പെരുന്നാളും പെങ്ങളും ഓര്‍മ്മകളില്‍…

പെരുന്നാളും പെങ്ങളും ഓര്‍മ്മകളില്‍…

ഒഞ്ചിയം ഉസ്മാന്‍ ഒരിയാന

ന്യൂ കേരള ഹോട്ടലില്‍ മേശപ്പുറത്തുള്ള റേഡിയോ ആണ് ഇന്നത്തെ ഹീറോ.

ഒരു മാസം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന പരിശുദ്ധമായ നോമ്പ് ഒരു വാതിലിലൂടെ പുറത്തേക്കിറങ്ങുമ്പോള്‍ മറു വാതിലിലൂടെ പെരുന്നാള്‍ പിറ പടികയറി വന്നുകൊണ്ടിരിക്കുന്നു. ആകാശത്തിന്റെ ചെരുവില്‍ പൊന്നമ്പിളി എവിടെയോ ഒരു തേങ്ങാപ്പൂള്‍ ചിരി ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവണം. മുഖ പടം നീക്കി ഭൂമിയിലേക്ക് ഒരു നിമിഷം കണ്ണെറിഞ്ഞ് തിങ്കള്‍ കല കണ്ണടക്കുകയും ചെയ്യും.

എല്ലാവരുടെയും ചുണ്ടില്‍ ഒരേ ഒരു ചോദ്യം.

മാസം കണ്ടോ ?

ഗോപാലേട്ടന്റെ തുന്നല്‍ മെഷീനില്‍ ചക്രം വിശ്രമം ഇല്ലാതെ കറങ്ങുന്നു.

ഗോപാലേട്ടാ റെഡിയായോ ?

ഒരു പത്ത് മിനിറ്റ്. ബട്ടണ്‍സ് വെക്കാനുള്ള പണിയേ ബാക്കിയുള്ളൂ.

ഗോപാലേട്ടാ പാവാട അടിച്ചൊ ?

ഒരഞ്ച് മിനിറ്റ്. പാവാടക്ക് വള്ളി ഇടണം.

ഇന്നാട്ടില് വേറെ ടൈലര്‍മാരില്ലേ തുന്നാന്‍ ?

ഗോപാലേട്ടാ ഒന്ന് വേഗം. പെരുന്നാളായി.

ഗോപാലേട്ടന്‍ കഴുത്ത് ചെരിച്ച് മാനം നോക്കി. സൂചനകൊണ്ട് ഇന്ന് കാണുന്ന മട്ടില്ല.
വാവ് കഴിഞ്ഞോ .?

ഗോപാലേട്ടാ പത്ത് മിനിറ്റ് പറഞ്ഞിട്ട് പത്ത് മണിക്കൂറായി.

എത്ര ക്ഷോഭിച്ച് പറഞ്ഞാലും ഗോപാലേട്ടന്‍ വായിലെ എരിഞ്ഞ് കൊണ്ടിരിക്കുന്ന ബീഡിക്കുറ്റി നാവ് കൊï് ഒരു വശത്തേക്ക് നീക്കിക്കൊണ്ട് പൊട്ടിപ്പോയ നൂല് സൂചിക്കുഴിയിലൂടെ മറു പുറം ചാടിക്കും.
എന്നിട്ട് പറയും ,
ഇപ്പം തരാം ട്ടോ .

സമയം എട്ട് മണി.
ആകാശവാണി .

വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍.

കാപ്പാട് മാസപ്പിറവി ദൃശ്യമായതായി കോഴിക്കോട് ഖാസി ….
പകുതിയേ കേട്ടുള്ളൂ, ഞാന്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി.

മാസം കണ്ടെടാ.

എവിടെ ?

കാപ്പാട്.

നാലാള് കണ്ടോ ?

അതറിഞ്ഞൂട .

എത്ര വലിപ്പത്തിലാ കണ്ടത്?

ഒരു മുറത്തിന്റെ വലിപ്പത്തില്. എന്താ പോരെ ?

പോടാ …

പള്ളിമിനാരം ഉണര്‍ന്നു. തക്ബീര്‍ മുഴങ്ങി.

ഇബ്രായിയുടെ തുണിക്കടയില്‍ തിരക്ക്.
തൊപ്പി വേണം.
അത്തര്‍ വേണം.
ബനിയന്‍ വേണം.

