മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നൈജീരിയന്‍ സ്വദേശിക്കു വേണ്ടി എത്തിച്ച 9.97 കിലോഗ്രാം ഹെറോയിനുമായി എത്യോപ്യന്‍ സ്വദേശി പിടിയില്‍. പിടിച്ചെടുത്ത ഹെറോയിന് 70 കോടി രൂപ വിലവരും. മുംബൈയിലെ ഹോട്ടലില്‍ ലഹരി മരുന്ന് കൈപറ്റാന്‍ എത്തിയ നൈജീരിയക്കാരനും അറസ്റ്റിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെ കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്യോപ്യയില്‍ നിന്നുമെത്തിയ യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ 9.97 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയന്‍ സ്വദേശിക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് മനസിലായത്. തുടര്‍ന്ന് മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് നൈജീരിയന്‍ സ്വദേശിയെയും ഡി.ആര്‍.ഐ പിടികൂടുകയായിരുന്നു. നൈജീരിയന്‍ പൗരന്‍ താമസിച്ചിരുന്ന വീട്ടിലും ഡി.ആര്‍ ഐ പരിശോധന നടത്തി. ഇവിടെ നിന്നും കൊക്കെയിനും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.