കാലിഫോര്‍ണിയ: കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെമ്പാടും പല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കടലും കരയും ആകാശവുമെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണം പലതരം സൂക്ഷമജീവികളുടെ ആവാസവ്യവസ്ഥയായി മാറുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നിമിത്തം മാംസം നശിപ്പിക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തിലുള്ള അതീവ അപകടകാരിയായ ബാക്ടീരിയയുടെ തോത് വര്‍ധിപ്പിക്കുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിന് പങ്കുണ്ടെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
സാധാരണയായി സബ്‌ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന മനുഷ്യമാംസം കാര്‍ന്നുതിന്നുന്ന ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ. കുറഞ്ഞ ലവണാംശമോ ഉപ്പിന്റെ അംശമോ ഉള്ള ചെറുചൂടുള്ള വെള്ളത്തിലാണ് സാധാരണ ഗതിയില്‍ വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയെ കാണുന്നത്. ഇവ മനുഷ്യ ശരീരത്തിലെത്തിയാല്‍ പതിയെ ശരീരം കാര്‍ന്നുതിന്നുന്ന സ്വഭാവക്കാരാണ്. അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മാംസം കാര്‍ന്ന് തിന്നുന്ന ബാക്ടീരീയയുടെ ആക്രമണം ഏറ്റവുമധികം ഉണ്ടാവാനുള്ള സാധ്യതയെന്നും കടല്‍ വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരത്തിലെ ഏറ്റവും ചെറിയ പരിക്കിലൂടെ പോലും ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ അടുത്തിടെയായി മറ്റ്് മേഖലകളിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കാണപ്പെട്ടതോടെ നടത്തിയ പഠനങ്ങള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്. കടല്‍ തീരത്തോട് ചേര്‍ന്നുള്ളപ്രദേശങ്ങളിലെ ജലം ചൂട് പിടിക്കുന്നതിനേ തുടര്‍ന്നാണ് ബാക്ടീരിയയുടെ എണ്ണം കൂടുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജലത്തിന്റെ താപനില ഉയരുന്നത് ലവണാംശത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഇതാണ് ബാക്ടീരിയ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത്. കാലാവസ്ഥയില്‍ വലിയ രീതിയിലുണ്ടാവുന്ന മാറ്റവും ജനസംഖ്യാ വളര്‍ച്ചയും മലിനീകരണവും ഇതിന് കാരണമാണ്. നിലവില്‍ അമേരിക്കയില്‍ ഓരോ വര്‍ഷവും നൂറോളം സംഭവങ്ങളാണ് ഇങ്ങനെ ഉണ്ടാവുന്നത്. ഗള്‍ഫ് മേഖലകകളെ ഈ ബാക്ടീരിയ അണുബാധയുടെ ഹോട്ട് സ്‌പോട്ട് ആയാണ് വിലയിരുത്തുന്നത്.
1988നും 2018നും ഇടയിലുണ്ടായ അണുബാധയുടെ എണ്ണം പത്തില്‍ നിന്ന് 80 ആയി ഉയര്‍ന്നിട്ടുണ്ട്. 2081 മുതല്‍ 2100 കേസുകള്‍ വരെയുള്ളത് ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളില്‍ ഇരട്ടിയാവാനാണ് സാധ്യതയെന്നാണ് പഠനം വിശദമാക്കുന്നത്.