ഞാന്‍ വീട്ടിലേക്കോടി.

റാബീ… മാസം കണ്ടു.

അവള്‍ പെണ്ണില്‍ ഏറ്റവും ഇളയതാണ്. വലിയ വാശിക്കാരി. പെരുന്നാളായ സന്തോഷത്തില്‍ അവള്‍ തുള്ളിച്ചാടി. പെട്ടെന്ന് അവളുടെ മുഖം കൂമ്പി.

എന്തേയ് ?

ന്റെ പാദസരം !

വാങ്ങാടീ .
കട വെളുക്കും വരെ തുറന്നിടും .

ഉമ്മ ഉമ്മറത്തേക്ക് വന്നു.

ഉമ്മാ മാസം കണ്ടു.

ഉമ്മ അകത്ത് കയറിപ്പോയി.

ചിമ്മിനി വിളക്കിന്റെ തിരി ആളിക്കത്തി.

ഉപ്പ കൊണ്ടുവന്ന റാന്തല്‍ കണ്ണ് തുറന്നു .

നബീസയും സബിയയും ജമീലയും
എന്നെത്തന്നെ നോക്കുന്നു .

അവര്‍ക്ക് കരച്ചില്‍ വരുന്നുണ്ടോ ?

എന്താ എല്ലാരേയും മൊത്തി മച്ചിങ്ങ മാതിരി ?

ഞങ്ങളെ പാവാടയും ബ്ലൗസും ..?

അതിനാണോ ഈ വാട്ടം ?

പോയി വാങ്ങിയിട്ട് വരാം.

ഇക്കാക്കയും ഹംസയും വന്നു.

ഇറച്ചി വാങ്ങേണ്ടേ?

നേരം വെളുക്കാന്‍ ഇനിയുമില്ലേ സമയം?
വാങ്ങാം.

അനിയാ സമയം ആരെയും കാത്ത് നില്‍ക്കൂല്ല. പറഞ്ഞ് നില്‍ക്കുമ്പോഴേക്ക് നേരം വെളുക്കും. എല്ലാര്‍ക്കും പറ്റുന്നത് സമയത്തിന്റെ പോക്ക് നല്ല നിശ്ചയം ഇല്ലാത്തത് കൊണ്ടാണ്. ഇന്ന് യുവാവ്. ഉച്ച കഴിയുമ്പോഴേക്കും താടിമീശ നരച്ചിരിക്കും. എന്റെ വര്‍ത്തമാനം കേട്ട് ലത്തീഫ് ചിരിച്ചു. അവന്റെ താടിയില്‍ അവന്‍ വെറുതേ പരതി. നര കയറിയോ ?

ശംസുവിന്റെ മുഖത്ത് ഒരു നേരിയ വെട്ടം. കൊല്ലത്തില്‍ രണ്ട് പ്രാവശ്യമേ ബിരിയാണിക്ക് ചാന്‍സ്ഉള്ളൂ. അതില്‍ ഒന്ന് ഇതാ വന്നണഞ്ഞു .

അളിയങ്ക കൊണ്ട് വന്ന പടക്കക്കെട്ട് തുറന്നു. പൂത്തിരി കമ്പിത്തിരി ഇളനീര്‍പ്പൂ , തേരട്ട ഓലപ്പടക്കം. ഹംസ ഇളനീര്‍പ്പൂ മുറ്റത്ത് വെച്ചു.

ഉമ്മാക്ക് പേടിയായി .

റാബീ കോലായിയില്‍ കയറി നില്‍ക്ക്.

ഇത് പൊട്ടുന്നതല്ല ഉമ്മാ ..

ഇളനീര്‍പ്പൂ കത്തി മേലോട്ട് കുതിച്ച് നക്ഷത്രപ്പൂക്കളായി മുറ്റത്ത് ഉതിര്‍ന്ന് വീഴുന്നു.

റാബി കമ്പിത്തിരി കത്തിച്ചു. തീപ്പൂക്കളില്‍ റാബിയുടെ ചിരി വീണ് അവളുടെ മുഖം തുടുത്തു.

ലത്തീഫ് ഓലപ്പടക്കത്തിന്റെ തിരിയില്‍ തീപ്പെട്ടി ഉരച്ചതും ശബ്ദം കേട്ട് ആലയില്‍ കെട്ടിയിരുന്ന പോത്ത് കയറും പൊട്ടിച്ച് എങ്ങോ ഓടിയതും ഒപ്പം കഴിഞ്ഞു. എല്ലാവരും പറമ്പിലേക്ക് ഓടി.ടോര്‍ച്ചുമായി ഉമ്മയും വന്നു.

ഉമ്മാന്റെ വിളികേട്ടത് കൊണ്ടായിരിക്കണം പോത്ത് എവിടെ നിന്നോ കരയുന്നു. എവിടെ നിന്നാണ് ?

ഉമ്മാന്റെ ടോര്‍ച്ച് വെളിച്ചത്തില്‍ രണ്ട് കണ്ണുകള്‍ തിളങ്ങി. പാവം അങ്ങ് ദൂരെ
പിലുമ്പിക്കാട്ടില്‍ ചെമ്പരത്തിക്കിടയില്‍ പേടിച്ച് നില്‍ക്കുന്നു.

ഉമ്മ വിളിച്ചു…വാ ….

അപ്പോള്‍ ആ പാവം ഒരു രക്ഷകന്റെ സാമീപ്യത്തിലെന്ന പോലെ പേടി തീര്‍ന്ന് ചെവിയാട്ടി. എന്നും കഞ്ഞി വെള്ളത്തില്‍ കടലപ്പിണ്ണാക്കിട്ട് വിശപ്പകറ്റിക്കൊടുക്കുന്ന ആളോട് നന്ദിയില്‍ വിധേയത്വത്തിന്റെ ഭാഷയില്‍ പോത്ത് കണ്ണില്‍ വെള്ളം നിറച്ച് മിണ്ടാതിരിക്കുന്നു.

മനുഷ്യരാണ് അന്നം തരുന്ന കൈകളെ മറന്ന് കളയുക.

ആ സാധു അനുസരണയോടെ വന്ന് ആലയില്‍ നിന്നു.

ആരും ഉറങ്ങിയില്ല. പെരുന്നാള്‍ നിസ്‌കാരം എട്ടരക്കാണ്.

കുളിച്ച് കോടിയിട്ട് റാബി കാല്‍വള കിലുക്കി മുറ്റത്തിറങ്ങിയ നേരം പാവാടയുടെ വള്ളി കെട്ടിയിട്ടില്ല. ഊര്‍ന്നിറങ്ങിയത് കണ്ട് നഫീസ കളിയാക്കി . അപ്പോള്‍ അവള്‍ കൈയിലെ മിനി ബാഗ് നിലത്തേക്കിട്ട്
ഭൂമിക്ക് ഒരു ചവിട്ട് കൊടുത്തു .

എന്തേയ് ?

കുന്തം.

ഞാന്‍ അവള്‍ക്ക് വാങ്ങിയ നാരങ്ങ മിട്ടായി കൈയില്‍ വെച്ച് കൊടുത്തപ്പോള്‍ പ്രഭാത കിരണങ്ങളില്‍ അവളുടെ ചെറുചിരി അലിഞ്ഞ് ആകാശം വെളുത്തു.

നിസ്‌കാരം കഴിഞ്ഞു.

വിശ്വാസികള്‍ പരസ്പരം കെട്ടിപ്പുണര്‍ന്നും കൈകൊടുത്തും സൗഹൃദം ബലപ്പെടുത്തി, റോഡിലേക്ക് ഇറങ്ങിയപ്പോള്‍ മുമ്പില്‍ നാരായണന്‍.

നാരാണേട്ടാ ഈദ് മുബാറക്ക്…

നാരാണേട്ടന്‍ ചിരിച്ച് കൊണ്ട് പ്രത്യഭിവാദ്യം ചെയ്തു. ഈദ് മുബാറക്ക്… രണ്ടാളും ആലിംഗനത്തിലമര്‍ന്നു.
പിന്നെ സുധാകരന്‍, കണ്ണേട്ടന്‍ …. എല്ലാവര്‍ക്കും കൈ കൊടുത്ത് വേഗം വീടണഞ്ഞു .

