ലോകം 6ജിയിലേക്ക് കടന്നുവരുമ്പോള്‍

ലോകം 6ജിയിലേക്ക് കടന്നുവരുമ്പോള്‍

ടി.ഷാഹുല്‍ ഹമീദ്

2022 ഒക്ടോബറില്‍ നിലവില്‍ വന്ന 5ജി നെറ്റ്വര്‍ക്ക് സംവിധാനം രാജ്യത്ത് വ്യാപിക്കുന്ന സമയത്ത് തന്നെ 6 ജി ടെലികോം സേവനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ദര്‍ശനരേഖ പുറത്തിറക്കിയത് മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള അകലം കുറക്കുവാനും തടസ്സമില്ലാത്ത ടെലികോം ഇടപെടലിന് സാധ്യമാക്കുന്നതുമാണ്. 5ജിയെക്കാള്‍ നൂറുമടങ്ങ് വേഗതയില്‍ 6ജി സേവനം ലഭ്യമാകും എന്നാണ് ദര്‍ശന രേഖയില്‍ വ്യക്തമാക്കുന്നത് , ഇത് വ്യവസായ വിപ്ലവത്തിലെ ഏറ്റവും മേന്മയെറിയ കാലഘട്ടമായി മാറും. ഓരോ നൂറ്റാണ്ട് കഴിയുംതോറും ജനങ്ങള്‍ പുതിയ സാങ്കേതികവിദ്യയിലേക്ക് ചേക്കേറുകയും സാങ്കേതികവിദ്യ ജനങ്ങളുടെ ജീവിത നിലവാരത്തെ മാറ്റിമറിക്കുകയും ഓരോ പുതിയ തലമുറയും പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കുവാന്‍ മത്സരിക്കുകയും ചെയ്യുന്ന സമയത്താണ് 6ജി നെറ്റ്വര്‍ക്ക് കടന്നു വരാന്‍ പോകുന്നത്.

ഇന്ത്യയില്‍ 100 കോടിയിലധികം ജനങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു ഇതില്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി കൂടി വരുന്നു. വെറുതെ ഉപയോഗിക്കുന്നതിനപ്പുറം സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുവാന്‍ ഉതകുന്ന സര്‍വ്വതല ജീവിത സ്പര്‍ശിയായ സംവിധാനമാകും 6ജി എന്ന് ദര്‍ശനരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുദ്ധിയുള്ള തൊഴിലിടം ഉണ്ടാകും , സെന്‍സറുകള്‍ വ്യാപാകമാകും , ഉയര്‍ന്ന ഊര്‍ജ്ജ ഉപയോഗം കുറക്കുവാനും കാര്‍ബണ്‍ ബഹിര്‍ഗമനം നിലവിലുള്ളതില്‍ നിന്നും കുറയുവാനും, മനുഷ്യനും യന്ത്രവും തമ്മിലുള്ള അകലം കുറക്കുവാനും 6ജിയിലൂടെ സാധിക്കുന്നതാണ്. സ്ഥലങ്ങളുടെ ദൂരം കുറഞ് ലോകം കൈപ്പിടിയില്‍ ഒതുങ്ങുന്നതിന്റെ വേഗത അമ്പരപ്പിക്കുന്ന രീതിയില്‍ വര്‍ദ്ധിപ്പിക്കുന്നതാണ് , സേവനങ്ങളുടെ സ്ഥാപനവല്‍ക്കരണം ഇല്ലാതാക്കുന്നതിനും റോബോട്ടുകള്‍ വ്യാപരിക്കുന്നതിനും ഡ്രോണുകള്‍ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിനും ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ സുലഭമാക്കുന്നതിനും ആരോഗ്യരംഗത്ത് ശരീരത്തില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ രോഗം നിര്‍ണയം നടത്തുന്നതിനും ചിപ്പുകളുടെ മായാലോകം സൃഷ്ഠിക്കപ്പെടുന്നതിനും 6ജി കാരണമാകുന്നതാണ്.

വെര്‍ച്യുല്‍ റിയാലിറ്റി, ഓഗ്‌മെന്റ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യ ഉപയോഗിച്ച് ശാരീരികമായി എത്തിപ്പിടിക്കാനാകാത്ത സ്ഥലങ്ങളില്‍ മനുഷ്യര്‍ എത്തുന്നതിനും ലോകം വിപുലമാകുന്നതിനും സാധാരണക്കാര്‍ക്ക് പരിചിത മാകുന്നതിനു 6ജി വഴിത്തെളിക്കും. സെക്കന്‍ഡില്‍ 100 എംബി വരെ ഇന്റര്‍നെറ്റ് 6ജി നെറ്റ് വര്‍ക്ക് വരുന്നതോടെ ലഭ്യമാകും. ദൂരെ നിന്ന് നിയന്ത്രിക്കുന്ന എ.ടി.എമ്മുകളും റോബോട്ടുകള്‍ നിയന്ത്രിക്കുന്ന ആരോഗ്യരംഗവും ഇ-കൊമേഴ്‌സിന്റെ പുതിയ തലവും 6ജിയിലൂടെ യാഥാര്‍ഥ്യമാകും. എവിടെ നിന്ന് ഏത് സമയത്തും തടസ്സമില്ലാത്ത ആശയവിനിമയ സൗകര്യം 6ജി ഉറപ്പുവരുത്തുന്നു, രാജ്യത്തെ മുഴുവന്‍ ആശുപത്രികളേയും പരസ്പരം ബന്ധിപ്പിക്കുന്ന ഡോക്ടര്‍മാരുടേയും ആരോഗ്യ വിദഗ്ധന്മാരുടേയും സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന ദേശീയ ആരോഗ്യ ശൃംഖല 6ജി വിഭാവനം ചെയ്യുന്നു.

റിമോട്ട് നിയന്ത്രിത ഫാക്ടറികള്‍ മനുഷ്യ ശരീരത്തില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന ഉപകരണങ്ങള്‍ , രേഖകള്‍ ഇല്ലാത്ത ആളുകളെ തിരിച്ചറിയുന്ന യന്ത്ര സംവിധാനങ്ങള്‍ ഇതെലാം 6ജിയിലൂടെ സാര്‍വത്രികമാകും. ജീവിതത്തിന്റെ സമസ്ത മേഖലയിലും 6ജി സ്വാധീനം ചെലുത്തുമെന്ന് വ്യക്തമാക്കപ്പെട്ട് കഴിഞ്ഞു.
4ജിയില്‍ ഒരു ലക്ഷം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ ഘടിപ്പിക്കാന്‍ കഴിയുമെങ്കില്‍ 5ജിയില്‍ അത് 10 ലക്ഷവും 6ജിയില്‍ അത് 10ദശലക്ഷവും ആണ്. ഉയര്‍ന്ന സുരക്ഷ, വ്യക്തിപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള ചടുലത , 5ജിയില്‍ ലഭിക്കാത്ത സ്വപ്‌നതുല്യമായ വേഗത , സെന്‍സര്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനം, പുതുമയുള്ളതും സ്വാധീനിക്കുവാന്‍ ഉതകുന്നതുമായ പുത്തന്‍ സാങ്കേതിക വിദ്യകള്‍, ഉപയോഗ ചെലവ് താരതമ്യേന കുറവ് , ഏത് സ്ഥലത്തും ലഭ്യമാകുന്ന ഉയര്‍ന്ന സമ്പര്‍ക്ക സാധ്യത, വീടിനകത്ത് നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ഉയര്‍ന്ന ഗുണനിലവാരം ഇതെല്ലാം 6ജിയുടെ പ്രത്യേകതയാണ്.

6ജിക്ക് വേണ്ടി 6 പ്രത്യേക കമ്മിറ്റി ഉണ്ടാക്കി മിഷന്‍ അപ്പക്‌സ് ബോഡി ഡയരക്ടറേറ്റ് ഉണ്ടാക്കുമെന്ന് ദര്‍ശന രേഖ പറയുന്നു. വിപുലമായ ഒരുക്കങ്ങളിലൂടെയാണ് രാജ്യത്ത് 6ജി പിറന്നുവീഴാന്‍ പോകുന്നത്. അത്യാധുനികമായ കൃത്യത , ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത , അതിനൂതനമായ ബുദ്ധിക്ഷമത ,സ്വപ്‌നതുല്യമായ സമ്പര്‍ക്കം താഴ്ന്ന ഊര്‍ജ ചെലവ് എന്നിവയിലൂടെ 6ജി കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതരത്തിലുള്ള സാധ്യതകളെ പരമാവധി ഉപയോഗിച്ചാണ് 6ജി വരിക. സര്‍വ്വവ്യാപിയായ ,സുസ്ഥിരമായ , ചെലവ് തങ്ങാന്‍ കഴിയുന്ന , ഗുണനിലവാരമുള്ളതും സാധ്യതയുള്ളതുമാകും എന്ന് കാഴ്ചപ്പാട് രേഖയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ടെലികോം മേഖലയുണ്ടായ മാറ്റങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 6ജി രാജ്യത്ത് കടന്നു വരിക.

30 കോടി ഇന്ത്യന്‍ കുടുംബങ്ങള്‍ 16 കോടി സ്മാര്‍ട്ട്‌ഫോണ്‍ ഒരുവര്‍ഷം വാങ്ങിക്കുന്നു. ഒരു കുടുംബം രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ. 5ജി സ്‌പെക്ട്രം വലിയ തുകയില്‍ വിറ്റുപോയത് പ്രതീക്ഷ നല്‍കുന്നു.
ഇന്ത്യയില്‍ 2030ല്‍ 6ജി യാഥാര്‍ഥ്യമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 4 ജി ഗെയിമിങ്ങിനും വിനോദത്തിനും കുതിച്ചുചാട്ടം ഉണ്ടാക്കിയെങ്കില്‍ 5ജി വേഗതയില്‍ വിപ്ലവം സൃഷ്ടിച്ചു , 6ജി അതിനേക്കാള്‍ മുകളില്‍ സാമൂഹ്യ പശ്ചാത്തല ഇടങ്ങളെ സാമ്പത്തിക അവസരങ്ങളുടെ ഇടമാക്കി മാറ്റുന്നതാണ്.
നിലവില്‍ ദക്ഷിണ കൊറിയ 1200 കോടി രൂപ മുതല്‍മുടക്കി ആറാംതലമുറ ടെലികോം നെറ്റിനെ സ്വീകരിക്കുന്നതിനുവേണ്ടി പ്രവര്‍ത്തനം ആരംഭിച്ചു ,2 028ല്‍ സൗത്ത് കൊറിയയില്‍ 6ജി ആരംഭിക്കുമെന്ന പ്രഖ്യാപനം വലിയ മത്സരമാണ് ഈ രംഗത്ത് ലോക രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയിട്ടുള്ളത്. യൂറോപ്യന്‍ യൂണിയന്‍ , ജപ്പാന്‍ , റഷ്യ , ചൈന എന്നീ രാജ്യങ്ങള്‍ 6ജിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

10 വര്‍ഷത്തെ ദീര്‍ഘകാല പരിപ്രേക്ഷ്യമാണ് ഇതിനായി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത് , നിലവിലുള്ള നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ച് , വേഗത ഒരു ടിബി ( ടെറാബൈറ്റ്‌സ്)ആക്കി സാമൂഹ്യ റേഡിയോ സാങ്കേതികവിദ്യ അമിതമായി ഉപയോഗിക്കുന്ന സംവിധാനം ഉപയോഗിച്ച് 2030നകം 100 എംബി നെറ്റ് എല്ലാ ജനങ്ങളിലും എത്തിച്ച് 6ജി കടന്ന് വരുമെന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളുടെ നെറ്റ് കണക്ടിവിറ്റി 500 ജിബി ആകും 90% വീടുകളിലും ഉയര്‍ന്ന വേഗതയിലുള്ള ബ്രോഡ്ബാന്‍ഡ് നെറ്റ് സൗകര്യം ഉണ്ടാക്കും , രാജ്യത്താകമാനം 50 ദശലക്ഷം പൊതു വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാക്കും. സ്‌പെക്ടര്‍ ബാന്‍ഡുകളെ ലൈസന്‍സില്‍ നിന്നും ഒഴിവാക്കും 25 ദശലക്ഷം ഇന്റര്‍നെറ്റ് യന്ത്രങ്ങള്‍ ജനങ്ങളുടെ ബുദ്ധിവികാസത്തിന് വേണ്ടി ഉണ്ടാക്കും, ദുരന്തനിവാരണം എളുപ്പമാക്കും. 6ജി വെറും വാര്‍ത്താവിനിമയത്തിന് മാത്രമല്ല, രാജ്യം നേരിടുന്ന കാതലായ പ്രശ്‌നങ്ങളായ ക്രമസമാധാനം, ആരോഗ്യരംഗം , വിജ്ഞാനാധിഷ്ഠിത സമ്പത്ത് വ്യവസ്ഥ ഉണ്ടാക്കാന്‍ ,ജീവിത നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തങ്ങള്‍ക്ക് , ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് (ഐ.ഒ.ടി )ഡിജിറ്റല്‍ സേവനങ്ങള്‍ ,സദ്ഭരണം , അതിര്‍ത്തി രക്ഷാ സംവിധാനം , സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ 6ജി വ്യാപരിക്കുമെന്ന് വ്യക്തമാക്കപ്പെട്ട് കഴിഞ്ഞു. നാലു തൂണുകളിലായി 6ജി സംവിധാനം ഒരുക്കുമെന്നാണ് വിശ്വസിക്കുന്നത്. ഒന്ന്-വിശ്വസിക്കാന്‍ കൊള്ളാവുന്നപ്രതലം, രണ്ട്-സുസ്ഥിരത, മൂന്ന്-തനിയെ പ്രവര്‍ത്തിക്കുന്നതും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍, നാല്-പരിധിയില്ലാത്ത സമ്പര്‍ക്കം.

രണ്ട് ഘട്ടമായാണ് ഇന്ത്യയില്‍ 6ജി പ്രവര്‍ത്തനമാരംഭിക്കുക. 2023 മുതല്‍ 25 വരെ പ്രാരംഭമായ ഒന്നാം ഘട്ടം ഉയര്‍ന്ന തലത്തില്‍ സംവിധാനം ഉണ്ടാക്കി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു , 2025-30നുള്ളില്‍ ഭാരത് 6ജി മിഷന്‍ ഉണ്ടാക്കി വ്യക്തമായ രീതിയിലുള്ള ഗവേഷണവും വികസനവും നടത്തി 6ജി യാഥാര്‍ഥ്യമാകും.
5ജി പൂര്‍ണമായും എല്ലാ ആളുകളിലും എത്തുന്നതിനുമുമ്പ് 6ജിയെ കുറിച്ച് ആലോചിക്കുന്നതിനെക്കുറിച്ച് രണ്ട് അഭിപ്രായം ഈ മേഖലയിലുള്ളവര്‍ പങ്കുവച്ചിട്ടുണ്ട്. ലോകത്ത് ഇതുവരെ 6ജി ഒരു രാജ്യത്തും ആരംഭിച്ചിട്ടില്ല , വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ലോക ലോകരാജ്യങ്ങള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ തന്നെ 6ജി വരവിനെ കുറിച്ചുള്ള ലോകത്തിന്റെ ആകാംക്ഷ വെളിവാക്കുന്നു. നിലവിലുള്ള ജോലികള്‍ അപ്രത്യക്ഷമാവുകയും പുതിയത് വളര്‍ന്നു വരികയും ചെയ്യും , സമര്‍ത്ഥമായ നിയന്ത്രണം 6 ജിയിലൂടെ യാഥാര്‍ത്ഥ്യമാകും.

6ജി സംബന്ധിച്ച് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഒക്ടോബര്‍ 18 മുതല്‍ 20 വരെ പാരീസില്‍ വച്ച് നടക്കാന്‍ പോവുകയാണ്. ഇവിടെവച്ചാണ് 6ജി യുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുക. നിലവില്‍ നോര്‍വേ , നെതര്‍ലാന്‍ഡ് , ഹംഗറി എന്നീ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് വേഗത വലിയ രീതിയില്‍ ലഭിക്കുന്നു. 5ജി യില്‍ ഭീമമായ തുക മുതല്‍ മുടക്കിയവര്‍ക്ക് തിരികെ ലഭിക്കാത്തത് 5ജി ബിസിനസ് മേഖല വളര്‍ന്നിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തമായി ചൂണ്ടികാണിക്കുന്നു. ലോകത്ത് ഏഴില്‍ ഒന്ന് ജനങ്ങള്‍ മാത്രമേ 5ജി ഉപയോഗിക്കുന്നുള്ളൂ ഈ ഘട്ടത്തിലാണ് 6ജിയുടെ പരീക്ഷണത്തിനും വികസനത്തിനു വേണ്ടി 625.3 ബില്യണ്‍ യു.എസ് ഡോളര്‍ ലോകത്ത് മുതല്‍മുടക്കാന്‍ വേണ്ടി പോകുന്നത്. ലോകം പുതിയ ലോകക്രമത്തിലേക്ക് മാറുവാന്‍ പര്യാപ്തമാകുമെന്ന് ഈ മേഖലയിലുള്ളവര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്ന 6ജി വരവ്, 5 ജിനെറ്റ്വര്‍ക്ക് പൂര്‍ണമായും എല്ലാവരിലും എത്തിക്കുന്നതിന് മുമ്പ് എങ്ങനെ യാഥാര്‍ഥ്യമാകുമെന്ന് ആശങ്കപ്പെടുന്നു. 6ജി വന്നാല്‍ ഈ മേഖലയില്‍ അന്തരം ഉണ്ടാക്കുന്നതിന് സാധ്യതയുണ്ട് എന്നും വ്യക്തമാക്കപ്പെട്ട് കഴിഞ്ഞിതിനാല്‍ സമ്മിശ്രമായാണ് 6ജിയുടെ വരവിനെ ലോകം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *