ആലപ്പുഴ: സ്വര്‍ണ്ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് എച്ച്.യു.ഐ.ഡി. മുദ്രണം ചെയ്യാന്‍ അനുവദിച്ചിട്ടുള്ള സമയം അപര്യാപ്തമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര. 2023 ഏപ്രില്‍ മുതല്‍ വില്‍പന നടത്തുന്ന സ്വര്‍ണ്ണാഭരണങ്ങളില്‍ നിലവിലുണ്ടായിരുന്ന നാലക്ക ഹാള്‍മാര്‍ക്ക് മുദ്രണം പാടില്ലെന്നും പുതിയ ഹാര്‍മാര്‍ക്ക് ആറക്ക ആല്‍ഫാന്യമേറിക് നമ്പര്‍ എച്ച്.യു.ഐ.ഡി മുദ്രണം ചെയ്തു മാത്രമേ വില്‍പന നടത്താവു എന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഉത്തരവ് യുക്തിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
2000 ലാണ് രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് മുദ്രയായ ബി.ഐ.എസ് അവതരിപ്പിച്ചതെങ്കിലും നടപ്പിലാക്കിയത് 2021 ജൂണ്‍ 23 മുതലാണ്. അതും ഇന്ത്യയിലെ മൊത്തം ജില്ലകളായ 766 ല്‍ 256 ജില്ലകളില്‍ മാത്രം. ഭൂരിപക്ഷം ജില്ലകളിലും എച്ച്.യു.ഐ.ഡി. ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്ല. 339 ജില്ലകളില്‍ മാത്രമാണ് എച്ച്.യു.ഐ.ഡി. നിര്‍ബന്ധം. മറ്റ് ജില്ലകളില്‍ ഇത് നിര്‍ബന്ധമില്ല. അഞ്ച് ലക്ഷത്തിലധികം ജ്വല്ലറികളും അതിനനുസരിച്ച് ആഭരണ നിര്‍മ്മാതാക്കളും ഉണ്ടായിരുന്ന രാജ്യത്ത് അന്ന് ബി.ഐ.എസ് ഹോള്‍ മാര്‍ക്ക് മുദ്രണം കേവലം 65,000 ജ്വല്ലറികള്‍ക്ക് മാത്രമായിരുന്നു. കേവലം 940 ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളും. ഇപ്പോള്‍ ഒന്നര ലക്ഷത്തിലധികം (1.52) വ്യാപാരികള്‍ക്ക് മാത്രമേ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമുള്ളു. അവര്‍ക്ക് വേണ്ടി 1358 ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയതിന് ശേഷം, ബി.ഐ.എസ് ലോഗോ, സ്വര്‍ണത്തിന്റെ പരിശുദ്ധി, ജ്വല്ലറി ലോഗോ, ഹാള്‍മാര്‍ക്കിങ് സെന്ററിന്റെ ലോഗോ എന്നീ നാല് മുദ്രകളാണ് പതിച്ചിരുന്നത്. 2021 ജൂലായ് മുതല്‍ എച്ച്.യു.ഐ.ഡി. ആറക്ക ആല്‍ഫ ന്യൂമറിക് നമ്പരും, ബിസ് ലോഗോയും, പരിശുദ്ധിയും മാത്രമാണ് രേഖപ്പെടുത്തേണ്ടിരുന്നത്. ഈ രണ്ട് തരം മുദ്ര പതിച്ച ആഭരണങ്ങളും വില്‍പന നടത്തുന്നതില്‍ ഇതുവരെ തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍, ഏപ്രില്‍ ഒന്ന് മുതല്‍ നാല് മാര്‍ക്കുള്ള ആഭരണങ്ങള്‍ വില്‍ക്കാല്‍ പാടില്ല എന്നുള്ളത് വ്യാപാരികളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കും. കാരണം നേരത്തെ മുദ്രണം ചെയ്ത ആഭരണങ്ങള്‍ പകുതിയിലധികവും വ്യാപാരികളില്‍ സ്റ്റോക്കുണ്ട്. അത് മായ്ച്ച് കളഞ്ഞ് പുതിയത് മുദ്രണം ചെയ്യണമെങ്കില്‍ ആ ഭരണമൊന്നിന്ന് 45 രൂപയും ജി.എസ്.ടിയും നല്‍കണം. ഇത് വ്യാപാരികള്‍ക്ക് ദോഷവും ഹാള്‍മാര്‍ക്കിങ് സെന്ററുകള്‍ക്കു് മാത്രം ഗുണം ചെയ്യുന്നതുമാണ്. ഇതിന് വേണ്ടി ചിലവഴിക്കുന്ന തുക വ്യാപാരികള്‍ക്ക് നഷ്ടമാകും.
സ്റ്റോക്കിലുള്ള നാല് മുദ്രയുള്ള ആഭരണങ്ങള്‍ മുഴുവന്‍ വിറ്റ് തീരുന്നത് വരെ വില്‍പന നടത്താന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷക്കാലത്തെ സാവകാശം അനുവദിക്കുകയോ ചെയ്യലാണ് ഈ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ഹാള്‍മാര്‍ക്കിങ് വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ കടകള്‍ ലൈസന്‍സ് എടുത്തിട്ടുള്ളത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നതും കേരളത്തിലെ സ്വര്‍ണ വ്യാപാരികളെയാണ്. അധികൃതര്‍ ഈ വിഷയത്തില്‍ വ്യാപാരികള്‍ക്ക് സാവകാശം നല്‍കണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.