ഉമ്മാന്റെ പിടിപ്പായസം റെഡി. ഉമ്മാക്ക് ഒരുമ്മ കൊടുത്തു. ഉമ്മാന്റെ കാലിനടിയിലെ സ്വര്‍ഗ്ഗത്തിന്റെ പരിമളം ഇളം കാറ്റില്‍ വിശറിയായി എന്നെ തഴുകി കടന്ന് പോയി. ഉമ്മാക്ക് ഇഷ്ടം ജന്നത്തുല്‍ ഫിര്‍ദൗസാണ്.
ഉപ്പ മറക്കാതെ എല്ലാ പെരുന്നാള്‍ക്കും വാങ്ങിയിരിക്കും .

ഉപ്പ വന്നു.

ഉപ്പാ…

ഉപ്പാക്ക് കോടിയില്ലേ ?
ഉപ്പ തലയില്‍ കെട്ടിയ ഷാള്‍ കാണിച്ച് കൊണ്ട് പറഞ്ഞു… ദാ …കോടി.

നോക്കിയപ്പോള്‍ ഉപ്പാക്ക് പുത്തനായിട്ട് അതേ ഉള്ളൂ.

ഉപ്പ എന്ന സ്വര്‍ഗ്ഗവാതിലിലൂടെ ഞാന്‍ അകത്ത് കയറി ഉപ്പാനെ മുത്തി മണത്തു. ഉപ്പ കണ്ണ് തുടച്ചു. കണ്ണ് നനഞ്ഞത് ഉപ്പാക്ക് പുത്തനുടുപ്പ് ഇടാന്‍ കഴിയാത്ത ചിന്ത കൊണ്ടല്ല. എനിക്കൊരു വാച്ച് വാങ്ങിത്തരാന്‍ ഒക്കാത്തത് കൊണ്ടാണ്.

അടുത്ത പെരുന്നാളിന് വാങ്ങിത്തരാം ട്ടോ…

എനിക്കറിയാം ഒമ്പത് മക്കളെ പോറ്റാനുള്ള ഉപ്പാന്റെ ഓട്ടം. ഞാന്‍ അത്തറിന്റെ ഡെബ്ബി തുറന്ന് പഞ്ഞിയില്‍ അല്പം ഒപ്പിയെടുത്ത് ഉപ്പാന്റെ പഴയ കുപ്പായത്തില്‍ പുരട്ടിക്കൊടുക്കുമ്പോള്‍ നിറഞ്ഞത് എന്റെ കണ്ണാണ്.
ഉപ്പ അപ്പോഴും ഇതൊക്കെ എല്ലാ ഉപ്പമാര്‍ക്കും പറഞ്ഞിട്ടുള്ള സംഗതിയാണെന്ന മട്ടില്‍ ഉമ്മ കൊടുത്ത പായസമധുരം നുണയുകയായിരുന്നു .

ഉമ്മ എന്നെ വിളിച്ചു.

എന്താ ഉമ്മാ.

ഉമ്മാന്റെ കൈയില്‍ രണ്ട് കെട്ട് പൊതിയുണ്ട്. എന്നോട് പറഞ്ഞു.

ഒന്ന് കല്യാണിക്ക്. മറ്റേത് ദിനേശന്. ഓര് എല്ലാ ഓണത്തിനും വിഷുവിനും ഞമ്മക്ക് തരുന്നതാ….

ഞാന്‍ വേഗം ഉമ്മ ഏല്പിച്ച ബിരിയാണി പൊതിയുമായി മുറ്റം കടന്ന് അയലത്തെ വീട്ടിലെത്തി.

ദിനേശാ അമ്മ ഇല്ലേ ഇവിടെ ?

അമ്മേ …

അന്നേരം നിഷ്‌കളങ്കമായ ഒരു കാലത്തിന്റെ ഇമ്പമാര്‍ന്ന ഒരു മാപ്പിളപ്പാട്ട് എന്റെ ചെവിയില്‍ ഒഴുകിയെത്തി ….

ബിരിയാണി വെക്കലല്ല പെരുന്നാള്…. ആകാശവാണി പെരുന്നാള്‍ സ്‌പെഷ്യല്‍ പരിപാടിയാണ് ഞാനിപ്പോള്‍ കേട്ടത്. അതെ. വെറും ബിരിയാണി വെക്കലല്ല പെരുന്നാള്. മനുഷ്യ ഹൃദയങ്ങളുടെ വികാസപ്പെരുമ കൂടിയാവണം പെരുന്നാള്.

വേഗം ഞാന്‍ അടുത്ത വീട്ടിലേക്ക് നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *