- കെട്ടിനാട്ടി കൃഷിരീതി അവതരണം നടത്താന്‍ രാഷ്ട്രപതി ഭവനിലേക്ക് പ്രത്യേക ക്ഷണം
വയനാട് അമ്പലവയല്‍ സ്വദേശിയും കര്‍ഷകനുമായ അജി തോമസിന്റെ കെട്ടിനാട്ടി കൃഷിരീതിക്ക് പ്രത്യേക അംഗീകാരം. ഫെസ്റ്റിവല്‍ ഓഫ് ഇന്നവേഷന്‍സ്ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് (FINE) മേളയില്‍ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം അവതരിപ്പിക്കുന്നതിനായി രാഷ്ട്രപതി ഭവനില്‍ നിന്നും പ്രത്യേക ക്ഷണം ലഭിച്ചു. ന്യൂഡല്‍ഹിയില്‍ ഏപ്രില്‍ 10 മുതല്‍ 13 വരെയാണ് മേള നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അജി തോമസിന്റെ യാത്രാ ചെലവുകളുള്‍െപ്പടെയുള്ളവ കൃഷിവകുപ്പ് വഹിക്കുന്നതിനുള്ള ഉത്തരവ് ഇറങ്ങി.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിളവ് ലഭിക്കുന്ന നെല്‍കൃഷി രീതിയാണ് കെട്ടിനാട്ടി കൃഷി രീതി. വയനാട്ടിലെ നെന്‍മേനിയില്‍ നിന്നും ഈ കൃഷി രീതി കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള കര്‍ഷകര്‍ പരീക്ഷിച്ച് വിജയം കണ്ടെത്തുന്നുണ്ട്. മുളപ്പിച്ച നെല്‍ച്ചെടികള്‍ക്ക് നഴ്‌സറിയില്‍ ആവശ്യമായ മുഴുവന്‍ മൂലകങ്ങളെയും ജൈവ രീതിയില്‍ നല്‍കി പരിചരിച്ച് വയലിലേക്ക് നിക്ഷേപിക്കുവാന്‍ പരുവത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു സാങ്കേതികത്വമാണ് കെട്ടിനാട്ടിയിലേത്. പഞ്ചഗവ്യത്തില്‍ സമ്പുഷ്ടീകരിച്ച ജൈവ വളക്കൂട്ടില്‍ ഉണര്‍ത്തിയ നെല്‍വിത്തിനെ കളിക്കൂട്ടുമായി ചേര്‍ത്ത് ചുറ്റുണ്ടയാക്കി പാടത്ത് വിതറുകയോ നാട്ടുകയോ ചെയ്യുന്നതാണ് ഇതിന്റെ രീതി ശാസ്ത്രം. നെന്മേനി ചുറ്റുണ്ട ഞാറ്റടി എന്ന പേരില്‍ ഇത് പ്രചരിച്ച് വരുന്നു.
ഈ ഞാറ്റടി സമ്പ്രദായത്തിന് പരമ്പരാഗത രീതികളുമായുള്ള പ്രധാന വ്യത്യാസം നെല്ലിന് ഉണ്ടാവുന്ന സ്ട്രെസ്സ്പിരീഡ് ഇല്ലാതാക്കുന്നു എന്നതാണ്. അതോടൊപ്പം ഒരേക്കറിന് പരമാവധി വിത്തളവ്5 കിലോഗ്രാം മാത്രമാണ്. ഓരോ ചുവട് നെല്ലും സൂക്ഷ്മാണുക്കളുടെ കോളനി ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ മണ്ണ് സമ്പുഷ്ടീകരിക്കപ്പെടുന്നു. രാസവളങ്ങളെ ഒഴിവാക്കാം എന്നതിനാല്‍ പ്രകൃതി കൃഷിക്ക് പദ്ധതികളാവിഷ്‌കരിക്കുന്നതില്‍ ഈ കൃഷിരീതിഉള്‍പ്പെടുത്താവുന്നതുമാണ്. ഈ രീതിയില്‍ നെല്ലിന് നല്ല വിളവ് ലഭിക്കുന്നു എന്ന് മാത്രമല്ല കാലാവസ്ഥാ വ്യത്യാസങ്ങളെയും വരള്‍ച്ചയെയുംപ്രതിരോധിക്കുന്നതിനോടൊപ്പം ചെലവ് 80% വരെ കുറക്കുന്നതിനും ഈ രീതികൊണ്ട് സാധിക്കുന്നു എന്നതാണ് കാണാന്‍ കഴിയുന്നത്. 50 മുതല്‍ 60 നമ്പര്‍ വരെ ചിനപ്പുകള്‍ ഉണ്ടാകുന്നു എന്നതും, കൂടുതല്‍ ധാന്യം ഒരു ചെടിയില്‍ നിന്നും ലഭിക്കുന്നു എന്നതും പ്രത്യേകതയാണ്. നാടന്‍ നെല്ലിനങ്ങള്‍ക്ക് പോലും ഒരു ഹെക്ടറില്‍ നിന്നും 5.5 ടണ്‍ ഉല്‍പ്പാദനക്ഷമതയും ഈ രീതി വഴി ഉണ്ടാകുന്നുണ്ട്.
ഒരു സാധാരണ കുടുംബത്തിന് വീട്ടുമുറ്റത്ത് നിന്ന് ചെയ്‌തെടുക്കാവുന്ന ലളിതമായ പ്രവര്‍ത്തന തത്വമാണ് കെട്ടിനാട്ടിക്കുള്ളത്. എന്നാല്‍ ഒരു പൊതു കേന്ദ്രത്തില്‍ നിന്നും കര്‍ക്കശമായ ഗുണ നിലവാര വ്യവസ്ഥകളോടെ ഞാറ്റടി ഉല്‍പ്പാദിപ്പിച്ചെടുക്കുന്നതാവും പ്രാദേശികമായും സൗകര്യപ്രദം. ഈ രീതി വികസിപ്പിച്ചതും രൂപം നല്‍കിയതും അജി തോമസാണ്. കേരളത്തില്‍ നിന്നും ക്ഷണം ലഭിച്ച അഞ്ച് കര്‍ഷകരില്‍ നെല്‍കൃഷിയിലെ കണ്ടുപിടിത്തത്തിന് അംഗീകാരം ലഭിച്ചിട്ടുള്ളത് അജി തോമസിന് മാത്രമാണ്. 2017ല്‍ നടന്ന KSCSTE യുടെ റൂറല്‍ ഇന്നോവേറ്റര്‍സ് മീറ്റില്‍ ഈ കൃഷിരീതി അവതരിപ്പിച്ച് അജി തോമസിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്.