ്സിലെത്തിച്ചതില്‍ ശങ്കരേട്ടന്റെ പങ്ക് മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല..

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ജെമിനി, ജംബോ സര്‍ക്കസ് ഉടമയായിരുന്നു ശങ്കരേട്ടന്‍. ട്രിപ്പീസ് കളിയില്‍ പിടിവിടാതെ, കൈയെത്തിപ്പിടിച്ച തമ്പിലെ അത്ഭുത പ്രകടനങ്ങളുടെ അതേ ഉഷാറോടെ ശങ്കരേട്ടന്‍ സര്‍ക്കസിനെ കുറിച്ചും ജീവിതത്തെകുറിച്ചും നൂറാം വയസ്സിലെത്തി നിന്നപ്പോഴും സംസാരിക്കുമായിരുന്നു. മങ്ങലേല്‍ക്കാത്ത ഓര്‍മകളാണ് ശങ്കരേട്ടന് സര്‍ക്കസ്. കണാരേട്ടനാണ് കായിക കലയിലെ ശങ്കരേട്ടന്റ ആവേശം. അദ്ദേഹത്തിന്റെ തവളക്കളിയിലാണ് ആദ്യ കാല്‍വയ്പ്പ്.
അച്ഛന്‍ രാമന്‍ നായര്‍ കൊളശ്ശേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. അമ്മ മൂര്‍ക്കോത്ത് കല്യാണിയമ്മ, ഇരുവരും കൃഷിയിലും വ്യാപൃരായിരുന്നു. കുടുംബ സ്വത്തായി കിട്ടിയ സ്ഥലങ്ങളില്‍ അച്ഛന്‍ കൃഷി ചെയ്തു. ഇതൊക്കെ കൗതുകത്തോടെ നോക്കുമെങ്കിലും, മാഷാവണമെന്നോ കര്‍ഷകനാകണമെന്നോ ശങ്കരന് തോന്നിയിരുന്നില്ല. വലിയൊരു ആഗ്രഹം സര്‍ക്കസുകാരനാകണമെന്നായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കണാരേട്ടന്റെ സര്‍ക്കസ് കാണുന്നത്. കണ്ടുകണ്ട് സര്‍ക്കസിനോട് വല്ലാത്തൊരു ഇഷ്ടം തോന്നുകയായിരുന്നു. കണാരേട്ടനും കിട്ടുണ്ണിയേട്ടനുമൊക്കെയാണ് ശങ്കരേട്ടന്റെ സര്‍ക്കസ് പ്രണയത്തിന് കാരണമായവര്‍. കിട്ടുണ്ണി സര്‍ക്കസ്സിന്റെ പ്രത്യേകത തമ്പ് കെട്ടുന്നതു മുതല്‍ പൈസ വാങ്ങി കൈയ്യടിക്കുന്നതു വരെ അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കത്തിയേറ് പ്രകടനം ഒന്നൊന്നരയാണ്.

സര്‍ക്കസ്സിനോടുള്ള കമ്പം തലയ്ക്ക് പിടിച്ച് ഏഴാം ക്ലാസായപ്പോള്‍ ഇന്ത്യന്‍ സര്‍ക്കസ്സിന്റ കുല ഗുരുവായ കീലേരി കുഞ്ഞിക്കണ്ണന്റെ സര്‍ക്കസ് കളരിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ മരണശേഷം എം.കെ രാമന്‍ എന്നൊരാളുടെ കളരിയില്‍ പഠനം തുടര്‍ന്നു. ഏഴു രൂപ കിട്ടുന്ന മാഷിന്റെ പണിയേക്കാള്‍ നല്ലത് സര്‍ക്കസ്സാണെന്ന് അച്ഛന് അറിയുന്നതുകൊണ്ട് കളരി പഠിക്കുന്നതില്‍ വീട്ടില്‍ എതിര്‍പ്പുണ്ടായില്ല. ഫ്‌ളയിംഗ് ട്രപ്പീസ്, ഹൊറിസോണ്ടല്‍ ബാര്‍ എന്നിവയിലാണ് പരിശീലനം നേടിയത്. പരിശീലനം നല്‍കുന്നതിനു മുമ്പേ തലശ്ശേരി ഒ.വി റോഡില്‍ അനാദിപ്പീടികയിലും ജോലി ചെയ്തു.
അതിനിടെ രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലത്ത് പട്ടാളത്തില്‍ ചേര്‍ന്നു. വിമാനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ വയര്‍ലസ് ഓഫിസറെ അറിയിക്കുന്ന ജോലി. മേലോട്ട് നോക്കിയോ ഒരിടത്ത് നില്‍പ്പോ ആയിരുന്നു മിക്ക സമയങ്ങളിലും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിരിഞ്ഞു. എന്റെ തട്ടകം സര്‍ക്കസ് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. മറ്റൊന്നിലും മനസില്ലാതിരുന്നു. 1946ല്‍ കല്‍ക്കത്തയില്‍ പോയി അവിടുത്തെ ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസുകാരനായി ജോലി ചെയ്തു. 300 രൂപയായിരുന്നു മാസശമ്പളം. തഹസീല്‍ദാര്‍മാര്‍ക്ക് പോലും അത്ര ശമ്പളം ഉണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ മികച്ച ഹൊറിസോണ്ടല്‍ കലാകാരനായി മറ്റ് സര്‍ക്കസ് കലാകാരന്‍മാര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അവിടെ നിന്ന് നാഷണല്‍ സര്‍ക്കസിലേക്ക് മാറി. നാഷണല്‍ പ്രശസ്തനായ റെയ്മണ്ട് ഗോപാലന്റെ സര്‍ക്കസ് കമ്പനിയായിരുന്നു. ചൈന, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കസ് കലാകാരന്‍മാര്‍ അവിടെയുണ്ടായിരുന്നു. അക്കാലത്തുള്ള പ്രധാന സര്‍ക്കസ് കമ്പനികളുടെയൊക്കെ ഉടമകള്‍ മലയാളികളായിരുന്നു. മഹാരാഷ്ട്ര കമ്പനികളും ധാരാളമുണ്ടായിരുന്നു. എന്നാലും അന്നൊക്കെ മലയാളികളെ കൂടാതെയുള്ള സര്‍ക്കസ് ചിന്തിക്കാന്‍ കഴിയില്ലായിരുന്നു.

സര്‍ക്കസിനോടുള്ള ഉല്‍ക്കടമായ പ്രണയം ഒരു കമ്പനി തുടങ്ങുന്നതിലെത്തിച്ചു. അത്ഭുതങ്ങള്‍ വാരിവിതറുന്ന സര്‍ക്കസ് ഭാരവും കാണികളെ നിര്‍ത്താതെ ചിരിപ്പിക്കുന്ന കോമാളികളും മൃഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ട്രപ്പീസ് കളിയുമെല്ലാം ജനങ്ങള്‍ക്ക് ഒരു മണിക്കൂര്‍ നേരത്തെ ഉത്തമമായ വിനോദമായി. ആ വിനോദകൂടാരത്തിന്റെ ഭാഗമാകുകയും പിന്നീട് ആ സ്വപ്‌നകൂടാരത്തെ മുന്നോട്ട് നയിക്കുകയും അത് തകരാതെ നിലനിര്‍ത്തുകയും ചെയ്യുകയെന്നത് ഏറെ സാഹസികവുമായി. അത്തരമൊരു സാഹസം ചെയ്യുകയും അതില്‍ വിജയിച്ച് ഉയരങ്ങളിലെത്തുകയും ചെയ്തു എന്ന കാര്യം ആലോചിക്കുമ്പോള്‍ അവസാനകാലത്തും ശങ്കരേട്ടന് അത്ഭുതമായിരുന്നു. മഹാരാഷ്ടയിലെ വിജയ സര്‍ക്കസ് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പോള്‍ ഒന്നും ആലോചിക്കാതെ വിജയ സര്‍ക്കസ് കളിക്കുന്ന ഗ്രൗണ്ടിലേക്ക് ചെല്ലുകയായിരുന്നു. തമ്പും മറ്റും കീറിയതായിരുന്നു. ഒരാന രണ്ട് സിംഹം. രണ്ട് കുതിര,രണ്ട് കുരങ്ങ് പിന്നെ കുറച്ച് കലാകാരന്മാരും. ഇതായിരുന്നു വിജയ സര്‍ക്കസ്. 6000 രൂപ കൊടുത്ത് വിജയ സര്‍ക്കസ് വാങ്ങി. പിന്നീട് വിജയ സര്‍ക്കസ്സ് എന്ന പേരു മാറ്റി തന്റെ ജന്മനക്ഷത്രമായ ജെമിനി എന്നാക്കി. അന്ന് മുതല്‍ തന്റെ പേരിനൊപ്പം ജെമിനിയുമുണ്ട്. ജെമിനി എന്നു പറയാതെ ആളുകള്‍ അറിയാത്ത അവസ്ഥയായി. അത് വളരെ സന്തോഷം നല്‍കിയ കാര്യം തന്നെയാണുതാനും. ഗുജറാത്തിലെ സൂറത്തിനടുത്തുള്ള ബില്ലിമോറയിലായിരുന്നു ആദ്യ പ്രദര്‍ശനം. 1951 ആഗസ്റ്റ് പതിനഞ്ചിനായിരുന്നു അതിപ്രശസ്ത സൈക്ലിസ്റ്റായ കണ്ണൂര്‍ സഹദേവനയിരുന്നു അന്ന് ശങ്കരേട്ടന്റെ പാര്‍ട്ണര്‍. ട്രപ്പീസ് കളിയും മാനേജിങ്ങുമൊക്കെയായി തിരക്കേറിയ ജീവിതം. കൂടാതെ ജവഹര്‍ലാല്‍ നെഹ്‌റു, ഡോ.രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍, മൊറാര്‍ജി ദേശായി, ഇന്ധിരാഗാന്ധി, എ.കെ.ജി, ഇ.എം.എസ്, സി.അച്യുത മേനോന്‍ തുടങ്ങിയ മഹാന്മാരും സിനിമാ രംഗത്തെ കലാപ്രതികളായ രാജ് കുമാര്‍, കമല്‍ ഹാസന്‍ തുടങ്ങിയ പലരും സര്‍ക്കസ് കാണാന്‍ വന്നതൊക്കെ മറക്കാനാവാത്ത നിമിഷങ്ങളാണ്. മേരാ നാം ജോക്കര്‍ എന്ന സിനിമ ചിത്രീകരിച്ചത് ഈ കൂടാരത്തിലായിരുന്നു.

യാദൃശ്ചികമായി ഒരു സമരം വന്നതോടെ പ്രതിസന്ധിയുണ്ടായി. എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ മനസ്സനുവദിച്ചില്ല. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കുറ്റിപ്പുറത്തുള്ള കെ.എസ്.മേനോന്‍ എന്നൊരാളെ സമീപിച്ചു. കുറെ സര്‍ക്കസ് ട്രപ്പീസുള്ള ആളായിരുന്നു അദ്ദേഹം. അവരുമായുള്ള പാര്‍ട്ണര്‍ഷിപ്പോടു കൂടി പുതുജീവന്‍ കൈവന്നു. നാല് തൂണുള്ള തവിട്ട് സര്‍ക്കസ് കളിക്കാന്‍ തുടങ്ങി. അഹമ്മദാബാദില്‍ തുടര്‍ച്ചയായ രണ്ട് മാസം കളിച്ചു. സര്‍ക്കസ് രംഗത്തുതന്നെ പുതിയ ശൈലിയുണ്ടാക്കാന്‍ ജെമിനിക്ക് കഴിഞ്ഞു. ജീവിതം തന്നെ ശങ്കരേട്ടനടക്കമുള്ള കലാകാരന്മാര്‍ക്ക് ഒരു കളിയായിരുന്നു. സ്വന്തമായി സര്‍ക്കസ് തുടങ്ങിയതെങ്കിലും കാശിന് വലിയ ക്ഷാമം തന്നെയായിരുന്നു. കലാകാരന്മാര്‍, മൃഗങ്ങള്‍, വളരെയധികം പണ ചെലവായിരുന്നു. കലാകാരന്മാരെയൊന്നും പട്ടിണിക്കിടാന്‍ പറ്റില്ലല്ലോ, മൃഗങ്ങളേയും പരിപാലിക്കണം. ശരിക്കും സര്‍ക്കസ് തന്നെയായിരുന്നു ജീവിതം, എന്നാലും സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. വലിയ കഠിനാധ്വാനത്തിലൂടെയാണ് ആ പരീക്ഷണഘട്ടങ്ങള്‍ തരണം ചെയ്തത്. ജെമിനിയുടെ വളര്‍ച്ചയുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ജംബോ സര്‍ക്കസ് തുടങ്ങുന്നത്.
1977 ഒക്ടോബര്‍ രണ്ടിന് ബീഹാറില്‍ വെച്ചായിരുന്നു ജംബോയുടെ ആദ്യ പ്രദര്‍ശനം. സര്‍ക്കസിന്റെ പുറം നടത്തിപ്പുമായി ബന്ധപ്പെട്ട് മാനസികക്ലേശം അനുഭവിച്ചപ്പോള്‍ ഒരിക്കല്‍ ജെമിനി സര്‍ക്കസ് കയ്യോഴിയാന്‍ തീരുമാനിച്ചിരുന്നു. 1987 മാര്‍ച്ച് 24ന് ജെമിനി മദ്രാസില്‍ ക്യാംപ് ചെയ്യുമ്പോള്‍ എല്ലാവരോടും പറഞ്ഞു ഞാന്‍ ജെമിനി വിടുകയാണെന്ന്. പെട്ടെന്നുള്ള പ്രഖ്യാപനം കലാകാരന്‍മാരിലും ജീവനക്കാര്‍ക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയതായി അവരുടെ പ്രതികരണത്തില്‍ നിന്നും മനസ്സിലായി. തുടര്‍ന്ന് നടന്നത് അവിശ്വസനീയമായ കാര്യങ്ങളായിരുന്നു. പലരും ഇനി ജീവതത്തില്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ചു, കോമാളികളുടെ ചിരി അവസാനിച്ചു. പലരും പൊട്ടിക്കരഞ്ഞ് എന്റെയരികിലേക്ക് വന്നു. എത്രമാത്രം അവര്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം അവരുടെ സ്‌നേഹത്തിന് മുന്നില്‍ എന്റെ തീരുമാനത്തില്‍ നിന്ന് ഞാന്‍ പിന്തിരിയുകയായിരുന്നു.
സര്‍ക്കസിനെക്കുറിച്ചുള്ള പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ മാറ്റാനായിരുന്നു ശങ്കരേട്ടന്‍ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നത്. കളികള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി. പിന്നീട് തമ്പിനകത്തേക്ക് ആളുകള്‍ ഇടിച്ച് കയറലായിരുന്നു. സര്‍ക്കസ് പണം കൊയ്യാവുന്ന ഒരു വ്യവസായമായി തീരുകയായിരുന്നു.
പണ്ടുകാലത്ത് കുടുംബസദസ്സുകളുടെ മുഖ്യവിനോദമായിരുന്നു സര്‍ക്കസെങ്കിലും ആധുനികസാങ്കേതികവിദ്യകള്‍ വളര്‍ന്നതോടെ സര്‍ക്കസ്സിന്റെ പഴയകാല പ്രതാപത്തിനു മങ്ങലേറ്റിട്ടുണ്ടെന്നത് ശങ്കരേട്ടന്‍ തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലുള്ളവരാരും തന്നെ സര്‍ക്കസ് ജീവിത മാര്‍ഗമായി സ്വീകരിക്കുന്നില്ല. സാമ്പത്തികഭദ്രതയും സുരക്ഷിതത്വവുമുള്ള പല ജോലികളിലേക്കും ആളുകള്‍ വഴിമാറിപ്പോയി. എങ്കില്‍ പോലും ഇന്നും നഗരത്തിലായാലും, ഗ്രാമത്തിലായാലും സര്‍ക്കസിനോടുള്ള ആസ്വാദനത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്നും ഗ്രാമത്തിലോ, നഗരത്തിലോ തമ്പുകളുയരുമ്പോള്‍ പലരും സര്‍ക്കസ് കാണാന്‍ ഓടിയെത്താറുണ്ട്.

ഇന്ന് സര്‍ക്കസ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം സാഹസികമായ അഭ്യാസം പഠിക്കാന്‍ ആരും മുന്നോട്ട് വരുന്നില്ലെന്നതാണ്. മറ്റൊരു പ്രശ്‌നം ഗ്രൗണ്ട് കിട്ടാനില്ലെന്നതും, വലിയ മൈതാനങ്ങളൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉള്ളതിനാകട്ടെ വന്‍ വാടകയുമാണുള്ളത്. സര്‍ക്കസ് കലയോട് താല്‍പര്യമുള്ളവര്‍ക്ക് അതിലേക്ക് വരാനുള്ള സാഹചര്യമോ പരിശീലനം നേടാനുള്ള നല്ലൊരു സ്ഥിരം കേന്ദ്രമോ ഇവിടെയില്ല. ഇന്ത്യയിലെ ഒരേയൊരു സര്‍ക്കസ് അക്കാദമി 2000ല്‍ തലശ്ശേരി ധര്‍മ്മടം പഞ്ചായത്തിലെ ചിറക്കുനിയില്‍ രൂപീകരിച്ചുവെങ്കിലും, അത് അടച്ചുപൂട്ടുവാന്‍ കാരണമായത് കൂടുതല്‍ സൗകര്യങ്ങളൊന്നുമില്ലാത്തതിനാലാണെന്നും ശങ്കരേട്ടന് അഭിപ്രായമുണ്ടായിരുന്നു.

സര്‍ക്കസ്സുമായി ബന്ധപ്പെട്ട് ഒരുപാട് സ്ഥലങ്ങളിലും മറ്റും പോകേണ്ടതായും വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതായും വന്നിട്ടുണ്ടെങ്കിലും ഞാന്‍ ഏറ്റവും പ്രധാന്യം കൊടുത്തിട്ടുള്ളത് എന്റെ കുടുംബത്തിന് തന്നെയാണ്. തന്റെ ജീവിതസഖി ശോഭന വളരെയേറെ ക്ഷമാശീലയായിരുന്നു. ജിവിതാവസാനം വരെ തന്റെ എല്ലാ സന്തോഷത്തിലും ദു:ഖത്തിലും അവര്‍ ഒരു പോലെ കൂടെ നിന്നിരുന്നു. മക്കളായ അജയശങ്കറും അശോക് ശങ്കറും ജംബോ, ജെമിനി, റോയല്‍ സര്‍ക്കസ്സുകളുടെ മാനേജിങ്ങ് പാര്‍ട്ടണര്‍മാരാണ്. ഇളയ മകള്‍ രേണു ശങ്കറും സര്‍ക്കസ്സ് കലയെ നെഞ്ചേറ്റുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *